ബ്രസീലിയ: കോപ അമേരിക്കയിൽ ഫൈനൽ ലക്ഷ്യമിട്ട് മെസ്സിയും സംഘവും നാളെ ഇറങ്ങും. ഇന്ത്യൻ സമയം നാളെ രാവിലെ 6.30ന് ബ്രസീലിയയിലെ മാനെ ഗാരിഞ്ച സ്റ്റേഡിയത്തിൽ കൊളംബിയയാണ് അർജന്റീനയുടെ എതിരാളികൾ. കഴിഞ്ഞ 17 മത്സരങ്ങളിൽ തോൽവിയറിയാതെ മുന്നേറുന്ന അർജന്റീനയുടെ ലക്ഷ്യം കിരീടമാണ്. തകർപ്പൻ ഫോമിലുള്ള സൂപ്പർതാരം ലയണൽ മെസ്സിയുടെ തോളിലേറിയാണ് അർജന്റീനയുടെ കുതിപ്പ്.
അർജന്റീന ടൂർണമെന്റിൽ നേടിയ പത്തു ഗോളിൽ നാലെണ്ണവും മെസ്സിയുടെ കാലുകളിൽ നിന്ന് പിറന്നതായിരുന്നു. നാലെണ്ണത്തിന് വഴിയൊരുക്കിയതും താരം തന്നെയായിരുന്നു. മുന്നേറ്റ നിരയിലെ മാർട്ടിനെസും ഗോമസും രണ്ടു ഗോളുകളുമായി മെസ്സിക്കു പിന്നിലുണ്ട്. മികച്ച ഫോമിൽ തുടരുന്ന മുന്നേറ്റ നിരയിൽ ഇവർക്കുപുറമെ നിക്കോളാസ് ഗോൺസാലസ്, ഡി മരിയ, സെർജിയോ അഗ്വേറോ എന്നിവരുമുണ്ട്.
Read Also:- കോഹ്‌ലിയുടെ തുറന്നടികൾ ഫലം കണ്ടു: ഇന്ത്യയുടെ ആവശ്യം അംഗീകരിച്ച് ഇംഗ്ലീഷ് ക്രിക്കറ്റ് ബോർഡ്
അർജന്റീനയും കൊളംബിയയും ഈ വർഷം രണ്ടാം തവണയാണ് ഏറ്റുമുട്ടുന്നത്. ജൂൺ ആദ്യം നടന്ന ലോകകപ്പ് യോഗ്യത മത്സരത്തിൽ ഇരുടീമും രണ്ടു ഗോൾ വീതം നേടി സമനിലയിൽ പിരിയുകയായിരുന്നു. അർജന്റീനയ്ക്കായി 76 ഗോൾ നേടിയിട്ടുള്ള മെസ്സി പുതിയൊരു റെക്കോർഡിനരികിലാണ്. നാളത്തെ മത്സരത്തിൽ ഒരു ഗോൾ നേടാനായാൽ ഇതിഹാസതാരം പെലെയുടെ അന്താരാഷ്ട്ര ഗോളിനൊപ്പമെത്താം.
Post Your Comments