KeralaLatest NewsIndia

വികസനത്തിനായി ആരാധനാലയങ്ങൾ പൊളിച്ചാൽ ദൈവം പൊറുക്കും -ഹൈക്കോടതി

ഈ ഉത്തരവിട്ട ജഡ്ജിയെയും പരാതി നല്‍കിയ ഹര്‍ജിക്കാരനെയും നടപ്പാക്കിയ സര്‍ക്കാരിനെയും ദൈവം സംരക്ഷിച്ചുകൊള്ളുമെന്നും ഉത്തരവില്‍ പറയുന്നു.

കൊച്ചി:  ആരാധനാലയങ്ങളെ ഒഴിവാക്കാന്‍ ദേശീയപാത ‌വികസനത്തിന്‍റെ അലൈന്‍മെന്‍റ് മാറ്റേണ്ടതില്ലെന്ന് ഹൈക്കോടതി. നിസാര കാര്യങ്ങളുടെ പേരില്‍ ദേശീയപാത സ്ഥലമേറ്റെടുപ്പില്‍ ഇടപെടില്ലെന്നും കോടതി വ്യക്തമാക്കി. കൊല്ലം ഉമയനെല്ലൂരിലെ ദേശീയപാത അലൈന്‍മെന്‍റ് ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജികള്‍ തള്ളിക്കൊണ്ടാണ് ഹൈക്കോടതിയുടെ ഉത്തരവ്.

‘മണ്ണിലും വിണ്ണിലും തൂണിലും തുരുമ്പിലും ദൈവമിരിക്കുന്നു, അവൻ കരുണാമയനായ് കാവൽവിളക്കായ് കരളിലിരിക്കുന്നു’ എന്ന ശ്രീകുമാരൻ തന്പിയുടെ പാട്ടിൽനിന്നുള്ള ഭാഗങ്ങൾ വിധിന്യായത്തിൽ ഉൾപ്പെടുത്തിയാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ ഇങ്ങനെ അഭിപ്രായപ്പെട്ടത്. വികസന പദ്ധതിയുടെ ഭാഗമായി ആരാധനാലയങ്ങള്‍ ഏറ്റെടുക്കേണ്ടി വന്നാല്‍ ദൈവം പൊറുത്തോളും. ഈ ഉത്തരവിട്ട ജഡ്ജിയെയും പരാതി നല്‍കിയ ഹര്‍ജിക്കാരനെയും നടപ്പാക്കിയ സര്‍ക്കാരിനെയും ദൈവം സംരക്ഷിച്ചുകൊള്ളുമെന്നും ഉത്തരവില്‍ പറയുന്നു.

അനാവശ്യവും നിസാരവുമായ കാര്യങ്ങളുടെ പേരിൽ ദേശീയപാത സ്ഥലമേറ്റെടുപ്പില്‍ ഇടപെടില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.കൊല്ലം ഉമയനെല്ലൂർ സ്വദേശികളായ ബാലകൃഷ്ണപിള്ള, എം. ലളിതകുമാരി, എം. ശ്രീലത തുടങ്ങിയവരാണ് ദേശീയപാതയ്ക്കായി ഭൂമി ഏറ്റെടുക്കുന്നതിനെതിരേ കോടതിയെ സമീപിച്ചത്.നിലവിലെ അലൈൻമെന്റ് പ്രകാരം ഭൂമിയേറ്റെടുത്താൽ രണ്ടുപള്ളികളും രണ്ടുക്ഷേത്രങ്ങളുമടക്കം നഷ്ടമാകുമെന്ന ആരോപണമാണ് ഹർജിക്കാർ ഉന്നയിച്ചത്.വളവ്, പള്ളി, ക്ഷേത്രം, സ്കൂൾ എന്നിവയുടെ പേരിൽ ഇടപെട്ടാൽ ദേശീയപാതയ്ക്ക് സ്ഥലം ഏറ്റെടുക്കൽ പൂർത്തിയാക്കാനാകില്ലെന്നു കോടതി അഭിപ്രായപ്പെട്ടു.

ആവശ്യത്തിന് വീതിയുള്ള നേർരേഖയിലുള്ള ദേശീയപാത അനിവാര്യമാണ്. രാജ്യത്തിന്റെ വികസനത്തിനുവേണ്ടി ചെറിയ ബുദ്ധിമുട്ടുകൾ ജനങ്ങൾ അവഗണിക്കണം. 2013-ലെ ഭൂമിയേറ്റെടുക്കൽ നഷ്ടപരിഹാരനിയമം അടക്കമുള്ളവ ഭൂമിനഷ്ടപ്പെടുന്നവരുടെ അവകാശങ്ങൾ ഒരുപരിധിവരെ സംരക്ഷിക്കുന്നുണ്ടെന്നും കോടതി വിലയിരുത്തി.

സംസ്ഥാനസർക്കാരിന്റെ നിർദേശം മറികടന്നാണ് ദേശീയപാതാ അതോറിറ്റി ഭൂമിയേറ്റെടുക്കലുമായി മുന്നോട്ടുപോകുന്നതെന്നും ഹർജിക്കാർ ആരോപിച്ചിരുന്നു. എന്നാൽ, ദേശീയപാതാ വികസനവുമായി ബന്ധപ്പെട്ട തീരുമാനമെടുക്കേണ്ടത് ദേശീയപാതാ അതോറിറ്റിയാണെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിട്ടുള്ളത് കോടതി എടുത്തുപറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button