
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഐടി വകുപ്പ് സെക്രട്ടറിയുമായിരുന്ന എം. ശിവശങ്കറിന്റെ സസ്‌പെന്‍ഷന്‍ കാലാവധി നീട്ടി. ശിവശങ്കര്‍ ക്രിമിനല്‍ കേസില്‍ പ്രതിയായ സാഹചര്യം കണക്കിലെടുത്താണ് സസ്‌പെന്‍ഷന്‍ നീട്ടിയത്. സസ്‌പെന്‍ഷന്‍ നീട്ടുന്ന കാര്യം സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തെ അറിയിച്ചു.
സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുമായുള്ള അടുപ്പവും സ്വപ്‌ന സുരേഷിന്റെ നിയമനവുമാണ് ശിവശങ്കറിന്റെ സസ്‌പെന്‍ഷനിലേയ്ക്ക് കാര്യങ്ങള്‍ എത്തിച്ചത്. നിലവില്‍ സ്വര്‍ണക്കടത്ത് കേസില്‍ ഇഡിയുടെയും കസ്റ്റംസിന്റെയും കേസുകളില്‍ ശിവശങ്കര്‍ പ്രതിയാണ്. ഇതിന് പുറമെ, ശിവശങ്കറിനെ തിരിച്ചെടുക്കുന്നത് പ്രതിപക്ഷം സര്‍ക്കാരിനെതിരായ ആയുധമാക്കാനുള്ള സാധ്യത കൂടി കണക്കിലെടുത്താണ് തീരുമാനമെന്നും സൂചനയുണ്ട്.
അഴിമതിയുമായി ബന്ധപ്പെട്ട കേസിലല്ലെങ്കില്‍ ഒരു ഐ.എ.എസ് ഉദ്യോഗസ്ഥന്റെ സസ്‌പെന്‍ഷന്‍ കാലാവധി ഒരു വര്‍ഷമാണ്. കഴിഞ്ഞ വര്‍ഷം ജൂലായ് 17നാണ് നിരവധി നാടകീയ സംഭവങ്ങള്‍ക്ക് പിന്നാലെ ശിവശങ്കര്‍ സസ്‌പെന്‍ഷനിലായത്. 2023 ജനുവരി വരെ ശിവശങ്കറിന് സര്‍വീസ് കാലാവധിയുണ്ട്.
Post Your Comments