ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ വീണ്ടും പ്രകോപനവുമായി ചൈനീസ് പട്ടാളം. സിക്കിമിലെ യഥാര്‍ത്ഥ നിയന്ത്രണ രേഖയ്ക്ക് സമീപം ചൈന ക്യാമ്പ് നിര്‍മ്മാണം നടത്തുന്നതായാണ് റിപ്പോര്‍ട്ട്. ചൈനയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് ഇന്ത്യന്‍ സൈന്യം അറിയിച്ചു.
വടക്കന്‍ സിക്കിമില്‍ നിന്നും ഏതാനും കിലോ മീറ്റര്‍ അകലെ നാകുല സെക്ടറിന് സമീപമാണ് ചൈന കോണ്‍ക്രീറ്റ് ക്യാമ്പുകള്‍ നിര്‍മ്മിക്കുന്നത്. ആയുധ സൗകര്യമൊരുക്കുന്നതിന്റെ ഭാഗമായാണ് ചൈനീസ് പട്ടാളം അതിര്‍ത്തിയില്‍ പുതിയ ക്യാമ്പുകള്‍ നിര്‍മ്മിക്കുന്നതെന്നും വിവരമുണ്ട്. കിഴക്കന്‍ ലഡാക്കിന് സമീപവും അരുണാചല്‍ പ്രദേശ് അതിര്‍ത്തിയ്ക്ക് സമീപവും ചൈന ഇത്തരം നിര്‍മ്മാണങ്ങള്‍ നടത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍ സൈന്യവും ചൈനീസ് പട്ടാളവും തമ്മില്‍ സംഘര്‍ഷമുണ്ടായ മേഖലയാണ് നാകുല.
അതിര്‍ത്തികളില്‍ ക്യാമ്പ് നിര്‍മ്മാണത്തിനൊപ്പം റോഡുകളുടെ നിര്‍മ്മാണവും ചൈന നടത്തുന്നുണ്ട്. നിയന്ത്രണ രേഖയിലേയ്ക്ക് വേഗത്തില്‍ എത്താന്‍ പട്ടാളത്തെ സഹായിക്കുന്നതിനായി വിവിധ തരത്തിലുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് ചൈന നടത്തിവരുന്നത്. ഇന്ത്യയുടെ ഭാഗത്തും അടിസ്ഥാന സൗകര്യ വികസനത്തിനുള്ള പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്.
Post Your Comments