Latest News

സഹകരണ ബാങ്കില്‍ നിന്ന് 1.66 കോടി വെട്ടിച്ചു, സിപിഎം ഏരിയാ സെക്രട്ടറിയുടെ മകന്‍ പിടിയില്‍

സംഭവത്തെ കുറിച്ച്‌ പ്രതികരിക്കാന്‍ ബാങ്ക് അധികൃതര്‍ തയ്യാറായില്ല.

കൊല്ലം: എഴുകോണ്‍ സര്‍വീസ് സഹകരണ ബാങ്കില്‍ നടന്ന 1.66 കോടി രൂപയുടെ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് സി.പി.എം നെടുവത്തൂര്‍ ഏരിയാ കമ്മിറ്റി സെക്രട്ടറിയുടെ മകന്‍ ഉള്‍പ്പെടെ മൂന്ന് ജീവനക്കാരെ പുറത്താക്കി. ക്രമക്കേട് നടന്നതായി പറയുന്ന കാലയളവിലെ സെക്രട്ടറി കെ. അനില്‍കുമാര്‍, അക്കൗണ്ടന്റ് ബി. ബൈജു, ഏരിയാ സെക്രട്ടറി പി. തങ്കപ്പന്‍ പിള്ളയുടെ മകനും അറ്റന്‍ഡറുമായ ടി.പി. സുജിത്ത് എന്നിവരെയാണ് പുറത്താക്കിയത്.

സഹ. സംഘം രജിസ്ട്രാറുടെ നിര്‍ദ്ദേശാനുസരണം 15 വര്‍ഷം മുമ്പ് വരെയുള്ള രേഖകള്‍ പരിശോധിച്ചു. തുടര്‍ന്ന് അന്വേഷണ വിധേയമായി മാര്‍ച്ചില്‍ ഇവരെ സസ്പെന്‍ഡ് ചെയ്തു. നഷ്ടപ്പെട്ട തുക ആരോപിതരില്‍ നിന്ന് ഈടാക്കിയതിനാല്‍ ബാങ്കിന് സാമ്പത്തിക നഷ്ടം ഉണ്ടായില്ല. അടുത്തിടെ സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പുറത്താക്കല്‍. സി.പി.എം നേതൃത്വത്തിലുള്ള ഭരണസമിതിയാണ് ബാങ്ക് ഭരിക്കുന്നത്. വായ്പയ്ക്കായി അപേക്ഷിക്കുന്നവരില്‍ നിന്ന് രേഖകള്‍ വാങ്ങിയശേഷം അവര്‍ ആവശ്യപ്പെടുന്നതിനെക്കാള്‍ കൂടുതല്‍ തുക അനുവദിക്കും.

വായ്പക്കാരറിയാതെ ഈ തുക പങ്കിട്ടെടുത്തായിരുന്നു തട്ടിപ്പ്. 2020 ഫെബ്രുവരിയില്‍ ആരോപണം ഉയര്‍ന്നതോടെ അന്വേഷിക്കാന്‍ സമിതിയെ ബാങ്ക് നിയോഗിച്ചു. സംഭവത്തെ കുറിച്ച്‌ പ്രതികരിക്കാന്‍ ബാങ്ക് അധികൃതര്‍ തയ്യാറായില്ല. വിഷയം ചര്‍ച്ച ചെയ്ത സി.പി.എം ഏരിയാ കമ്മിറ്റിയില്‍ ഒരു വിഭാഗം കുറ്റാരോപിതര്‍ക്കെതിരെ ശക്തമായി രംഗത്തെത്തി. പുറത്താക്കപ്പെട്ടവര്‍ക്ക് മൂന്ന് മാസത്തിനുള്ളില്‍ ഭരണസമിതിക്ക് അപ്പീല്‍ നല്‍കാന്‍ അവസരമുണ്ട്.

 

shortlink

Post Your Comments


Back to top button