Latest NewsFootballNewsSports

ടോക്കിയോ ഒളിമ്പിക്സ് 2021: കോപ ചാമ്പ്യന്മാർക്ക് ഞെട്ടിക്കുന്ന തോൽവി

ടോക്കിയോ: കോപ്പ അമേരിക്ക കിരീടനേട്ടത്തിന്റെ ആവേശമടങ്ങും മുൻപേ ടോക്കിയോ ഒളിമ്പിക്സ് ഫുട്ബോളിൽ അർജന്റീനയ്ക്ക് ഞെട്ടിക്കുന്ന തോൽവി.‌ ഗ്രൂപ്പ് സിയിലെ ആവേശപ്പോരാട്ടത്തിൽ ഓസ്ട്രേലിയയാണ് അർജന്റീനയെ അട്ടിമറിച്ചത്. ഏകപക്ഷീയമായ രണ്ടു ഗോളുകൾക്കാണ് ഓസ്ട്രേലിയയുടെ വിജയം. മത്സരത്തിന്റെ ഇരുപകുതികളിലും ഓരോ ഗോളടിച്ചാണ് ഓസ്ട്രേലിയ അട്ടിമറി വിജയം നേടിയത്.

ഗ്രൂപ്പ് ഡിയിലെ മത്സരത്തിൽ ബ്രസീൽ ജർമനിയെ രണ്ടിനെതിരെ നാലു ഗോളുകൾക്ക് തോൽപ്പിച്ചു. കോപ അമേരിക്കയിൽ ബ്രസീൽ ടീമിലുണ്ടായിരുന്ന സ്ട്രൈക്കർ റിച്ചാർലിസന്റെ ഹാട്രിക്കാണ് ബ്രസീലിന് തകർപ്പൻ ജയം സമ്മാനിച്ചത്. അണ്ടർ 23 ടീമുകൾ മാറ്റുരയ്ക്കുന്ന ഒളിമ്പിക്സ് ഫുട്ബോളിൽ 23 വയസ്സിനു മുകളിലുള്ള മൂന്നു താരങ്ങളെ മാത്രമേ ഒരു ടീമിൽ അനുവദിക്കൂ.

മറ്റു മത്സരങ്ങളിൽ മെക്സിക്കോ ഫ്രാൻസിനെയും (4–1), ന്യൂസീലൻഡ് ദക്ഷിണ കൊറിയയെയും (1–0), ഐവറി കോസ്റ്റ് സൗദി അറേബ്യയെയും (2–1), ആതിഥേയരായ ജപ്പാൻ ദക്ഷിണാഫ്രിക്കയെയും (1–0), റുമാനിയ ഹോണ്ടുറാസിനെയും (1–0) തോൽപ്പിച്ചു. കരുത്തരായ സ്പെയിനെ ഈജിപ്ത് ഗോൾരഹിത സമനിലയിൽ തളച്ചു. ഇതോടെ ഗ്രൂപ്പ് സിയിൽ മൂന്നു പോയിന്റുമായി ഓസ്ട്രേലിയ മുന്നിലെത്തി. സമനിലയിൽ പിരിഞ്ഞ സ്പെയിനും ഈജിപ്തും ഓരോ പോയിന്റുമായി രണ്ടും മൂന്നും സ്ഥാനത്തുണ്ട്. അർജന്റീന നിലവിൽ നാലാം സ്ഥാനത്താണ്.

അർജന്റീനയ്‌ക്കെതിരെ 15–ാം മിനിറ്റിൽ ലാച്‌ലൻ വെയ്ൽസാണ് ഓസ്ട്രേലിയയുടെ ആദ്യ ഗോൾ നേടിയത്. രണ്ടാം പകുതിയിൽ പകരക്കാരനായി ഇറങ്ങിയ മാർക്കോ ടിലിയോ 80–ാം മിനിറ്റിൽ ഓസീസിന്റെ ലീഡ് വർധിപ്പിച്ചു. ഗ്രൂപ്പ് ഡി പോരാട്ടത്തിൽ ആദ്യ പകുതിയിൽ റിച്ചാർലിസൻ നേടിയ ഹാട്രിക്കാണ് ജർമനിക്കെതിരെ ബ്രസീലിന് കരുത്തായത്. ആദ്യ പകുതിയിലാണ് റിച്ചാർലിസൻ (7, 22, 30) ഹാട്രിക് ഗോൾ നേടിയത്. ആദ്യപകുതിയുടെ ഇൻജറി ടൈമിൽ ബ്രസീലിന് ലഭിച്ച പെനൽറ്റി മത്തേയൂസ് കുഞ്ഞ നഷ്ടമാക്കി.

Read Also:- വ്യായാമത്തിലൂടെ അല്‍ഷിമേഴ്‌സ് തടയാം

രണ്ടാം പകുതി ആരംഭിച്ച് അധികം വൈകാതെ രണ്ടാം മഞ്ഞക്കാർഡ് കണ്ട മാക്സ്‌മില്യൻ ആർണോൾഡ് പുറത്തുപോയിട്ടും രണ്ടു ഗോൾ തിരിച്ചടിക്കാൻ ജർമനിക്കായി. നദീം അമീറി (57), റാഗ്‌നർ അച്ചേ (84) എന്നിവരാണ് ജർമനിക്കായി ലക്ഷ്യം കണ്ടത്. എന്നാൽ, ഇൻജറി ടൈമിൽ പൗളീഞ്ഞോ കൂടി ലക്ഷ്യം കണ്ടതോടെ ബ്രസീൽ 4–2ന് വിജയമുറപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button