
ലണ്ടൻ: കോവിഡ് ഭീതി ഒഴിയുംമുമ്പേ ബ്രിട്ടനിൽ നോറോവൈറസ് വ്യാപനം രൂക്ഷമാകുന്നു. ഇതുവരെ 154 പേരിൽ രോഗം റിപ്പോർട്ട് ചെയ്തതായാണ് ലഭ്യമായ വിവരം. പ്രഹരശേഷി കൂടിയ വൈറസാണിതെന്ന മുന്നറിയിപ്പും അടുത്തിടെയായി വൈറസ് ബാധ വർധിച്ചതും ആശങ്കയ്ക്കിടയാക്കുന്നു. ഒരുമാസത്തിനുള്ളിലാണ് ബ്രിട്ടനിൽ ഇത്രത്തോളം വൈറസ് ബാധിതരെ കണ്ടെത്തിയത്. കോവിഡിന് സമാനമായ നിയന്ത്രണങ്ങൾ പാലിക്കുന്നത് വഴിയേ നോറവൈറസിനെയും പ്രതിരോധിക്കാനാവൂ എന്നാണ് വിദഗ്ധരുടെ കണ്ടെത്തൽ.
വയറിനും കുടലിനും മറ്റു പ്രശ്നങ്ങളുണ്ടാക്കുന്ന നോറവൈറസ് ബാധയുടെ പ്രധാന ലക്ഷണങ്ങൾ ഛർദിയും വയറിളക്കവുമാണെന്നും കടുത്ത തലവേദന, ശരീര വേദന, പനി എന്നിവയും ലക്ഷണങ്ങളാണെന്നും വിദഗ്ദർ പറയുന്നു. കോവിഡ് ബാധിതരെപ്പോലെ തന്നെ നോറവൈറസ് വാഹകർക്ക് കോടിക്കണക്കിന് വൈറസുകളെ മറ്റുള്ളവരിലേക്ക് പകരാനാകും.
വൈറസ് ശരീരത്തിലെത്തി 48 മണിക്കൂറിനുള്ളിൽ പ്രകടമാകുന്ന രോഗ ലക്ഷണങ്ങൾ മൂന്നുദിവസം വരെ നിലനിൽക്കുമെന്നും ഇവക്കെതിരെ ശരീരം സ്വയം പ്രതിരോധശേഷി ആർജിക്കാമെങ്കിലും എത്രത്തോളം ഫലപ്രദമാണെന്ന് സ്ഥിരീകരിക്കാനായിട്ടില്ലെന്നും വിദഗ്ദർ ചൂണ്ടിക്കാട്ടുന്നു.
Post Your Comments