KeralaLatest NewsNews

അമിത് ഷായെ സഹകരണ വകുപ്പ് ഏല്‍പ്പിച്ചത് രാജ്യദ്രോഹം : എം.വി.ജയരാജന്‍

നീണ്ടുപോകുന്ന താടി വെട്ടാനാവാതെ മന്ത്രിമാരെ വെട്ടിമാറ്റി

തിരുവനന്തപുരം: കേന്ദ്രത്തില്‍ ബിജെപിയുടെ ഭരണം രണ്ട് വര്‍ഷം പിന്നിടുമ്പോള്‍ സര്‍ക്കാരിന്റെ പ്രതിച്ഛായ തകര്‍ന്നുവെന്ന ആരോപണവുമായി സി.പി.എം നേതാവ് എം.വി.ജയരാജന്‍. തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് മോദി സര്‍ക്കാരിനെതിരെ ആരോപണം ഉന്നയിച്ചിരിക്കുന്നത്. പ്രതിച്ഛായ തകര്‍ന്നു എന്നതിന്റെ സൂചനയാണ് ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ദ്ധന്‍ അടക്കമുള്ള മുതിര്‍ന്ന മന്ത്രിമാരെ മോദി സ്ഥാനത്തു നിന്നും മാറ്റിയത്. നീണ്ടുപോകുന്ന താടി വെട്ടാനാവാതെ മന്ത്രിമാരെ വെട്ടിമാറ്റി തൃപ്തിയടയുകയാണ് പ്രധാനമന്ത്രി എന്നും തന്റെ പോസ്റ്റിലൂടെ പരിഹസിച്ചു.

കോവിഡ് പ്രതിരോധകാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ സമ്പൂര്‍ണ്ണ പരാജയമാണ്. ആരോഗ്യമന്ത്രിയെ മാറ്റിയാല്‍ പരാജയത്തിന് ഉത്തരവാദി ആരോഗ്യമന്ത്രിയാവും. പ്രധാനമന്ത്രിക്ക് രക്ഷപ്പെടാം. അതാണ് ഇത്തരം ചെപ്പടി വിദ്യയിലൂടെ ഉദ്ദേശിക്കുന്നതെങ്കില്‍ ജനങ്ങള്‍ തിരിച്ചറിയുക തന്നെ ചെയ്യുമെന്നും ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ ജയരാജന്‍ പറഞ്ഞു.

Read Also : ചാനല്‍ ചര്‍ച്ചയില്‍ ഐഷ സുല്‍ത്താന പറഞ്ഞ കാര്യങ്ങള്‍ വിശദീകരിച്ച് ബി.ജി. വിഷ്ണു

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം…..

‘പ്രധാനമന്ത്രി താടിവെട്ടിയില്ലെങ്കിലും മന്ത്രിമാരെ വെട്ടിമാറ്റി. ഭരണം രണ്ട് വര്‍ഷം പിന്നിടുമ്പോള്‍ കേന്ദ്ര ബിജെപി സര്‍ക്കാരിന്റെ പ്രതിച്ഛായ തകര്‍ന്നുവെന്ന കുറ്റസമ്മതമാണ് മന്ത്രിമാരെ മാറ്റിയ മോദിയുടെ നടപടി. നീണ്ടുപോകുന്ന താടി വെട്ടാനാവാതെ മന്ത്രിമാരെ വെട്ടിമാറ്റി തൃപ്തിയടയുകയാണ് പ്രധാനമന്ത്രി. കോവിഡ് പ്രതിരോധകാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ സമ്പൂര്‍ണ്ണ പരാജയമാണ്. ആരോഗ്യമന്ത്രിയെ മാറ്റിയാല്‍ പരാജയത്തിന് ഉത്തരവാദി ആരോഗ്യമന്ത്രിയാവും. പ്രധാനമന്ത്രിക്ക് രക്ഷപ്പെടാം. അതാണ് ഇത്തരം ചെപ്പടി വിദ്യയിലൂടെ ഉദ്ദേശിക്കുന്നതെങ്കില്‍ ജനങ്ങള്‍ തിരിച്ചറിയുക തന്നെ ചെയ്യും’.

