ചെന്നൈ : ഇനി രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന് വ്യക്തമാക്കി സൂപ്പര്‍ താരം രജനീകാന്ത്. രാഷ്ട്രീയപാര്‍ട്ടി രൂപീകരണത്തിന് മുന്നോടിയായി രൂപീകരിച്ച രജനി മക്കള്‍ മന്‍ട്രം പിരിച്ചുവിട്ടതായും താരം അറിയിച്ചു. രജനീ മക്കള്‍ മന്‍ട്രം പ്രവര്‍ത്തകരുമായി നടത്തിയ ചര്‍ച്ചകളെ തുടര്‍ന്നാണ് രാഷ്ട്രീയപ്രവേശനം ഇല്ലെന്ന് രജനി വ്യക്തമാക്കിയത്. രാഷ്ട്രീയപ്രവര്‍ത്തനത്തിനായി രൂപീകരിച്ച പോഷക സംഘടനകളെയും പിരിച്ചുവിട്ടിട്ടുണ്ട്.
രാവിലെ രാഘവേന്ദ്ര കല്യാമണ്ഡപത്തില്‍ രജനീ മക്കള്‍ മന്‍ട്രം പ്രവര്‍ത്തകരുമായി നടത്തുന്ന കൂടിക്കാഴ്ചയ്ക്ക് മുൻപേ നടത്തിയ അഭിപ്രായപ്രകടനമാണ് താരം വീണ്ടും സജീവരാഷ്ട്രീയ പ്രവേശനത്തിലേക്കെന്ന ചര്‍ച്ച സജീവമാക്കിയത്. ‘രാഷ്ട്രീയത്തില്‍ പ്രവേശിക്കില്ലെന്ന മുന്‍ തീരുമാനം പുനഃപരിശോധിച്ചേക്കും. രജനീ മക്കള്‍ മന്‍ട്രത്തിന്റെ ഭാവിയും, തന്റെ രാഷ്ട്രീയപ്രവേശനവും മന്‍ട്രം ഭാരവാഹികളും പ്രവര്‍ത്തകരുമായുള്ള ചര്‍ച്ചകള്‍ക്ക് ശേഷം തീരുമാനിക്കും എന്നാണ് വീട്ടില്‍ വെച്ച് താരം മാധ്യമങ്ങളോട് പറഞ്ഞത്.
എന്നാൽ ഇതിനു വ്യത്യസ്തമായി രാഷ്ട്രീയത്തിലേക്കില്ലെന്ന നിലപാട് ആരാധകർക്ക് കടുത്ത നിരാശയാണ് സമ്മാനിച്ചത്. ഇനി ആരാധകരുടെ കൂട്ടായ്മയായ രജനി രസികര്‍ മന്‍ട്രം മാത്രമായിരിക്കും ഉണ്ടാകുക. രാഷ്ട്രീയസ്വഭാവം സംഘടന പൂര്‍ണമായും ഉപേക്ഷിച്ചെന്നും രജനികാന്ത് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
Post Your Comments