തിരുവനന്തപുരം: സംസ്ഥാനത്തെ ബാറുകളിൽ ഇന്ന് മുതൽ വിദേശമദ്യവിൽപ്പന ആരംഭിക്കും. ലാഭവിഹിതത്തിലെ തർക്കത്തെ തുടർന്ന് ദിവസങ്ങളോളമായി ബാറുകളിൽ വിദേശമദ്യ വിൽപ്പന നിർത്തിവെച്ചിരിക്കുകയായിരുന്നു. ബെവ്‌കോ ബാറുകൾക്ക് നൽകുന്ന മദ്യത്തിന്റെ വെയർഹൗസ് ലാഭവിഹിതം എട്ടിൽ നിന്നും 25 ആക്കി ഉയർത്തിയതോടെയാണ് ബാറുകളിൽ വിദേശ മദ്യ വിൽപ്പന നിർത്തിവെച്ചത്.
സർക്കാർ ഇടപെട്ടതോടെയാണ് തർക്കം അവസാനിച്ചത്. വെയർ ഹൗസ് ലാഭ വിഹിതം 25 ശതമാനത്തിൽ നിന്ന് 13 ശതമാനമായി കുറയ്ക്കാമെന്ന് സർക്കാർ സമ്മതിച്ചതോടെയാണ് തർക്കത്തിന് പരിഹാരമായത്. തുടർന്ന് ഇന്ന് മുതൽ ബാറുകൾ തുറക്കുമെന്ന് ഉടമകൾ അറിയിച്ചു. കോവിഡ് ചട്ടങ്ങൾ നിലനിൽക്കുന്നതിനാൽ ബാറുകളിൽ ഇരുന്ന് മദ്യം കഴിക്കാനാകില്ല. മദ്യവിൽപ്പന മാത്രമാണ് ഇന്ന് തുടങ്ങുന്നത്. നിലവിൽ ബാറുകൾ വഴി വൈനും ബിയറും വിൽപന നടത്തുന്നുണ്ട്.
കൺസ്യൂമർ ഫെഡും ഇന്ന് മുതൽ മദ്യവിൽപ്പന തുടങ്ങും. കൺസ്യൂമർ ഫെഡിന്റെ ലാഭവിഹിതവും 13 ശതമാനമാക്കി കുറച്ചിട്ടുണ്ട്. നിലവിൽ ബെവ്‌കോ ഔട്ട്‌ലെറ്റുകൾ വഴി മാത്രമാണ് മദ്യവിൽപ്പന നടത്തുന്നത്.
Post Your Comments