KeralaLatest NewsNews

സംസ്ഥാനത്തെ മൂന്ന് ജില്ലകളില്‍ ഉണ്ടായ തീവ്ര മഴയ്ക്കും കാറ്റിനും പിന്നില്‍ ലഘു മേഘ വിസ്‌ഫോടനം: അതീവ ജാഗ്രതാ നിര്‍ദ്ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്നുമണിക്കൂറിനുള്ളില്‍ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്. ഇടുക്കിയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. പതിനൊന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, ആലപ്പുഴ ഒഴികെയുള്ള ജില്ലകള്‍ക്കാണ് ജാഗ്രതാ നിര്‍ദേശം. ഇടുക്കിയില്‍ ശക്തമായതോ അതിശക്തമായതോ ആയ മഴ ലഭിക്കാന്‍ സാധ്യതയുണ്ട്.
ഒറ്റപ്പെട്ടയിടങ്ങളില്‍ 24 മണിക്കൂറില്‍ 115.6 മില്ലി മീറ്റര്‍ മുതല്‍ 204.4 മില്ലി മീറ്റര്‍ വരെ മഴ ലഭിക്കാനുള്ള സാധ്യതയുണ്ട്.

Read Also : സംസ്ഥാനത്ത് സിക്ക വൈറസ് ബാധിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നു: ജാഗ്രതാ നിർദ്ദേശവുമായി വീണാ ജോർജ്

യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകളില്‍ 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെയുള്ള മഴയാണ് പ്രവചിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ വലിയ അളവില്‍ മഴ ലഭിച്ച പ്രദേശങ്ങളില്‍ മഴ തുടരുന്ന സാഹചര്യത്തില്‍ താഴ്ന്ന പ്രദേശങ്ങള്‍, നദീതീരങ്ങള്‍, ഉരുള്‍പൊട്ടല്‍-മണ്ണിടിച്ചില്‍ സാധ്യതയുള്ള മലയോര പ്രദേശങ്ങള്‍ തുടങ്ങിയ ഇടങ്ങളിലുള്ളവര്‍ അതീവ ജാഗ്രത പാലിക്കണം.

2018, 2019, 2020 വര്‍ഷങ്ങളില്‍ ഉരുള്‍പൊട്ടല്‍-മണ്ണിടിച്ചില്‍, വെള്ളപ്പൊക്കം എന്നിവ ഉണ്ടായ മേഖലകളില്‍ ഉള്ളവര്‍, ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ വിദഗ്ധ സമിതിയും അപകട സാധ്യത മേഖലകള്‍ അഥവാ വാസയോഗ്യമല്ലാത്ത പ്രദേശങ്ങള്‍ എന്ന് കണ്ടെത്തിയ സ്ഥലങ്ങളില്‍ താമസിക്കുന്നവരും അവിടങ്ങളിലുള്ള തദ്ദേശ സ്ഥാപനങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളും അപകട സാധ്യത മുന്നില്‍ കണ്ട് കൊണ്ടുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തീകരിക്കേണ്ടതാണെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

മധ്യകേരളത്തില്‍ രാവിലെയുണ്ടായ കാറ്റിനും കനത്ത മഴയ്ക്കും കാരണം ലഘു മേഘവിസ്‌ഫോടനമെന്നാണ് സൂചന. പൊടുന്നനെ ശക്തമായ കാറ്റും കനത്ത മഴയുമുണ്ടാകുകയായിരുന്നു. എറണാകുളം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലാണ് കാറ്റും മഴയും കനത്ത നാശം വിതച്ചത്.

സാധാരണ കാലവര്‍ഷക്കാലത്ത് രൂപപ്പെടാന്‍ സാധ്യതയില്ലാത്ത ഇടിമിന്നല്‍ മേഘങ്ങള്‍ രൂപപ്പെടുകയും അതില്‍ നിന്നും ശക്തമായ കാറ്റ് വീശിയടിക്കുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് മലയോരമേഖലകളിലും തീരപ്രദേശങ്ങളിലും കനത്ത കാറ്റ് വീശാനിടയാക്കിയതെന്നും കാലാവസ്ഥ കേന്ദ്രം സൂചിപ്പിച്ചു.

കേരള തീരത്ത് വെള്ളിയാഴ്ച വരെ മത്സ്യബന്ധനത്തിന് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. മണിക്കൂറില്‍ 65 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റിനും, നാലു മീറ്റര്‍ വരെ ഉയരത്തില്‍ തിരമാല വീശിയടിക്കാനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര ഗവേഷണകേന്ദ്രം മുന്നറിയിപ്പില്‍ വ്യക്തമാക്കി. അടുത്ത രണ്ടു മൂന്നു ദിവസം കൂടി കനത്ത മഴയും കടല്‍ക്ഷോഭവും തുടര്‍ന്നേക്കുമെന്നും അധികൃതര്‍ സൂചിപ്പിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button