തിരുവനന്തപുരം: ഒന്നാം പിണറായി സർക്കാരിന്റെ കാലഘട്ടത്തിൽ ഏറ്റവുമധികം ചർച്ച ചെയ്യപ്പെട്ട ഒന്നായിരുന്നു നയതന്ത്ര സ്വര്‍ണക്കടത്ത്. കേസിൽ ഒരുവര്‍ഷം പിന്നിടുമ്പോഴും എങ്ങുമെത്താതെ നിൽക്കുകയാണ് അന്വേഷണം. കേന്ദ്ര ഏജന്‍സികളിലേക്ക് കൈമാറിയിട്ടും ഒരു ഫലവും അന്വേഷണത്തിലുണ്ടായില്ല. കഴിഞ്ഞ ജൂലൈ അഞ്ചിനാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ യു.എ.ഇ കോണ്‍സുലേറ്റിന്റെ പേരില്‍ വന്ന നയതന്ത്ര ബാഗേജില്‍നിന്ന് 30 കിലോ സ്വര്‍ണം കസ്റ്റംസ് പിടികൂടിയത്.
Also Read:സ്വര്‍ണക്കടത്ത്: ഭാര്യയെ ചോദ്യം ചെയ്യുമെന്നായതോടെ സത്യങ്ങൾ വെളിപ്പെടുത്തി അർജുൻ
കേസുമായി ബന്ധപ്പെട്ട് കോണ്‍സുലേറ്റിലെ മുന്‍ പി.ആര്.ഒ പി.ആര്. സരിത്തും ഐ .ടി വകുപ്പിന് കീഴിലുള്ള സ്ഥാപനത്തില്‍ ജോലിചെയ്തിരുന്ന കോണ്‍സുലേറ്റിലെ മുന്‍ ജീവനക്കാരി സ്വപ്നയും അറസ്റ്റിലായി. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിലേക്ക് അന്വേഷണം എത്തി. സസ്പെന്‍ഷനിലും വൈകാതെ അറസ്റ്റിലുമായി. മുഖ്യമന്ത്രിയുടെ ഓഫീസിന് കള്ളക്കടത്തില്‍ പങ്കുണ്ടെന്ന ആക്ഷേപത്തെ തുടര്‍ന്ന് കേന്ദ്ര ഏജന്‍സികള്‍ അന്വേഷണത്തിന് കേരളത്തിലേക്ക് പറന്നിറങ്ങി.
സെക്രട്ടേറിയറ്റിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ ശേഖരിക്കല്‍, ചോദ്യംചെയ്യലുകള്‍, തെളിവെടുപ്പ് അങ്ങനെ അന്വേഷണം തുടർന്നു. മുഖ്യമന്ത്രിയുടെ അഡീ. പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രന്, മുന്‍ മന്ത്രി കെ.ടി. ജലീല്‍, മുന്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ന് എന്നിവരെയൊക്കെ കേന്ദ്ര ഏജന്‍സികള്‍ തലങ്ങും വിലങ്ങും ചോദ്യംചെയ്തു. സ്വപ്ന സുരേഷ്, എം. ശിവശങ്കര്‍ എന്നിവരെയും ഇടനിലക്കാരായി പ്രവര്‍ത്തിച്ചെന്ന് സംശയിച്ച ചിലരെയും അറസ്റ്റ് ചെയ്തതൊഴിച്ചാല്‍ അവകാശപ്പെട്ടതുപോലെ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തതുമില്ല.
സജീവമായ അന്വേഷണം ഇപ്പോള്‍ മന്ദഗതിയിലാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്. കമ്മീഷന് കൈപ്പറ്റിയെന്ന് ആരോപിക്കപ്പെടുന്ന യു.എ.ഇ മുന്‍ കോണ്‍സല്‍ ജനറല്‍, അറ്റാഷെ ഉള്‍പ്പെടെ പ്രമുഖരെയൊന്നും ചോദ്യംചെയ്യാന്‍ ഇതുവരേയ്ക്കും കഴിഞ്ഞിട്ടുമില്ല.
Post Your Comments