കോട്ടയം: എം.ജി സര്‍വ്വകലാശാലയില്‍ അധികൃതരുടെ അനാസ്ഥ. അഞ്ചാം സെമസ്റ്റര്‍ ബി.കോം. വിദ്യാര്‍ത്ഥികളുടെ ഉത്തരക്കടലാസുകള്‍ കാണാതായി. തൊടുപുഴ ന്യുമാന്‍ കോളേജിലെ വിദ്യാര്‍ത്ഥികളാണ് ഉത്തരക്കടലാസ് നഷ്ടമായതോടെ ആശങ്കയിലായിരിക്കുന്നത്.
മൂല്യ നിര്‍ണയത്തിനായി അധ്യാപകനെ ഏല്‍പ്പിച്ച 20 വിദ്യാര്‍ത്ഥികളുടെ ഉത്തരക്കടലാസുകളാണ് കാണാതായത്. ബി.കോം. കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍ അഞ്ചാം സെമസ്റ്റര്‍ പരീക്ഷയുടെ ഫലം വന്നപ്പോള്‍ 20 പേരുടെ കോസ്റ്റ് അക്കൗണ്ടിംഗ് ഫലം മാത്രം പ്രസിദ്ധീകരിച്ചില്ല. ഇതോടെ വിദ്യാര്‍ത്ഥികള്‍ സര്‍വ്വകലാശാലയുമായി ബന്ധപ്പെടുകയായിരുന്നു. അധ്യാപകനെ ഏല്‍പ്പിച്ച ഉത്തരക്കടലാസുകള്‍ നഷ്ടപ്പെട്ടെന്ന് സര്‍വ്വകലാശാല അധികൃതര്‍ അറിയിച്ചു.
വീണ്ടും പരീക്ഷ എഴുതിയാല്‍ മാത്രമേ ഫലം പ്രസിദ്ധീകരിക്കാന്‍ സാധിക്കുകയുള്ളൂ എന്ന നിലപാടിലാണ് സര്‍വ്വകലാശാല അധികൃതര്‍. എന്നാല്‍, വീഴ്ച സംഭവിച്ചത് സര്‍വ്വകലാശാലയ്ക്കായതിനാല്‍ ഇന്റേണല്‍ മാര്‍ക്കിനെ അടിസ്ഥാനമാക്കി മൂല്യനിര്‍ണയം നടത്തണമെന്ന് വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെട്ടു. വീഴ്ച വരുത്തിയ അധ്യാപകനെതിരെ നടപടി എടുക്കണമെന്നും വിദ്യാര്‍ത്ഥികള്‍ ശക്തമായി ആവശ്യപ്പെട്ടിട്ടുണ്ട്.
Post Your Comments