കോഴിക്കോട്: കോഴിക്കോട് കെ.എസ്.ആർ.ടി.സി ബസ് ടെർമിനൽ കോംപ്ലക്സ് വ്യാപാരാവശ്യങ്ങൾക്ക് തുറന്നു നൽകും. ഓഗസ്റ്റ് 26 നാണ് എം.ഒ.യു ഒപ്പുവച്ച് കോംപ്ലക്‌സ് തുറന്നു നൽകുക. ഗതാഗത മന്ത്രി ആന്റണി രാജുവാണ് ഇക്കാര്യം അറിയിച്ചത്.
നിർമ്മാണം പൂർത്തിയാക്കി അഞ്ചുവർഷം കഴിഞ്ഞിട്ടാണ് കോഴിക്കോട് ബസ് ടെർമിനൽ കോംപ്ലക്‌സ് വ്യാപാരാവശ്യങ്ങൾക്കായി തുറന്നു നൽകുന്നത്. സംസ്ഥാന സർക്കാരിന്റെ 100 ദിന കർമ്മ പരിപാടിയിൽ ഉൾപ്പെടുത്തിയാണ് നടപടി. 3.22 ഏക്കർ സ്ഥലത്താണ് നാലു ലക്ഷം ചതുരശ്ര അടി വിസ്തീർണ്ണമുള്ള ബസ് ടെർമിനൽ കോംപ്ലക്സ് സ്ഥിതി ചെയ്യുന്നത്. 74.63 കോടി രൂപയാണ് ടെർമിനലിന്റെ നിർമ്മാണ ചെലവ്. 11 ലിഫ്റ്റുകളും 2 എസ്‌കലേറ്ററുകളും ഇവിടെയുണ്ട്. നിക്ഷേപമായി 17 കോടി രൂപയും പ്രതിമാസം 43.20 ലക്ഷം രൂപ വാടകയും ലഭിക്കുന്നതു മൂലം കെ.റ്റി ഡി.എഫ്.സിക്ക് 30 വർഷം കൊണ്ട് ഏകദേശം 257 കോടിയോളം രൂപ വരുമാനം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
പൊതുമരാമത്തു വകുപ്പുമന്ത്രി പി. എ. മുഹമ്മദ് റിയാസും ഗതാഗത വകുപ്പുമന്ത്രി ആന്റണി രാജുവും നടത്തിയ ചർച്ചകൾക്കൊടുവിലാണ് പ്രശ്‌നങ്ങൾ പരിഹരിച്ച് ബസ് ടെർമിനൽ കോംപ്ലക്‌സ് തുറക്കാൻ ധാരണാ പത്രത്തിൽ ഒപ്പുവെയ്ക്കാൻ തീരുമാനിച്ചത്. കോഴിക്കോടിന്റെ വ്യാപാര വാണിജ്യ മേഖലകൾക്ക് കരുത്തുപകരാൻ ഇതിലൂടെ കഴിയുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 250 കാറുകളും 600 ഇരു ചക്രവാഹനങ്ങളും 40 ബസുകളും പാർക്ക് ചെയ്യാനുള്ള സൗകര്യം ഇവിടെയുണ്ട്.
Read Also: മഹിളാ കോണ്‍ഗ്രസ് പ്രതിഷേധത്തിനിടെ സംഘര്‍ഷം : സ്വകാര്യ വ്യക്തിയുടെ മതില്‍ ഇടിഞ്ഞു വീണതായി പരാതി
Post Your Comments