
ഒരു മാസത്തിൽ രണ്ട് ഏകാദശികളാണ് ഉള്ളത്. വെളുത്ത പക്ഷത്തിലും കറുത്ത പക്ഷത്തിലുമാണത്. ഇതിൽ പൗഷമാസത്തിലെ കറുത്ത പക്ഷ ഏകാദശിയാണ് ഇന്നത്തെ സഫല ഏകാദശി . ഉത്തരേന്ത്യയിൽ ഈ രീതിയിലാണ് നോക്കുന്നത്. ഏകാദശിവ്രതത്തിന്റെ പ്രത്യേകത എന്നു പറയുന്നത് ഇഹലോകത്ത് സുഖവും പരലോകത്ത് വിഷ്ണുസായൂജ്യമായ മോക്ഷവുമാണ്. ഏകാദശി വ്രതം എടുക്കുന്നത് നിങ്ങളുടെ ആഗ്രഹപൂർത്തീകരണത്തിന് ഉത്തമമാണ്. വ്രതം ആരംഭിക്കേണ്ടത് ദശമി മുതലാണെന്ന് നിങ്ങൾക്ക് ഏവർക്കും അറിയാവുന്ന കാര്യമാണല്ലോ. അന്നേദിവസം ഒരിക്കൽ മാത്രമേ അരിയാഹാരം കഴിക്കാവൂ. ശേഷം ഏകാദശി നാളിൽ പൂർണ്ണ ഉപവാസം ഉത്തമം. അതും അവനവന്റെ ആരോഗ്യസ്ഥിതി നോക്കിവേണം എടുക്കാൻ.
വെളുത്ത വസ്ത്രം ധരിച്ച് വിഷ്ണു ക്ഷേത്രദർശനം നടത്തി തുളസീ തീരത്ഥം സേവിക്കുന്നത് ഉത്തമമാണ്. കൂടാതെ വിഷ്ണുസൂക്തം ഭാഗ്യ സൂക്തം, പുരുഷസൂക്തം എന്നിവ കൊണ്ടുള്ള അർച്ചനയും നല്ലതാണ്. കൂടാതെ വിഷ്ണു സഹസ്രനാമം ചൊല്ലുന്നതും ഉത്തമമാണ്.
ഈ ഏകാദശിയുടെ മഹത്വത്തെക്കുറിച്ച് ബ്രഹ്മാണ്ഡപുരാണത്തിൽ ശ്രീകൃഷ്ണ ഭഗവാനും യുധിഷ്ഠിര മഹാരാജാവും തമ്മിലുള്ള ഒരു സംവാദത്തിൽ ഏകദശിക്കുറിച്ച് ഭഗവാൻ വിശദീകരിക്കുന്നത് ഇങ്ങനെയാണ് ‘നാഗങ്ങളിൽ ശ്രേഷ്ഠനായ ശേഷനെ പോലെ, പക്ഷികളിൽ ശ്രേഷ്ഠനായ ഗരുഡനെ പോലെ, യജ്ഞങ്ങളിൽ ശ്രേഷ്ഠമായ അശ്വമേധയജ്ഞത്തെപോലെ, നദികളിൽ ശ്രേഷ്ഠയായ ഗംഗയെ പോലെ, ദേവന്മാരിൽ ശ്രേഷ്ഠനായ ഭഗവാൻ വിഷ്ണുവിനെപോലെ മനുഷ്യരിൽ ശ്രേഷ്ഠരായ ബ്രാഹ്മണരെപോലെ വ്രതങ്ങളിൽ ഏറ്റവും ശ്രേഷ്ഠമായ വ്രതമാണ് ഏകാദശി വ്രതം”. അയ്യായിരം വർഷങ്ങളോളം യജ്ഞങ്ങൾ നടത്തി കൊണ്ട് നേടുവാൻ സാധിക്കുന്ന പുണ്യം ഏകാദശിവ്രതം പാലിക്കുന്നത് കൊണ്ട് മാത്രം ലഭിക്കുന്നു’ എന്നാണ്.
സഫല ഏകാദശി വ്രതം അനുഷ്ഠിക്കുന്ന വഴി ഒരു വ്യക്തിക്ക് ഈ ജന്മത്തിൽ പ്രശസ്തിയും അടുത്ത ജന്മത്തിൽ മുക്തിയും ലഭിക്കുന്നു. ഏകാദശി പാലിക്കുന്നവർ ശ്രേഷ്ഠരാകുന്നുവെന്നാണല്ലോ. അതുകൊണ്ടുതന്നെ ഈ ഏകാദശി പാലിക്കുന്നത് വഴി അശ്വമേധയാഗം നടത്തിയ ഫലവും ലഭിക്കുന്നുവെന്നാണ് വിശ്വാസം.
Post Your Comments