വെംബ്ലി: യൂറോ കപ്പിലെ രണ്ടാം സെമി ഫൈനൽ മത്സരത്തിൽ ഇംഗ്ലണ്ട് ആരാധകരിൽ നിന്നും ഡെൻമാർക്ക് ഗോൾ കീപ്പർ കാസ്പർ ഷിമൈക്കേലിന് നേരെ ലേസർ പ്രയോഗം നടന്നതായി റിപ്പോർട്ട്. ഇരുടീമുകളും ഓരോ ഗോൾ വീതം നേടി സമനിലയിൽ നിന്നും മത്സരം എക്സ്ട്രാ ടൈമിലേക്ക് നീണ്ടിരുന്നു. എക്സ്ട്രാ ടൈമിൽ ഇംഗ്ലണ്ടിന് ലഭിച്ച പെനാൽറ്റി നേരിടുന്നതിനിടെയാണ് ഡെന്മാർക്ക് ഗോൾ കീപ്പർക്ക് നേരെ ലേസര്‍ പ്രയോഗം നടന്നത്.
ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ഇംഗ്ലണ്ട് നായകൻ ഹാരി കെയ്നെടുത്ത പെനാൽറ്റി ഗോളാകുകയും മത്സരത്തിൽ 2-1ന് ഇംഗ്ലണ്ട് വിജയിക്കുകയും ചെയ്തു. എക്സ്ട്രാ ടൈമിലേക്ക് നീണ്ട മത്സരത്തിൽ 104-ാം മിനിറ്റിലാണ് ഇംഗ്ലണ്ടിന് പെനാൽറ്റി ലഭിക്കുന്നത്. ഹാരി കെയ്നെടുത്ത കിക്ക് കാസ്പർ തട്ടിമാറ്റിയെങ്കിലും റീബൗണ്ടിലാണ് ഗോളാകുന്നത്. ഈ കിക്ക് നേരിടുമ്പോഴാണ് പച്ച നിറത്തിലുള്ള വെളിച്ചം കാസ്പറുടെ മുഖത്ത് പതിക്കുന്നത്.
Read Also:- ധോണിയോടുള്ള ആദരവായി ഏഴാം നമ്പർ ജേഴ്സി പിൻവലിക്കണമെന്ന് സാബ കരീം
അറുപതിനായിരത്തോളം ഗാലറി ശേഷിയുള്ള വെംബ്ലിയിൽ 5,800 ടിക്കറ്റുകൾ മാത്രമായിരുന്നു ഡെന്മാർക്ക് ആരാധകർക്കായി മാറ്റി വെച്ചിരുന്നത്. കോവിഡ് യാത്രാനിയന്ത്രണങ്ങൾ ഉള്ളതിനാൽ ഇതിൽ നിരവധി പേർക്ക് എത്താൻ സാധിച്ചില്ലെന്നാണ് റിപ്പോർട്ട്. ഞായറാഴ്ച നടക്കുന്ന ഫൈനലിൽ ഇറ്റലിയാണ് ഇംഗ്ലണ്ടിന്റെ എതിരാളികൾ.
Post Your Comments