ന്യൂഡല്‍ഹി: താലിബാന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇന്ത്യന്‍ വംശജനും റോയിട്ടേഴ്‌സ് ഫോട്ടോ ജേര്‍ണലിസ്റ്റുമായിരുന്ന ഡാനിഷ് സിദ്ദിഖിയുടെ കുടുംബത്തിന്റെ ചിത്രങ്ങള്‍ വില്‍പ്പനയ്ക്ക്. ഗെറ്റി ഇമേജസിലാണ് ദു:ഖിതരായ ഡാനിഷ് സിദ്ദിഖിയുടെ കുടുംബത്തിന്റെ ചിത്രങ്ങള്‍ വില്‍പ്പനയ്ക്ക് എത്തിയത്. ഒന്നിലധികം ചിത്രങ്ങളാണ് ഗെറ്റി ഇമേജസില്‍ വില്‍പ്പനയ്ക്ക് വെച്ചിരിക്കുന്നത്.
എഡിറ്റോറിയല്‍ സെക്ഷന് കീഴില്‍ വില്‍പ്പനയ്ക്ക് വെച്ചിരിക്കുന്ന ചിത്രങ്ങള്‍ക്ക് 23,000 രൂപ വരെയാണ് വിലയിട്ടിരിക്കുന്നത്. ചിത്രത്തിന്റെ സൈസ് അനുസരിച്ച് വിലയില്‍ മാറ്റമുണ്ടാകും. ലാര്‍ജ് സൈസ് ചിത്രത്തിന് 23,000, മീഡിയം സൈസിന് 14,000, സ്‌മോള്‍ സൈസിന് 7,000 എന്നീ ക്രമത്തിലാണ് വില നിശ്ചയിച്ചിട്ടുള്ളത്. ഡാനിഷ് സിദ്ദിഖിയുടെ പേരില്‍ 77 ചിത്രങ്ങളാണ് ഗെറ്റി ഇമേജസിലുള്ളത്. എന്നാല്‍, അദ്ദേഹത്തിന്റെ മരണത്തിന് ശേഷമുള്ള കുടുംബാംഗങ്ങളുടെ ചിത്രങ്ങള്‍ മാത്രമാണ് ഗെറ്റിയിലുള്ളത്. ഡാനിഷ് കൊല്ലപ്പെടുന്നതിന് മുന്‍പുള്ള കുടുംബത്തിന്റെ ഒരു ചിത്രം പോലും ഗെറ്റി ഇമേജസില്‍ ഇല്ല എന്നതാണ് ശ്രദ്ധേയം.
നേരത്തെ, രാജ്യത്ത് കോവിഡിന്റെ രണ്ടാം തരംഗത്തില്‍ മരണ നിരക്ക് ഉയര്‍ന്ന സാഹചര്യമുണ്ടായിരുന്നു. ഈ സമയവും ഗെറ്റി ഇമേജസ് കച്ചവട മനോഭാവത്തോടെയാണ് പ്രവര്‍ത്തിച്ചത്. അന്ന് ഹിന്ദു ആചാരപ്രകാരമുള്ള ശവസംസ്‌കാരത്തിന്റെ ചിത്രങ്ങളും സമാനമായ വിലയ്ക്ക് ഗെറ്റി ഇമേജസില്‍ വില്‍പ്പനയ്ക്ക് എത്തിയിരുന്നു. കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ സംസ്‌കാരത്തിന്റെ നിരവധി ചിത്രങ്ങളാണ് ഗെറ്റി ഇമേജസില്‍ പ്രത്യക്ഷപ്പെട്ടിരുന്നത്. അന്താരാഷ്ട്രതലത്തില്‍ ഇന്ത്യയെ അപമാനിക്കാനാണ് ബ്രിട്ടീഷ്-അമേരിക്കന്‍ മീഡിയ കമ്പനിയായ ഗെറ്റിയുടെ ശ്രമമെന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു.
Post Your Comments