എടവണ്ണ: പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസിനെതിരെ രൂക്ഷ വിമര്‍ശനവുമായി പി.കെ. ബഷീര്‍ എം.എല്‍.എ രംഗത്ത്. തന്റെ മണ്ഡലത്തില്‍ ഉള്‍പ്പെട്ട ചാലിയാര്‍ പഞ്ചായത്തിലെ മതില്‍മൂല റോഡുമായി ബന്ധപ്പെട്ടാണ് എം.എല്‍.എ ഓഫിസില്‍ നടത്തിയ വാര്‍ത്തസമ്മേളനത്തില്‍ പ്രതികരിച്ചത്. ആറാം ക്ലാസ് വിദ്യാര്‍ഥിയുടെ കത്തിനെ തുടര്‍ന്ന് മതില്‍മൂല റോഡിന് അഞ്ച് കോടി അനുവദിച്ചെന്ന മന്ത്രിയുടെ ഫോണ്‍ സന്ദേശത്തിനെതിരെയാണ് എം.എല്‍.എ രംഗത്തെത്തിയത്.
‘സി.പി.എം പ്രാദേശിക നേതൃത്വത്തിന്റെ തറരാഷ്ട്രീയത്തിന് മന്ത്രി നിന്നുകൊടുത്തത് ശരിയല്ല. കഴിഞ്ഞ ജനുവരിയിലെ ബജറ്റില്‍ റോഡിന് അഞ്ച് കോടി രൂപ അനുവദിക്കുകയും തുകയുടെ 20 ശതമാനം ബജറ്റില്‍ മാറ്റിവെക്കുകയും ചെയ്തതാണ്. നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പെരുമാറ്റച്ചട്ടം നിലവില്‍ വന്നതുകൊണ്ടാണ് തുടര്‍ നടപടി വൈകിയത്. കഴിഞ്ഞ മേയില്‍ എസ്റ്റിമേറ്റാവുകയും ജൂണ്‍ 30ന് എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ സൂപ്രണ്ടിങ് എന്‍ജിനീയര്‍ക്കും ജൂലൈ ഒന്നിന് ഇദ്ദേഹം ചീഫ് എന്‍ജിനീയര്‍ക്കും അയച്ചിട്ടുണ്ട്. മന്ത്രിയെ ഫോണില്‍ വിളിച്ച് പ്രതിഷേധം അറിയിച്ചിട്ടുണ്ട്. ചൊവ്വാഴ്ച വിഷയം നിയമസഭയുടെ ശ്രദ്ധയില്‍ കൊണ്ടുവരും. കുട്ടികളെക്കൊണ്ട് വിളിപ്പിച്ചാലും കത്തയച്ചാലും മന്ത്രി ഉടന്‍ റോഡുകള്‍ അനുവദിക്കുമോ’-എം.എല്‍.എ ചോദിച്ചു.
Post Your Comments