കൊച്ചി: രോഗിയായ കുട്ടിയുടെ പേരില്‍ ഫെയ്സ്ബുക്കില്‍ വ്യാജ അക്കൗണ്ടുണ്ടാക്കി പണപ്പിരിവ് നടത്തിയ അമ്മയും മകളും അറസ്റ്റില്‍. ചികിത്സാ ചെലവിന് പണം ആവശ്യമുള്ള കുഞ്ഞിന്റെ പേരിലാണ് തട്ടിപ്പ് നടത്തിയത്. ചേരാനല്ലൂരിലെ ഫ്ലാറ്റില്‍ താമസിക്കുന്ന പാല ഓലിക്കല്‍ സ്വദേശികളായ മറിയാമ്മ സെബാസ്റ്റ്യന്‍ (59), മകള്‍ അനിത ടി ജോസഫ് (29) എന്നിവരാണ് അറസ്റ്റിലായത്. എയിംസില്‍ ന്യൂറോഫൈബ്രോമാറ്റിസ് എന്ന രോഗം ബാധിച്ച് മാസങ്ങളായി ചികിത്സയില്‍ കഴിയുന്ന കുട്ടിയുടെ പേരിലാണ് പണപ്പിരിവ് നടത്തിയത്.
ചാരിറ്റി പ്രവര്‍ത്തകനായ ഫറൂഖ് ചെര്‍പ്പുളശേരി മുഖേനയായിരുന്നു പണപ്പിരിവ്. കുഞ്ഞിന്റെ ചിത്രങ്ങള്‍ ദുരുപയോഗം ചെയ്യുന്നത് ശ്രദ്ധയില്‍ പെട്ട പിതാവാണ് പരാതി നല്‍കിയത്. ഒരു ലക്ഷത്തോളം രൂപ തട്ടിയെടുത്ത് ആര്‍ഭാട ജീവിതം നയിക്കുകയായിരുന്നു ഇവരെന്ന് പൊലീസ് പറഞ്ഞു. കുഞ്ഞിന്റെ ചിത്രവും അക്കൗണ്ട് നമ്പറും മാതാപിതാക്കളുടെ വിവരങ്ങളും ഉള്‍പ്പെടുത്തിയ ചിത്രങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കു വെച്ചിരുന്നു. മറിയാമ്മയുടെ അക്കൗണ്ട് നമ്പറും ഫോണ്‍ നമ്പറുകളും ഉള്‍പ്പെടെയായിരുന്നു ചിത്രങ്ങള്‍ പ്രചരിപ്പിച്ചത്.
മറിയാമ്മയുടെ മകന് അരുണ്‍ ആണ് വ്യാജകാര്‍ഡ് തയ്യാറാക്കി സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചത്. പോലീസ് നടത്തിയ അന്വേഷണത്തില്‍ സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ പാല ശാഖയിലെ അക്കൗണ്ടാണ് തട്ടിപ്പിന് ഉപയോഗിച്ചതെന്ന് കണ്ടെത്തി. അക്കൗണ്ട് വിവരങ്ങള്‍ ശേഖരിച്ച് നടത്തിയ അന്വേഷണത്തിലാണ് മറിയാമ്മയെയും മകളെയും പിടികൂടിയത്.മ റിയാമ്മയുടെ പേരിലുള്ള അക്കൗണ്ടിലേക്ക് എത്തുന്ന തുക അനിതയുടെ അക്കൗണ്ടിലേക്ക് മാറ്റുന്നതായും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. മൂവരും ചേര്‍ന്നാണ് തട്ടിപ്പ് ആസൂത്രണം ചെയ്തതെന്നും പോലീസ് പറയുന്നു.
നേരത്തേ, പാലായിലെ ബാങ്ക് തട്ടിപ്പ് കേസിലും പ്രതിയാണ് മറിയാമ്മ. പാലാ കഴിതടിയൂര്‍ സഹകരണ ബാങ്കില്‍ നിന്ന് 50.60 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ ഒന്നാം പ്രതിയാണ് മറിയാമ്മ. ബാങ്കിലെ ക്യാഷറായിരുന്നു മറിയാമ്മ. ബാങ്ക് ലോക്കറില്‍ നിന്ന് 50.60 ലക്ഷം രൂപ തട്ടിയെടുത്തെന്നായിരുന്നു പരാതി. ഇവരുടെ മകന് അരുണ്‍ 2018 ല്‍ കള്ളനോട്ട് കേസിലും അറസ്റ്റിലായിരുന്നു. അരുണ്‍ അറസ്റ്റിലായതോടെ മറിയാമ്മ ബാങ്കില്‍ വരാതായി. തുടര്‍ന്ന് ബാങ്ക് ജീവനക്കാര്‍ നടത്തിയ അന്വേഷണത്തിലാണ് പണം നഷ്ടമായതായി കണ്ടെത്തിയത്.
ഒരു വര്‍ഷത്തിനിടയിലാണ് പണം തട്ടിയത്. ലോക്കറിലെ പണം ദിവസവും പരിശോധിച്ച് കണക്ക് സൂക്ഷിക്കാതിരുന്നതാണ് തട്ടിപ്പിന് വഴിയൊരുക്കിയതെന്നായിരുന്നു അന്ന് അന്വേഷണത്തില്‍ കണ്ടെത്തിയത്. കുഞ്ഞിന്റെ ചികിത്സയുടെ പേരില്‍ പണം തട്ടിയ കേസില്‍ അരുണിനും പങ്കുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്. ക്രൗഡ് ഫണ്ടിംഗില്‍ സര്‍ക്കാര്‍ നിരീക്ഷണം വേണമെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. മലപ്പുറത്ത് അപൂര്‍വ്വ രോഗം ബാധിച്ച കുട്ടിയ്ക്ക് സര്‍ക്കാര്‍ സൗജന്യ ചികിത്സ നല്‍കണമെന്നാവശ്യപ്പെട്ട് പിതാവ് നല്കിയ ഹര്‍ജി പരിഗണിച്ചപ്പോഴാണ് ഹൈക്കോടതിയുടെ സുപ്രധാന പരാമര്‍ശം.
ആര്‍ക്കും പണം പിരിക്കാമെന്ന അവസ്ഥപാടില്ല. പണപ്പിരവില്‍ സര്‍ക്കാര്‍ നിയന്ത്രണം വേണം. പണം നല്കുന്നവര് പറ്റിക്കപ്പെടാന്‍ പാടില്ലെന്നും ഹൈക്കോടതി പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് കുഞ്ഞിന്റെ ചികിത്സയുടെ പേരില്‍ വ്യാജ അക്കൗണ്ടുണ്ടാക്കി അമ്മയും മകളും അറസ്റ്റിലായ വാര്‍ത്ത വരുന്നത്. ഇരുവരേയും ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേട്ട് കോടതിയില്‍ ഹാജരാക്കി.
Post Your Comments