കാബൂള്‍: യുദ്ധമുഖത്ത് അഫ്‌ഗാനിസ്ഥാനെ സഹായിക്കാന്‍ അമേരിക്കന്‍ പോര്‍വിമാനങ്ങള്‍. അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ആധിപത്യം തിരിച്ചു പിടിച്ചെന്നും ഏകദേശം 400നു മേലെ പ്രവിശ്യകളില്‍ താലിബാന്‍ തീവ്രവാദികള്‍ക്ക് മേല്‍ക്കൈയുണ്ടെന്നും കഴിഞ്ഞ ദിവസം അമേരിക്കൻ ഉദ്യോഗസ്ഥർ പറഞ്ഞിരുന്നു. ഇതിനെത്തുടർന്നാണ് അഫ്‌ഗാനിസ്ഥാന്‍ സേനയെ സഹായിക്കുന്നതിനു വേണ്ടി താലിബാന്‍ മേഖലകളില്‍ അമേരിക്കന്‍ പോര്‍വിമാനങ്ങള്‍ ആക്രമണം നടത്തിയതായി പെന്റഗണ്‍ അറിയിച്ചത്.
കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ അമേരിക്ക ഏഴോളം ആക്രമണങ്ങള്‍ താലിബാന്‍ മേഖലയില്‍ നടത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ആക്രമണങ്ങളെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ നല്‍കാന്‍ പെന്റഗണ്‍ പ്രസ് സെക്രട്ടറി ജോണ്‍ കിര്‍ബി തയ്യാറായിട്ടില്ല. അഫ്ഗാന്‍ വ്യോമസേനയെ സഹായിക്കുന്നതിനു വേണ്ടി കഴിഞ്ഞ ഏതാനും ദിവസങ്ങളില്‍ അമേരിക്കയുടെ വ്യോമസേന താലിബാന്‍ മേഖലകളില്‍ ആക്രമണം നടത്തിയെന്നും ഇനിയും ഇത് തുടരുമെന്നും കിര്‍ബി പറഞ്ഞു.
ഡ്രോണുകൾ ഉപയോഗിച്ചാണ് അമേരിക്കയുടെ മിക്ക ആക്രമണങ്ങളും നടന്നിട്ടുള്ളത്. അഫ്ഗാനിൽ കഴിഞ്ഞ ഏതാനും ദിവസങ്ങളായി കനത്ത മുന്നേറ്റമാണ് താലിബാന്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ഇവര്‍ക്ക് പാക്കിസ്ഥാന്റെ സഹായവും ലഭിക്കുന്നുണ്ടെന്ന് ആരോപണമുണ്ട്. അമേരിക്കയുടെ സഹായം അഫ്ഗാനെ യുദ്ധമുഖത്ത് പിടിച്ചു നിൽക്കാൻ സഹായിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
Post Your Comments