KeralaLatest NewsNewsIndia

കേരളത്തിലെ സംഘികളുടെ സ്വപ്നങ്ങള്‍ ആ കമന്റിലുണ്ട്, ജനകീയ പ്രതിരോധം ഉയരണം: തോമസ് ഐസക്

സിപിഎമ്മിന്റെ രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും വലിയ സമരത്തിന് അവര്‍ പെട്ടെന്ന് തന്നെ നേതൃത്വം നല്‍കും...!

തിരുവനന്തപുരം: രണ്ടാം മോദി സർക്കാരിന്റെ പുനഃസംഘടനയ്ക്ക് പിന്നാലെ ഭാരതത്തിന്റെ ആദ്യ സഹകരണ വകുപ്പ് മന്ത്രിയായി അമിത് ഷാ ചുമതലയേറ്റിരിക്കുകയാണ്. എന്നാൽ അമിത് ഷായെ ആദ്യത്തെ കേന്ദ്ര സഹകരണ മന്ത്രിയാക്കിയത് യാദൃശ്ചികമല്ലെന്ന് സി.പി.എം നേതാവ് തോമസ് ഐസക്. ഗുജറാത്തിലെ സഹകരണ ബാങ്കുകളെ കോണ്‍ഗ്രസില്‍ നിന്നും അടര്‍ത്തി ബി.ജെ.പിയുടെ പിടിയിലാക്കിയതിന്റെ സൂത്രധാരനാണ് അമിത് ഷായെന്നും ഐസക് ഫേസ്ബുക്കില്‍ കുറിച്ചു.

ഗുജറാത്തിലെ സഹകരണ മേഖല ഇന്ന് ബി.ജെ.പിയുടെ ഒരു പ്രധാന അടിത്തറയാണെന്നും ഐസക് അഭിപ്രായപ്പെട്ടു. കൂടാതെ സി.പി.എം സംസ്ഥാന കമ്മിറ്റിയുടെ ഫേസ്ബുക്ക് പേജിലെ പോസ്റ്റിനു താഴെ വന്ന സംഘപരിവാര്‍ അനുകൂലിയുടെ പോസ്റ്റ് അദ്ദേഹം പ്രത്യേകം ചൂണ്ടിക്കാട്ടി. അമിത് ഷാ എന്ത് ചെയ്യുമെന്നതിനെക്കുറിച്ച്‌ കേരളത്തിലെ സംഘപരിവാറുകാരുടെ സ്വപ്നങ്ങള്‍ ഈ കമന്റിലുണ്ടെന്നും സഹകരണ മേഖലയെ സംരക്ഷിക്കുന്നതിന് അതിശക്തമായ ജനകീയ പ്രതിരോധം ഉയരണമെന്നും ഐസക് കൂട്ടിച്ചേര്‍ത്തു.

read also: കേന്ദ്രമന്ത്രിസഭയുടെ പുനഃസംഘടനയ്ക്കു ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സര്‍പ്രൈസ് പ്രഖ്യാപനം

തോമസ് ഐസകിന്റെ ഫേസ്ബുക്ക് പോസ്റ്റ്

അമിത് ഷായെതന്നെ രാജ്യത്തെ ആദ്യത്തെ കേന്ദ്ര സഹകരണ മന്ത്രിയാക്കിയത് യാദൃശ്ചികമല്ല. അമിത് ഷായായിരുന്നു ഗുജറാത്തിലെ സഹകരണ ബാങ്കുകളെ കോണ്‍ഗ്രസില്‍ നിന്നും അടര്‍ത്തി ബിജെപിയുടെ പിടിയിലാക്കിയതിന്റെ സൂത്രധാരന്‍. അമൂല്‍ കുര്യനെ പാല്‍ സഹകരണ മേഖലയില്‍ നിന്നും പുകച്ചുപുറത്തു ചാടിച്ചതിന്റെയും പിന്നില്‍ ബിജെപിയുടെ കരങ്ങളുണ്ടായിരുന്നു. നിരീശ്വരവാദിയായ അദ്ദേഹത്തെ മതപരിവര്‍ത്തനത്തിന് ഒത്താശ ചെയ്യുന്നയാളെന്ന് ആക്ഷേപിക്കാനും മടിയുണ്ടായില്ല. ഗുജറാത്തിലെയും രാജ്യത്തെയും ധവളവിപ്ലവത്തിന്റെ നായകന് മരണത്തിനുശേഷംപോലും ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ തൊട്ടടുത്തൊരു പട്ടണത്തില്‍ ഉണ്ടായിട്ടുപോലും മോഡി തയ്യാറായില്ല എന്നതില്‍ നിന്നും എത്രമാത്രമായിരുന്നു വൈരാഗ്യമെന്ന് ഊഹിക്കാം. ഗുജറാത്തിലെ സഹകരണ മേഖല ഇന്ന് ബിജെപിയുടെ ഒരു പ്രധാന അടിത്തറയാണ്.

