ന്യൂഡല്‍ഹി: പുനഃസംഘടനയോടെ നരേന്ദ്ര മോദി സര്‍ക്കാരിന്റെ രണ്ടാം മന്ത്രിസഭയില്‍ എത്തുന്ന 11 വനിതകളില്‍ ഒരാളാണ് പ്രതിമാ ഭൗമിക്. ചരിത്രം സൃഷ്ടിച്ചുകൊണ്ടാണ് മോദി സര്‍ക്കാരിലേക്ക് ത്രിപുരയില്‍ നിന്നുള്ള പ്രതിമാ ഭൗമിക് എത്തുന്നുന്നത്. ത്രിപുരയില്‍ നിന്ന് കേന്ദ്ര മന്ത്രിസഭയില്‍ എത്തുന്ന ആദ്യ വ്യക്തിയാണ് പ്രതിമാ ഭൗമിക് . നാട്ടുകാര്‍ ‘പ്രതിമാ ദി’ എന്ന് സ്‌നേഹത്തോടെ വിളിക്കുന്ന അവര്‍ വെസ്റ്റ് ത്രിപുര മണ്ഡലത്തില്‍ നിന്നുള്ള ലോക്‌സഭാംഗമാണ്.
മോദി സര്‍ക്കാരില്‍ സാമൂഹ്യനീതി വകുപ്പിന്റെ സഹമന്ത്രിസ്ഥാനമാണ് അവര്‍ക്ക് ലഭിച്ചത്. ത്രിപുര ബിജെപിയുടെ ജനറല്‍ സെക്രട്ടറിയായിരുന്ന 52 കാരിയായ പ്രതിമാ ഭൗമിക് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വിജയിച്ചതിനേ തുടര്‍ന്നാണ് സ്ഥാനം ഒഴിഞ്ഞത്. നിലവില്‍ പാര്‍ട്ടിയുടെ വൈസ് പ്രസിഡന്റാണ് അവര്‍. ത്രിപുര വനിതാ കോളേജില്‍ നിന്ന് ബയോ സയന്‍സില്‍ ബിരുദം നേരിയ അവര്‍ കര്‍ഷകയുമാണ്. ത്രിപുര വെസ്റ്റ് മണ്ഡലത്തിൽ നിന്ന് 3 ലക്ഷത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷം നേടിക്കൊണ്ട് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വലിയ വിജയം നേടിയത്.
ദീര്‍ഘകാലമായി രാഷ്ട്രീയ രംഗത്ത് തുടരുമ്പോഴും എല്ലാക്കാലവും മുന്‍നിരയില്‍ നിന്ന് മാറി നടക്കുന്ന ശീലമായിരുന്നു പ്രതിഭാ ഭൗമിക്കിന്.നേരത്തെ സന്തോഷ് മോഹന്‍ ദേവ്, ത്രിഗുണ സെന്‍ എന്നിവര്‍ കേന്ദ്ര മന്ത്രിസഭയില്‍ എത്തിയിരുന്നുവെങ്കിലും ഇതുവരും ത്രിപുരയില്‍ നിന്നായിരുന്നില്ല പാര്‍ലമെന്റിലെത്തിയത്.
സന്തോഷ് മോഹന്‍ ദേവ് അസമിലെ സില്‍ച്ചാറില്‍ നിന്നും ത്രിഗുണ സെന്‍ പശ്ചിമ ബംഗാളില്‍ നിന്നുമാണ് തിരഞ്ഞെടുക്കപ്പെട്ടിരുന്നത്.സ്ഥാനലബ്ധിക്ക് പിന്നാലെ പ്രതിമ ഭൗമിക്കിനെ അഭിനന്ദിച്ചുകൊണ്ട് ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് കുമാര്‍ ട്വീറ്റ് ചെയ്തു. സംസ്ഥാനത്തെ വനിതാ ശക്തിയുടെ പ്രതിനിധിയായി പ്രതിമാ ഭൗമിക് കേന്ദ്ര മന്ത്രിസഭയില്‍ എത്തിയത് ത്രിപുരയെ സംബന്ധിച്ച് വലിയ അഭിമാന നിമിഷമെന്ന് അദ്ദേഹം പറഞ്ഞു.
Post Your Comments