‘സഹകരണവകുപ്പ് അമിത്ഷായെ ഏല്‍പ്പിച്ചതും ധനമന്ത്രിയെ പൊതുമേഖല വിറ്റഴിക്കാന്‍ ഏല്‍പ്പിച്ചതും അതോടൊപ്പം സഹകരണ മേഖലയില്‍ സംസ്ഥാനങ്ങള്‍ക്കുള്ള അവകാശങ്ങള്‍ കവര്‍ന്നെടുക്കുന്നതും കടുത്ത രാജ്യ ദ്രോഹമാണ്’ .

‘പ്രതിദിന ഇന്ധന വിലക്കയറ്റവും കര്‍ഷക-തൊഴിലാളി ദ്രോഹ നിയമങ്ങളും ന്യൂനപക്ഷ വേട്ട ലക്ഷ്യമാക്കിയുള്ള ദേശീയ പൗരത്വ രജിസ്റ്ററും പൊതുമേഖല മുഴുവന്‍ വിറ്റഴിക്കുന്ന നയവും ബന്ധപ്പെട്ട മന്ത്രിമാരുടെ വ്യക്തിപരമായ നയമല്ല. ബിജെപി സര്‍ക്കാരിന്റെ കോര്‍പ്പറേറ്റ് അനുകൂലവും ജനവിരുദ്ധവുമായ നയമാണ്. ഈ നയം മാറ്റാതെ 36 പുതുമുഖങ്ങളെ മന്ത്രിമാരാക്കിയാലൊന്നും സര്‍ക്കാറിന്റെ തകര്‍ന്ന പ്രതിച്ഛായ പുനഃസ്ഥാപിക്കാനാവില്ല’.

‘ആരോഗ്യം, വിദ്യാഭ്യാസം, തൊഴില്‍ സാമൂഹ്യനീതി, റെയില്‍വേ,വ്യോമയാനം, തുറമുഖ-ഷിപ്പിങ്ങ്, പെട്രോളിയം-സ്റ്റീല്‍, വാര്‍ത്താവിനിമയം ഉള്‍പ്പെടെ പ്രധാന വകുപ്പ് മന്ത്രിമാരെയെല്ലാം മാറ്റിയിട്ടുണ്ട്. ബിസിനസ്സുമായി ബന്ധപ്പെട്ടതാണ് പല വകുപ്പുകളും. ലക്ഷ്യം വ്യക്തമാണ്. ബിജെപി സര്‍ക്കാരിന്റെ പൊതുനയമായ പൊതുമേഖലാ വില്പന വേഗതയില്‍ നടപ്പാക്കുക എന്നതാണത്. അതിന് മന്ത്രിമാരുടെ മാറ്റം സഹായിച്ചേക്കാം’ .

‘ ആറ് മാസമായി നടന്നുവരുന്ന കര്‍ഷകസമരത്തെ അനുഭാവപൂര്‍വ്വം പരിഗണിക്കാനും കര്‍ഷകദ്രോഹ നിയമങ്ങള്‍ പിന്‍വലിക്കാനും ഇന്ധനവിലനിര്‍ണ്ണായവകാശം കേന്ദ്ര സര്‍ക്കാര്‍ ഏറ്റെടുക്കാനും പൊതുമേഖലാ ഓഹരി വില്പന നിര്‍ത്തിവെക്കാനും ജാതി-മതാടിസ്ഥാനത്തില്‍ പൗരത്വം നല്‍കുന്ന വ്യവസ്ഥ റദ്ദാക്കാനും കോണ്‍ഗ്രസ്സില്‍ നിന്നും തൃണമൂലില്‍ നിന്നും ബിജെപിയിലെത്തിയ പുതിയ മന്ത്രിമാര്‍ക്ക് കഴിയുമോ എന്നാണ് അറിയേണ്ടത്. അങ്ങനെ കഴിയുന്നില്ലെങ്കില്‍ ഇടതുകാലിലെ മന്ത് വലതുകാലിലേക്ക് പകരുന്നത്പോലെ മാത്രമാവും ഈ മന്ത്രിമാറ്റങ്ങള്‍’ – എം.വി.ജയരാജന്‍ പറഞ്ഞു.

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button