തിരുവനന്തപുരം: പ്ലാസ്റ്റിക്കും ഇറച്ചി അവശിഷ്ടങ്ങളും അടിഞ്ഞ് മാലിന്യ കോട്ടയായ ആമയിഴഞ്ചാൻ തോടിന് വീണ്ടും നല്ല കാലം വരുന്നു. ജലവിഭവ വകുപ്പ് ഇത് സംബന്ധിച്ച് സമർപ്പിച്ച 25 കോടിയുടെ പദ്ധതിക്ക് മന്ത്രിസഭ കൂടി അംഗീകാരം നൽകിയ സാഹചര്യത്തിലാണ് തോട് പുനർ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്. കണ്ണമൂല മുതൽ ആക്കുളം വരെ നീളുന്ന ഭാഗത്തെ ചെളി, മാലിന്യം എന്നിവ നീക്കൽ ആരംഭിച്ചു. സംരക്ഷണ ഭിത്തി നിർമ്മിക്കലും അതിർത്തി കെട്ടി സംരക്ഷണവുമാണ് രണ്ടാംഘട്ടമായി നടത്താൻ ഉദ്ദേശിക്കുന്നത്.
കേരള ജല വകുപ്പിൻ്റെ ഒബ്സർ വേറ്റർ ഹില്ലിൽ നിന്ന് ഉത്ഭവിച്ച് കണ്ണമൂല വഴി ആക്കുളം കായലിൽ ചെന്നു ചേരുന്ന തോടിൻ്റെ നീളം 12 കിലോമീറ്ററാണ്. കോർപ്പറേഷനിലൂടെ ഒഴുകുന്ന തോടുകളെല്ലാം തന്നെ വന്നു ചേരുന്നതും ആമയിഴഞ്ചാൻ തോട്ടിലാണ്. മാത്രമല്ല ആമയിഴഞ്ചാൻ ഉൾപ്പടെ വിവിധ തോടുകളിലെ എക്കൽ നീക്കുന്നതിനുള്ള സിൽറ്റ് പുഷർ മെഷീൻ വാങ്ങും. എസ്കവേറ്റർ ഉപയോഗം തോട്ടിൽ പ്രായോഗികമല്ലെന്ന് ബാർട്ടൺ ഹിൽ എൻജിനീയറിംഗ് കോളേജിലെ വിദഗ്ദ്ധർ നടത്തിയ പഠനത്തിൽ കണ്ടെത്തിയിരുന്നു. ഇതേ തുടർന്നാണ് മെഷീൻ വാങ്ങാൻ ഉദ്ദേശിക്കുന്നത്. മെഷീൻ രണ്ട് വർഷത്തേക്ക് പ്രവർത്തിപ്പിക്കാനും പരിപാലിക്കാനും തുക വകയിരുത്തി കഴിഞ്ഞു.
കഴിഞ്ഞ കുറേ വർഷങ്ങളായി തിരുവനന്തപുരം നഗരത്തിലെ ഏറ്റവും അധികം മാലിന്യം തള്ളുന്ന ഒരിടമായിരുന്നു ആമയിഴഞ്ചാൻ തോട്. തോട് വൃത്തിയാക്കി സംരക്ഷിക്കുന്നതിലൂടെ തിരുവനന്തപുരം നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കപ്പെടുമെന്ന് തന്നെ പറയാം. വേനൽ കാലത്ത് തോട്ടിൽ ഒഴുക്ക് നിലച്ച് വലിയ അളവിൽ മാലിന്യ കൂമ്പാരം അടിഞ്ഞ് കൂടിയ നിലയിൽ കാണപ്പെട്ടിരുന്നു. കനാൽ സംവിധാനം വൃത്തിയാക്കാനും നവീകരിക്കാനും ലക്ഷ്യമിട്ട് ജലവിഭവ വകുപ്പ് രൂപകൽപ്പന ചെയ്ത 25 കോടിയുടെ പദ്ധതിക്ക് മന്ത്രിസഭാ അംഗീകാരം നൽകിയതോടെ നാളുകളായുള്ള തങ്ങളുടെ ബുദ്ധിമുട്ടുകൾക്ക് പരിഹാരം കാണാൻ കഴിയുമെന്ന ആശ്വാസത്തിലാണ് പ്രദേശവാസികൾ.
Post Your Comments