കാബൂള്‍ : അമേരിക്കന്‍ സൈന്യം പിന്മാറ്റം ആരംഭിച്ചതു മുതല്‍ ശക്തിയാജ്ജിച്ച താലിബാന്‍ ഭീകരവാദികള്‍ അഫ്ഗാന്റെ 85 ശതമാനവും തങ്ങളുടെ നിയന്ത്രണത്തിലായതായി അവകാശവാദമുന്നയിച്ചു. ബാക്കിയുള്ള 15 ശതമാനവും ഉടന്‍ തങ്ങളുടെ നിയന്ത്രണത്തിലാവും. അതേ സമയം പാകിസ്ഥാന്‍ രഹസ്യ ഏജന്‍സിയുടെ സഹായം തങ്ങള്‍ക്ക് ആവശ്യമില്ലെന്നും താലിബാന്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഇനി ഭരണത്തിലെത്തിയാല്‍ സ്ത്രീകള്‍ക്ക് ആവശ്യമായ അവകാശങ്ങള്‍ ഉറപ്പാക്കുമെന്നും സ്ത്രീകള്‍ താലിബാന്‍ ഭരണത്തെ ഭയപ്പെടുന്നു എന്നത് ശരിയല്ലെന്നും താലിബാന്‍ വക്താവ് അഭിപ്രായപ്പെടുന്നു. താലിബാന്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയെന്ന തരത്തില്‍ പ്രചരിക്കുന്ന പോസ്റ്ററുകള്‍ക്ക് പിന്നില്‍ ശത്രുക്കളാണ്, ഒരു പോസ്റ്ററും അഫ്ഗാനിസ്ഥാനില്‍ തങ്ങള്‍ പതിച്ചിട്ടില്ല. ഇന്ത്യന്‍ മാദ്ധ്യമ പ്രവര്‍ത്തകന്‍ ഡാനിഷ് സിദ്ദിഖിയുടെ മരണത്തില്‍ തങ്ങള്‍ക്ക് യാതൊരു പങ്കുമില്ലെന്ന് താലിബാനെ ഉദ്ധരിച്ചുകൊണ്ട് തീവ്ര ഇസ്ലാമിക ഗ്രൂപ്പിന്റെ വക്താവ് ദേശീയ മാദ്ധ്യമത്തിനോട് വെളിപ്പെടുത്തി.
അഫ്ഗാനിസ്ഥാനില്‍ ഇന്ത്യയുടെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ നശിപ്പിക്കുന്ന നയമല്ല തങ്ങളുടേതെന്നും, ഞങ്ങളെ അപകീര്‍ത്തിപ്പെടുത്തുന്നത് ശത്രുക്കളുടെ മറ്റൊരു തന്ത്രം മാത്രമാണതെന്നും താലിബാന്‍ വെളിപ്പെടുത്തുന്നു. ക്യാമ്പുകളും പോസ്റ്റുകളും പോലുള്ള ശത്രുക്കളുടെ അടിസ്ഥാന സൗകര്യങ്ങള്‍ മാത്രമാണ് താലിബാന്‍ ലക്ഷ്യമിടുന്നത്. സ്‌കൂളുകളെയും ആശുപത്രികളെയും നശിപ്പിക്കുവാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അവര്‍ വ്യക്തമാക്കുന്നു.
Post Your Comments