ജെറുസലേം: ലോകത്ത് കോവിഡിനെതിരായ വാക്‌സിനേഷന്‍ പുരോഗമിക്കുന്നതിനിടെ ആശങ്ക അറിയിച്ച് ഇസ്രായേല്‍. കോവിഡിനെതിരെ രാജ്യത്ത് ഉപയോഗിക്കുന്ന ഫൈസര്‍ വാക്‌സിന്റെ ഫലപ്രാപ്തിയില്‍ കുറവുണ്ടായെന്ന് ഇസ്രായേല്‍ അറിയിച്ചു. സിന്‍ഹുവാ വാര്‍ത്താ ഏജന്‍സിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
ഫൈസര്‍ വാക്‌സിന്റെ ഫലപ്രാപ്തി 64 ശതമാനമായി കുറഞ്ഞെന്നാണ് ഇസ്രായേല്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചിരിക്കുന്നത്. മെയ് 2നും ജൂണ്‍ 5നും ഇടയിലുള്ള കാലയളവില്‍ 94.3 ശതമാനമായിരുന്നു ഫൈസര്‍ വാക്‌സിന്റെ ഫലപ്രാപ്തിയെന്ന് കണ്ടെത്തിയിരുന്നു. ഇസ്രായേലില്‍ കോവിഡിന്റെ ഡെല്‍റ്റ വകഭേദം വ്യാപിക്കാന്‍ ആരംഭിച്ചതിന് പിന്നാലെയാണ് ഫൈസറിന്റെ ഫലപ്രാപ്തിയില്‍ കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്.
ഡെല്‍റ്റ വകഭേദത്തെ പ്രതിരോധിക്കാന്‍ ഫൈസര്‍ വാക്‌സിന് കഴിയുന്നില്ലെന്നാണ് ഇസ്രായേല്‍ ആരോഗ്യ മന്ത്രാലയത്തിന്റെ വിലയിരുത്തല്‍. ജൂണ്‍ 6 മുതല്‍ ജൂലൈ വരെയുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ ഫലപ്രാപ്തിയില്‍ കുറവുണ്ടായെങ്കിലും രോഗികള്‍ക്ക് ഗുരുതര ആരോഗ്യപ്രശ്‌നങ്ങളില്‍ നിന്നും ഫൈസര്‍ സംരക്ഷണം നല്‍കുന്നുണ്ടെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. 2020 ഡിസംബര്‍ 20നാണ് ഇസ്രായേലില്‍ കോവിഡിനെതിരായ വാക്‌സിനേഷന്‍ ആരംഭിച്ചത്.
Post Your Comments