ഗുവാഹത്തി: പുതിയ കന്നുകാലി സംരക്ഷണ ബില്‍ അവതരിപ്പിച്ച് അസം. ക്ഷേത്രങ്ങളുടെ അഞ്ചു കിലോമീറ്റര്‍ ചുറ്റളവില്‍ ഇനി മുതല്‍ പശു ഇറച്ചി വില്‍പ്പനയും പശുവിനെ കശാപ്പ് ചെയ്യലും അനുവദിക്കില്ല. ഹിന്ദു, ജൈന, സിഖ് ഭൂരിപക്ഷമുള്ള പ്രദേശങ്ങളില്‍ കന്നുകാലികളെ കശാപ്പ് ചെയ്യുന്നതും വില്‍ക്കുന്നതും നിരോധിച്ചുകൊണ്ടുള്ളതാണ് പുതിയ ബില്‍. അസം നിയമസഭയില്‍ പുതിയ ബില്‍ അവതരിപ്പിച്ചു കഴിഞ്ഞു.
നിയമസഭയില്‍ അവതരിപ്പിച്ച ബില്‍ പ്രാബല്യത്തില്‍ വരുന്നതോടെ അസമിലെ ഒരു ജില്ലയില്‍ നിന്ന് മറ്റൊരു ജില്ലയിലേക്ക് കന്നുകാലികളെ രേഖകളില്ലാതെ കൊണ്ടുപോകുന്നതും നിയമവിരുദ്ധമാകും. എന്നാല്‍ അഞ്ച് കിമി പരിധിയെന്ന നിയമം പ്രാവര്‍ത്തികമല്ലെന്ന് കോണ്‍ഗ്രസ് നേതാവ് ദെബാബ്രത സായ്ക്യ പറഞ്ഞു.
ആര്‍ക്ക് വേണമെങ്കിലും എവിടെയും ക്ഷേത്രം പണികഴിപ്പിക്കാം. അത്തരമുള്ള സാഹചര്യത്തില്‍ അതിനു ചുറ്റുമുള്ള കന്നുകാലി വില്‍പന കേന്ദ്രങ്ങള്‍ പൊളിച്ച് മാറ്റേണ്ടി വരിക എന്നത് പ്രായോഗികമല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. എന്നാൽ ക്ഷേത്രങ്ങൾ അങ്ങനെ ആരും തോന്നിയത് പോലെ പണികഴിപ്പിക്കാനാവില്ല എന്ന് ഭരണ കക്ഷിയും തിരിച്ചടിച്ചു.
Post Your Comments