തൃശൂര്‍ : തൃശൂര്‍ ജില്ലയിലെ കരുവന്നൂര്‍ സഹകരണ ബാങ്കില്‍ 125 കോടിയിലേറെ രൂപയുടെ അഴിമതിയില്‍ പാര്‍ട്ടി നേതാക്കള്‍ക്കു പങ്കുണ്ടെന്ന് കണ്ടെത്തല്‍. ഇത് സംബന്ധിച്ച് സിപിഎം സമാന്തരമായി നടത്തിയ അന്വേഷണത്തിലാണ് കണ്ടെത്തല്‍. സംസ്ഥാനത്ത് സിപിഎം നയിക്കുന്ന ബാങ്കില്‍ നടന്ന ഏറ്റവും വലിയ അഴിമതിയാണിത്. 125 കോടിയെന്നതു പ്രാഥമിക നിഗമനമാണ്. ജില്ലാ സെക്രട്ടേറിയറ്റ് അംഗമായ പി.കെ. ഷാജനും മുന്‍ എംപി പി.കെ.ബിജുവാണ് അന്വേഷണം നടത്തിയത്.
ഇവരുടെ അന്വേഷണത്തിലെ കണ്ടെത്തലുകള്‍ ജില്ലാ കമ്മിറ്റിയെ അറിയിച്ചതോടെയാണു സഹകരണ വകുപ്പിനോടു ശക്തമായ നടപടിയെടുക്കാന്‍ പാര്‍ട്ടി നിര്‍ദേശിച്ചത്. എന്നാല്‍ 6 വര്‍ഷം മുന്‍പു ഇതേക്കുറിച്ചു വിവരം കിട്ടിയിട്ടും പാര്‍ട്ടി ഇരിങ്ങാലക്കുട ഏരിയ കമ്മിറ്റി ഇക്കാര്യം എന്തു കൊണ്ടു ജില്ലാ കമ്മിറ്റിയെ അറിയിച്ചില്ലെന്ന കാര്യം വ്യക്തമല്ല. ഭൂമി നഷ്ടപ്പെടുമെന്ന അവസ്ഥയില്‍ ഒരു പാര്‍ട്ടി അംഗം നല്‍കിയ പരാതിയെത്തുടര്‍ന്നാണു ജില്ലാ കമ്മിറ്റി അന്വേഷിച്ചത്.
ഇതോടെ ബാങ്കുമായി ബന്ധപ്പെട്ട നാലു നേതാക്കള്‍ക്കെതിരെ നടപടിയെടുക്കാന്‍ പാര്‍ട്ടി ആലോചിക്കുന്നുണ്ട്. പല വായ്പകളിലും സിപിഎം പ്രാദേശിക നേതാക്കള്‍ നേരിട്ടാണ് ഇടപെട്ടിട്ടുള്ളത്. മുന്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗത്തിനും ഭാര്യയ്ക്കും ജില്ലാ പഞ്ചായത്ത് മുന്‍ അംഗത്തിനും ഇതേക്കുറിച്ചു വിവരുമുണ്ടായിരുന്നുവെന്നാണു പാര്‍ട്ടിക്കു ലഭിച്ച വിവരം.
സമീപ പ്രദേശത്തെ സഹകരണ സംഘത്തിന്റെ ചുമതലയുള്ള പാര്‍ട്ടി നേതാവും രണ്ടു ലോക്കല്‍ സെക്രട്ടറിമാരും ഒരു ഏരിയ കമ്മിറ്റി മുന്‍ അംഗത്തിനും പങ്കുണ്ടെന്നാണു സൂചന. സമീപത്തുള്ള സഹകരണ സംഘത്തിലൂടെയാണു പല വായ്പകളുടേയും അപേക്ഷ എത്തിയിരുന്നത്.
ബാങ്ക് വായ്പാ തട്ടിപ്പു കേസില്‍ പൊലീസ് പ്രതിചേര്‍ത്ത മുന്‍ മാനേജര്‍ ക്രമവിരുദ്ധമായി അനുവദിച്ചത് 26 കോടി രൂപയുടെ വായ്പകളെന്നു വിവരം. 50 ലക്ഷം വീതം 52 പേര്‍ക്കു വായ്പ നല്‍കിയ കൂട്ടത്തില്‍ മാനേജറുടെ മാതാപിതാക്കള്‍, ഭാര്യ, ഭാര്യാപിതാവ് തുടങ്ങിയവരും ഉള്‍പ്പെട്ടിട്ടുണ്ട്. എന്നാല്‍, തങ്ങളല്ല വായ്പയെടുത്തിട്ടുള്ളതെന്ന് ഇവരില്‍ പലരും സഹകരണ വകുപ്പ് അന്വേഷണ സംഘത്തെ അറിയിച്ചു. സഹകരണ ബാങ്ക് വായ്പാ ചട്ടങ്ങള്‍ പ്രകാരം ഒരാള്‍ക്കു പരമാവധി അനുവദിക്കാവുന്ന വായ്പാത്തുക 50 ലക്ഷം രൂപയാണ്. ഈ വായ്പാ പരിധി മറികടന്നാല്‍ അന്വേഷണം ഉണ്ടായേക്കുമെന്നതിനാല്‍ കൃത്യം 50 ലക്ഷം രൂപ വീതം ഒട്ടേറെപ്പേര്‍ക്കു വായ്പ നല്‍കിയാണു പ്രതികള്‍ തട്ടിപ്പു നടത്തിയത്.
3 പ്രതികളിലൂടെ മാത്രം വായ്പയായി പോയത് 76 കോടി രൂപ. ഇവയില്‍ ഒട്ടുമിക്ക വായ്പകളിലും ഒരു രൂപ പോലും തിരിച്ചടവുണ്ടായിട്ടില്ല. പ്രതിചേര്‍ക്കപ്പെട്ടവരെക്കൂടാതെ മറ്റു ചിലര്‍ വഴിയും വന്‍തോതില്‍ വായ്പാ തട്ടിപ്പ് നടന്നതായി സൂചനയുണ്ട്.
Post Your Comments