പാര്‍ടി ജനറല്‍ സെക്രട്ടറി സ. സീതാറാം യെച്ചൂരി സഹകരണം സംസ്ഥാന വിഷയമാണെന്നും അവിടെ പുതിയൊരു കേന്ദ്രമന്ത്രാലയത്തിനു പ്രസക്തിയില്ലെന്നും ഫെഡറല്‍ സംവിധാനത്തെ ഹനിക്കുന്നതാണെന്നും പ്രസ്താവിച്ചിട്ടുണ്ട്. ഇത് പാര്‍ടി സംസ്ഥാന കമ്മിറ്റിയുടെ ഫെയ്സ്ബുക്ക് പേജില്‍ നല്‍കിയിരുന്നു. ഇതിനു കീഴില്‍ ഒരു സംഘി എഴുതിയത് വായിക്കുക-

‘ഇ.ഡി മാതൃകയില്‍ പുതിയ ഏജന്‍സി… സഹകരണ സ്ഥാപനങ്ങളിലെ കള്ളപ്പണം കണ്ടെത്തുക ലക്ഷ്യം… പുതിയ ഏജന്‍സി വരുന്നത് സഹകരണ വകുപ്പിന് കീഴില്‍. ഇന്ത്യയിലെ ആദ്യത്തെ സഹകരണമന്ത്രിയായി അമിത് ഷാ… സിപിഎമ്മിന്റെ രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും വലിയ സമരത്തിന് അവര്‍ പെട്ടെന്ന് തന്നെ നേതൃത്വം നല്‍കും…! കാരണമെന്താണെന്ന് അറിയേണ്ടേ…? കേന്ദ്രം സഹകരണ മന്ത്രാലയം രൂപീകരിച്ചു. അതിന്റെ തലൈവര്‍ അമിത് ഷായും… അണ്ണന്റെ രാഷ്ട്രീയ തന്ത്രങ്ങളുടെ ആദ്യ പരീക്ഷണ ശാല അഹമ്മദാബാദിലെ സഹകരണ ബാങ്കുകളായിരുന്നു… ചുമ്മാ പറഞ്ഞന്നെ ഉള്ളു…’

മന്ത്രിസഭാ വിപുലീകരണത്തിനു രണ്ടുദിവസം മുമ്ബാണ് പുതിയ മന്ത്രാലയം രൂപീകരിച്ചുകൊണ്ട് ഉത്തരവിറക്കിയത്. അതില്‍ അമിത് ഷായെ പ്രതിഷ്ഠിക്കുകയും ചെയ്തു. അര്‍ബന്‍ ബാങ്കുകളുടെ കാര്യത്തില്‍ സംസ്ഥാന സഹകരണ രജിസ്ട്രാര്‍ക്ക് ഉണ്ടായിരുന്ന അവകാശങ്ങള്‍ റിസര്‍വ്വ് ബാങ്കിനു കൈമാറിക്കൊണ്ട് 2020 സെപ്തംബറില്‍ പാര്‍ലമെന്റ് നിയമം പാസ്സാക്കി. അതു പ്രാഥമിക സഹകരണ ബാങ്കുകള്‍ക്കു ബാധകമാക്കുന്നതിന് ഒരു പ്രത്യേക നോട്ടിഫിക്കേഷന്‍ മതിയാകും. അതിലൂടെ വൈദ്യനാഥന്‍ കമ്മിറ്റി നിര്‍ദ്ദേശിച്ചതും നമ്മള്‍ തിരസ്കരിച്ചതുമായ കാര്യങ്ങള്‍ അടിച്ചേല്‍പ്പിക്കാനാകും.

ബാങ്ക് എന്ന വിശേഷണം ഉപയോഗിക്കാനാവില്ല. ഡെപ്പോസിറ്റുകള്‍ വോട്ട് അവകാശമുള്ള എ ക്ലാസ് അംഗങ്ങളില്‍ നിന്നു മാത്രമേ സ്വീകരിക്കാനാവൂ. അല്ലാതെയുള്ള 60,000 കോടി രൂപയുടെ ഡെപ്പോസിറ്റ് തിരിച്ചു കൊടുക്കേണ്ടിവരും. ചെക്ക് പാടില്ല. വിത്ഡ്രോവല്‍ സ്ലിപ്പേ പാടുള്ളൂ. കേരള ബാങ്കില്‍ മിറര്‍ അക്കൗണ്ട് സൃഷ്ടിച്ച്‌ പ്രാഥമിക സഹകരണ ബാങ്കിംഗ് സേവനങ്ങള്‍ മെച്ചപ്പെടുത്താനാണല്ലോ നാം ആലോചിക്കുന്നത്. അതു നിരോധിക്കപ്പെടും. പ്രാഥമിക സഹകരണ ബാങ്കുകള്‍ സംബന്ധിച്ച ഈ പറഞ്ഞ നിര്‍ദ്ദേശങ്ങളൊന്നും ഇതുവരെ നടപ്പാക്കിയിട്ടില്ല.

എന്നാല്‍ പുതിയ ബാങ്കിംഗ് റെഗുലേഷന്റെ പശ്ചാത്തലത്തില്‍ ഒരു നോട്ടിഫിക്കേഷനിലൂടെ ഇവ നടപ്പാക്കാനാവും. ഡെമോക്ലസിന്റെ വാളുപോലെ ഈ അപകടം നമ്മുടെ സഹകരണ മേഖലയുടെ തലയ്ക്കു മുകളില്‍ തൂങ്ങുകയാണ്. ഈയൊരു സന്ദര്‍ഭത്തിലാണ് അമിത് ഷാ കേന്ദ്രസഹകരണ മന്ത്രിയായി സ്ഥാനമേറ്റിരിക്കുന്നത്. അമിത് ഷാ എന്ത് ചെയ്യുമെന്നതിനെക്കുറിച്ചു കേരളത്തിലെ സംഘികളുടെ സ്വപ്നങ്ങള്‍ ഞാന്‍ ഉദ്ദരിച്ച കമന്റിലുണ്ട്. സഹകരണ മേഖലയെ സംരക്ഷിക്കുന്നതിന് അതിശക്തമായ ജനകീയ പ്രതിരോധം ഉയരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button