ഡൽഹി: ഇന്ത്യ–അഫ്ഗാൻ സൗഹൃദത്തിന്റെ പ്രതീകമായി അഫ്ഗാനിസ്ഥാനിലെ ഹെറാത് പ്രവിശ്യയിൽ സ്ഥിതി ചെയ്യുന്ന സൽമ അണക്കെട്ട് തകർക്കാൻ താലിബാന്റെ ശ്രമം. ഹെറാതിൽ ചെഷ്ത് ജില്ലയിലെ വൈദ്യുതിയുടെയും ജലസേചനത്തിന്റെയും പ്രധാന സ്രോതസ്സായ സൽമ അണക്കെട്ട് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അഫ്ഗാൻ പ്രസിഡന്റ് അഷ്റഫ് ഘാനിയും സംയുക്തമായാണ് ഉദ്ഘാടനം ചെയ്തത്.
ആക്രമണത്തിൽ ഡാം തകർന്നാൽ മഹാദുരന്തം ഉണ്ടാകുമെന്ന് അഫ്ഗാൻ നാഷനൽ വാട്ടർ അതോറിറ്റി വ്യക്തമാക്കി. താലിബാൻ തുടരെത്തുടരെ റോക്കറ്റുകൾ വിക്ഷേപിച്ചാൽ സൽമ അണക്കെട്ട് തകരുമെന്നും ചില റോക്കറ്റുകൾ അണക്കെട്ടിന് വളരെ അടുത്തായി പതിച്ചിട്ടുണ്ടെന്നും സൂചനയുണ്ട്. അണക്കെട്ട് തകർന്നാൽ പടിഞ്ഞാറൻ അഫ്ഗാനിലെ വലിയൊരു വിഭാഗം ജനങ്ങളുടെ ജീവനും സ്വത്തിനും നാശനഷ്ടം സംഭവിക്കുമെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
അണക്കെട്ട് ദേശീയ സ്വത്താണെന്നും അവ യുദ്ധത്തിൽ തകർക്കപ്പെടേണ്ടതല്ലെന്നും അതോറിറ്റി വ്യക്തമാക്കി. അതേസമയം, സംഭവത്തിൽ പങ്കില്ലെന്ന് താലിബാൻ വൃത്തങ്ങൾ പ്രതികരിച്ചു. അണക്കെട്ടിന് നേരെ ആക്രമണം ഉണ്ടായിട്ടില്ലെന്ന് താലിബാൻ വക്താവ് സബിഹുല്ല മുജാഹിദ് പറഞ്ഞു.
Post Your Comments