പത്തനംതിട്ട: കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ വലഞ്ഞ് തിരുവിതാംകൂർ ദേവസ്വം ബോർഡ്. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് പുതിയ നിയമനങ്ങൾക്ക് ബോർഡ് നിയന്ത്രണം ഏർപ്പെടുത്താനുള്ള നീക്കം ബോർഡ് ആരംഭിച്ചു.
ക്ഷേത്രങ്ങളിൽ നിത്യ ഉപയോഗത്തിനുള്ള സാധനങ്ങൾ ലേലം ചെയ്ത് നൽകുന്നതിനെ കുറിച്ചും ദേവസ്വം ബോർഡ് പരിഗണിക്കുന്നുണ്ട്. കോവിഡ് വൈറസ് വ്യാപനത്തെ തുടർന്ന് വരുമാനം കുറഞ്ഞതോടെയാണ് ബോർഡിൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായത്. ശബരിമല തീർത്ഥാടന കാലത്ത് ലഭിക്കുന്ന വരുമാനത്തിൽ നിന്നുമാണ് പെൻഷനും ശമ്പളത്തിനും ആവശ്യമായ തുക ബോർഡ് കണ്ടെത്തിയിരുന്നത്. കോവിഡ് നിയന്ത്രണം വന്നോടെ ഇത്തവണ കാര്യമായ വരുമാനം ശബരിമലയിൽ നിന്നും ലഭിച്ചില്ല. ഇതോടെ ശമ്പളം ഉൾപ്പടെ നൽകുന്നതിന് സർക്കാർ സഹായം തേടേണ്ട അവസ്ഥയുണ്ടായി.
സാമ്പത്തിക പ്രതിസന്ധി ഉണ്ടെങ്കിലും ജീവനക്കാരെ പിരിച്ചുവിടില്ലെന്നാണ് ബോർഡ് തീരുമാനിച്ചിരിക്കുന്നത്. പകരം എസ്റ്റാബ്ലിഷ്‌മെന്റ് വിഭാഗത്തിലെ ജീവനക്കാരെ പുനർവിന്യസിക്കുന്ന നടപടികളുമായി മുന്നോട്ട് പോകാനാണ് ദേവസ്വം ബോർഡിന്റെ തീരുമാനം. ബോർഡിന്റെ കിഴിലുള്ള ക്ഷേത്രങ്ങളിലെ നിത്യ ഉപയോഗത്തിന് അല്ലാത്ത സാധനങ്ങളുടെ കണക്കെടുപ്പ് പൂർത്തിയായിരിക്കുകയാണ്. അവ ലേലം ചെയ്ത് നൽകി സമ്പത്തിക പ്രതിസന്ധി മറികടക്കാനാണ് ദേവസ്വം ബോർഡിന്റെ തീരുമാനം. ക്ഷേത്രങ്ങളിൽ നേർച്ചയായി ലഭിച്ച സ്വർണ്ണത്തിന്റെ കണക്കെടുപ്പും പുരോഗമിക്കുകയാണ്.
Post Your Comments