റായ്പൂര്‍: മാവോയിസ്റ്റുകളും സുരക്ഷാ സേനയും തമ്മില്‍ വീണ്ടും ഏറ്റുമുട്ടല്‍. വനമേഖലയിലുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് മാവോയിസ്റ്റുകളെ സുരക്ഷാ സേന വധിച്ചു. ഛത്തീസ്ഗഡിലെ ദന്തേവാഡയിലാണ് ഏറ്റുമുട്ടലുണ്ടായത്.
വൈകുന്നേരം ആറ് മണിയോടെ ധോല്‍കല്‍ മലയുടെ അടിവാരത്തുള്ള വനമേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്. മാവോയിസ്റ്റുകളെ കണ്ടെത്താനായുള്ള സേനയുടെ തെരച്ചില്‍ പുരോഗമിക്കുന്നതിനിടെയാണ് ഏറ്റുമുട്ടല്‍ നടന്നത്. ഡിസ്ട്രിക്റ്റ് റിസര്‍വ് ഗാര്‍ഡ്(ഡിആര്‍ജി) സംഘം പരിശോധന നടത്തുന്നതിനിടെ മാവോയിസ്റ്റുകള്‍ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് എസ്.പി അഭിഷേക് പല്ലവ പറഞ്ഞു.
മാവോയിസ്റ്റ് സംഘവും ഡിആര്‍ജി സേനാംഗങ്ങളും തമ്മില്‍ ഏറെ നേരം ഏറ്റുമുട്ടലുണ്ടായി. ഏറ്റുമുട്ടലിനൊടുവില്‍ മാവോയിസ്റ്റുകള്‍ ഉള്‍വനത്തിലേയ്ക്ക് ഓടി രക്ഷപ്പെട്ടു. തുടര്‍ന്ന് ഏറ്റുമുട്ടലുണ്ടായ മേഖലയില്‍ നടത്തിയ പരിശോധനയില്‍ മൂന്ന് പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തുകയായിരുന്നു. ബിര്‍ജു കാകെം, ജഗ്ഗു കാകെം, അജയ് പൊയാമി എന്നിവരാണ് കൊല്ലപ്പെട്ടത്. മൂന്ന് പേരുടെയും തലയ്ക്ക് 1 ലക്ഷം രൂപ വീതം പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ഇവരുടെ പക്കല്‍ നിന്നും ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും കണ്ടെടുത്തിട്ടുണ്ട്.
Post Your Comments