Latest NewsKeralaNews

സംസ്ഥാനത്തെ വില്ലേജ് ഓഫീസുകൾ ഏകീകൃത രൂപത്തിൽ സ്മാർട്ടാക്കും: മന്ത്രി കെ. രാജൻ

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ വില്ലേജ് ഓഫീസുകളും ഏകീകൃത രൂപത്തിൽ സ്മാർട്ട് ഓഫീസുകളാക്കുമെന്നു റവന്യൂ മന്ത്രി കെ. രാജൻ. ജനത്തിരക്കില്ലാത്തതും പരമാവധി സേവനങ്ങൾ വീട്ടിലിരുന്നു തന്നെ ഇ-സേവനങ്ങളായി ലഭ്യമാക്കാൻ കഴിയുന്നതുമായ സൗകര്യങ്ങളാകും ഈ വില്ലേജ് ഓഫീസുകളിൽ ഒരുക്കുകയെന്നും അദ്ദേഹം പറഞ്ഞു. റവന്യൂ വകുപ്പിന്റെ വിഷൻ ആൻഡ് മിഷൻ പരിപാടിയുടെ ഭാഗമായി തിരുവനന്തപുരം ജില്ലയിലെ എം.എൽ.എമാരുമായി നടത്തിയ കൂടിക്കാഴ്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Read Also: തിരഞ്ഞെടുപ്പുകാലം മുതല്‍ ഒരുമിച്ച്‌ താമസം, വിവാഹിതരാകാന്‍ തീരുമാനിച്ചു: അനന്യയുടെ മരണം താങ്ങാനായില്ല

‘വില്ലേജ് ഓഫീസുകളുടെ മുഖച്ഛായ മാറ്റുന്നതിനുള്ള വിശദ പദ്ധതി റവന്യൂ വകുപ്പ് തയാറാക്കുകയാണെന്നു മന്ത്രി ചൂണ്ടിക്കാട്ടി. വില്ലേജ് ഓഫീസുകളിൽ പൊതുവായുണ്ടാകേണ്ട അടിസ്ഥാന സൗകര്യങ്ങൾ എല്ലായിടത്തും സജ്ജമാക്കും. വില്ലേജ് ഓഫീസറുടെ മുറി, റെക്കോഡ് റൂം, മറ്റു ജീവനക്കാരുടെ സൗകര്യങ്ങൾ തുടങ്ങിയവയ്ക്ക് ഏകീകൃത രൂപം തയാറായിവരികയാണ്. വില്ലേജ് ഓഫീസുകൾക്ക് ഏകീകൃത നിറം നൽകുന്നതിനും ഉദ്ദേശിക്കുന്നുണ്ട്. ഇനിമുതൽ നിർമിക്കുന്ന എല്ലാ വില്ലേജ് ഓഫിസുകളും ഈ മാതൃകയിലാകും പൂർത്തിയാക്കുകയെന്നും’ മന്ത്രി വ്യക്തമാക്കി.

‘സംസ്ഥാനത്തെ 175 വില്ലേജ് ഓഫീസുകൾ ഉടൻ നവീകരിക്കുന്നതു സംബന്ധിച്ചു പൊതുമരാമത്ത് വകുപ്പുമായും സംസ്ഥാന നിർമിതി കേന്ദ്രവുമായും സംസാരിച്ചിട്ടുണ്ട്. അറ്റകുറ്റപ്പണി നടത്തേണ്ടവ സമയബന്ധിതമായി പൂർത്തിയാക്കും. തിരുവനന്തപുരം ജില്ലയിൽ 15 സ്മാർട്ട് വില്ലേജ് ഓഫീസുകളാണുള്ളത്. 49 എണ്ണത്തിന്റെ നിർമാണം ഉടൻ ആരംഭിക്കാനിരിക്കുകയാണ്. 38 എണ്ണം അറ്റകുറ്റപ്പണി നടത്തി സ്മാർട്ട് ഓഫിസുകളാക്കി മാറ്റാനാകും. 19 ഇടത്തു പുതിയ കെട്ടിടം നിർമിക്കേണ്ടതുണ്ടെന്നും’ മന്ത്രി ചൂണ്ടിക്കാട്ടി. വില്ലേജ് ഓഫീസുകൾക്കു സ്ഥലലഭ്യത ഉറപ്പാക്കുന്നതിനും എം.എൽ.എ ഫണ്ടും ജനങ്ങളുടെ സഹകരണവും ഉറപ്പാക്കി നിർമാണം വേഗത്തിൽ പൂർത്തിയാക്കുന്നതിനും എം.എൽ.എമാർ പ്രത്യേക ശ്രദ്ധവയ്ക്കണമെന്നു മന്ത്രി പറഞ്ഞു. ചാത്തന്നൂർ മണ്ഡലത്തിൽ വില്ലേജ് ഓഫീസുകൾ സ്മാർട്ട് ഓഫീസുകളാക്കി നവീകരിച്ച രീതി ഇക്കാര്യത്തിൽ മാതൃകയാക്കാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also: കോഴിക്കോട്ടെ സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ചിന് പിന്നിലുള്ള ആളെ കണ്ടെത്തി പൊലീസ് , കേരളത്തില്‍ വ്യാപക അന്വേഷണം

ജില്ലയിൽ റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങൾ എം.എൽ.എമാർ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. വില്ലേജ് ഓഫീസ് നവീകരണം അടക്കമുള്ള കാര്യങ്ങളിൽ പൂർണ പിന്തുണയും എം.എൽ.എമാർ വാഗ്ദാനം ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button