KeralaLatest NewsNews

വഖഫ് ബോര്‍ഡിൻ്റെ സ്തംഭനാവസ്ഥ അടിയന്തരമായി പരിഹരിക്കണം: ആവശ്യവുമായി പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ

വഖഫ് ബോര്‍ഡ് മുഖേന സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കി വരുന്ന വിവാഹ ധനസഹായം നിലച്ചിട്ട് വര്‍ഷങ്ങളായി

തിരുവനന്തപുരം : സംസ്ഥാനത്ത് വഖഫ് ബോര്‍ഡിൻ്റെ പ്രവര്‍ത്തനത്തിൽ നിലനിൽക്കുന്ന സ്തംഭനാവസ്ഥ പരിഹരിക്കാൻ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന വൈസ് പ്രസിഡൻ്റ് സി അബ്ദുൽ ഹമീദ്. മുഖ്യമന്ത്രി പിണറായി വിജയനും വഖഫ് മന്ത്രി വി അബ്ദുറഹിമാനും നിവേദനം നൽകി. വഖഫ് ബോര്‍ഡ് ചെയര്‍മാനും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറും തമ്മിലുള്ള അഭിപ്രായ ഭിന്നതകൾ കാരണം വര്‍ഷങ്ങളായി വഖഫ് ബോര്‍ഡിന്റെ മുഴുവന്‍ പ്രവര്‍ത്തനങ്ങളും സ്തംഭനാവസ്ഥയിലാണ്.

വഖഫ് ബോര്‍ഡ് മുഖേന സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കി വരുന്ന വിവാഹ ധനസഹായം നിലച്ചിട്ട് വര്‍ഷങ്ങളായി. 2016 ജൂണ്‍ മുതലുള്ള അപേക്ഷകരില്‍ ഒരാള്‍ക്കുപോലും നാമമാത്ര തുകയുടെ വിവാഹ ധനസഹായം ലഭിച്ചിട്ടില്ല. കോടികളുടെ സ്വത്തുക്കള്‍ അന്യാധീനപ്പെട്ട് പോകുമ്പോഴും വെറും 10,000 രൂപയുടെ ധനസഹായം തടഞ്ഞുവെച്ചിരിക്കുകയാണ്. തുച്ഛമായ തുകപോലും അര്‍ഹതപ്പെട്ടവര്‍ക്ക് ലഭ്യമാക്കാന്‍ വഖഫ് ബോര്‍ഡ് കൈകാര്യം ചെയ്യുന്നവര്‍ക്ക് സാധിക്കുന്നില്ലെന്നും സി അബ്ദുൽ ഹമീദ് നിവേദനത്തിൽ ചൂണ്ടിക്കാട്ടി.

read also: ‘ഇവിടുള്ള പലരെയും പരീക്ഷിച്ച് പരാജയപ്പെട്ടിടത്തേക്കാണ് പ്രധാനമന്ത്രി മറ്റൊരു പരീക്ഷണം നടത്തുന്നത്’: മേജർ രവി

കോടിക്കണക്കിന് രൂപയുടെ സ്വത്ത് വകകളുള്ള വഖഫ് ബോര്‍ഡ് സമുദായത്തിന് ഉപകാരപ്രദമായ പദ്ധതികള്‍ ആവിഷ്‌കരിച്ചും വിദ്യാഭ്യാസ-തൊഴില്‍ പരിശീലന കേന്ദ്രങ്ങള്‍ നിര്‍മ്മിച്ചും സമുദായത്തിലെ വിധവകള്‍ക്കും അനാഥര്‍ക്കും മാറാരോഗങ്ങള്‍കൊണ്ട് ബുദ്ധിമുട്ടുന്നവര്‍ക്കും സഹായമെത്തിക്കുന്ന വിധത്തിലുള്ള ഗുണകരമായ പ്രവര്‍ത്തന പദ്ധതികളൊന്നും നിലവിലില്ല. ഇത്തരം ക്രിയാത്മകവും വികസനോത്മകവും സമുദായത്തിന്റെ സമഗ്രമായ ഉന്നമനത്തിന് ഉതകുന്നതുമായ പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌കരിച്ച് നടപ്പാക്കുന്നതിന് പകരം പരസ്പരമുള്ള പോരില്‍ വഖഫ് ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും സതംഭിച്ച അവസ്ഥയിലാണ്. ഇങ്ങനെയൊരു ബോര്‍ഡ് നിലനില്‍ക്കുന്നുണ്ടോ എന്ന് പോലും അറിയാനാവുന്നില്ല.

കേരള സര്‍ക്കാര്‍ വഖഫ് ബോര്‍ഡിന് വേണ്ടി വകയിരുത്തിയ തുകകളൊന്നും വഖഫ് ബോര്‍ഡിന് ലഭ്യമാകുന്നില്ല എന്ന പരാതിയും ഉയരുന്നുണ്ട്. വഖഫ് ബോര്‍ഡിനെ പുനരുജ്ജീവിപ്പിക്കാനും പ്രവര്‍ത്തനക്ഷമമാക്കാനും കാലതാമസം കൂടാതെ ബന്ധപ്പെട്ടവര്‍ തയ്യാറാകണമെന്ന് അദ്ദേഹം നിവേദനത്തിലൂടെ ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button