കൊച്ചി: കേരളത്തിന്റെ വാണിജ്യ തലസ്ഥാനമായ കൊച്ചി ടൂറിസം രംഗത്ത് സ്മാർട്ട് ആകാൻ കേന്ദ്ര സർക്കാർ നൽകിയത് 36.17 കോടി രൂപയെന്ന് വിവരാവകാശ രേഖ. കൊച്ചി സ്വദേശിയായ വിവരാവകാശ പ്രവർത്തകൻ കെ. ഗോവിന്ദൻ നമ്പൂതിരിക്ക് കേന്ദ്ര ടൂറിസം മന്ത്രാലയം നൽകിയ മറുപടി പ്രകാരം ടൂറിസം മേഖലയിലെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിന് കൊച്ചിൻ പോർട്ട് ട്രസ്റ്റിന് 2016-17 മുതൽ 2019-20 വരെ കേന്ദ്ര സർക്കാർ നൽകിയത് 36.17 കോടി രൂപയെന്ന് വ്യക്തം.
കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് വിഭാഗം ടൂറിസം രംഗത്തെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിന് കേന്ദ്ര ഏജൻസികൾക്ക് ഫണ്ട് നൽകുന്ന പദ്ധതിയിലാണ് കൊച്ചിയെ ഉൾപ്പെടുത്തിയത്. അഞ്ച് പദ്ധതികൾക്കാണ് കേന്ദ്രം തുക അനുവദിച്ചത്.
Also Read:മുട്ടിൽ മരം മുറിക്കേസിൽ മന്ത്രിമാർക്കെതിരെ കേസെടുക്കണം: വി ഡി സതീശൻ
ഇതിൽ ഏറ്റവും അധികം തുക അനുവദിച്ചത് എറണാകുളം വാർഫിലെ ബെർത്തുകളുടെ നവീകരണത്തിനു വേണ്ടിയാണ്. 2016-17 ൽ 21.41 കോടി രൂപയ്ക്ക് അനുമതി നൽകിയതിൽ 19.12 കോടി രൂപ ഇതിനോടകം വിതരണം ചെയ്‌തു. പദ്ധതി പൂർത്തിയായി, ഉദ്ഘാടനത്തിന് തയ്യാറെടുക്കുകയാണ്.
ഏറ്റവും പ്രധാനപ്പെട്ട മറ്റൊരു പദ്ധതിയാണ് വില്ലിങ്ടൺ ദ്വീപിലെ നടപ്പാതയുടെ വികസന പദ്ധതി. ഇതിനായി കേന്ദ്രം അനുവദിച്ചത് 9.01 കോടി രൂപ. പദ്ധതിയുടെ പ്രവർത്തനത്തിനായി ഇതിൽ 7.20 കോടി രൂപ നൽകി കഴിഞ്ഞു. പദ്ധതി ഏകദേശം പൂർത്തിയായി. സുരക്ഷാ ക്യാബിന്റെ സംഭരണം പോലെ ചില ചെറിയ പണികൾ മാത്രം അവശേഷിക്കുന്നു. കേന്ദ്രം ഫണ്ട് നൽകിയ മറ്റ് പദ്ധതികൾ എന്തൊക്കെയെന്ന് നോക്കാം:
* കൊച്ചിൻ പോർട്ട് ക്രൂയിസ് ടെർമിനലിന്റെ വികസനത്തിന് 96.62 ലക്ഷം നൽകി. 2018-19 ൽ 1.20 കോടി രൂപയ്ക്ക് അനുമതി നൽകി. പ്രധാന പണികൾ എല്ലാം പൂർത്തിയായി. കമ്പ്യൂട്ടറുകളും അനുബന്ധ ഉപകരണങ്ങളും, ബാഗേജ് ട്രോളികളും അറേബ്യൻ മോഡൽ മേലാപ്പ് തുടങ്ങിയവയുടെ സംഭരണമാണ് ഇനി ശേഷിക്കുന്നത്.
* കൊച്ചിൻ പോർട്ട് ട്രസ്റ്റിന്റെ നടപ്പാതയിൽ ടൂറിസം സൗകര്യങ്ങൾ അധികമായി ഒരുക്കുന്നതിന് 3.73 കോടി നൽകി കഴിഞ്ഞു, 80 ശതമാനമാണ് നിർമ്മാണ പുരോഗതിയും ഫണ്ട് വിനിയോഗവും. 2018-19 ൽ 4.66 കോടി രൂപ വകയിരുത്തി. പ്രധാന ജോലികളെല്ലാം പൂർത്തിയായി കഴിഞ്ഞു. ഇരിപ്പിടം ക്രമീകരണങ്ങൾ, സൈനേജ് മുതലായവയാണ് ശേഷിക്കുന്നത്. ജൂണിൽ പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നു.
* കൊച്ചിൻ പോർട്ട് ട്രസ്റ്റ് ടെർമിനലിൽ കൂടുതൽ അടിസ്ഥാന വികസന സൗകര്യം ഒരുക്കാൻ 5.14 കോടി രൂപ വിതരണം ചെയ്‌തു. 2019-20 ൽ 10.29 കോടി രൂപ വകയിരുത്തി. ശാരീരിക സുരക്ഷ ഉൽപ്പന്നങ്ങൾ, ഫർണിച്ചറുകൾ തുടങ്ങിയവയുടെ സംഭരണം പുരോഗമിക്കുന്നു. പാർക്കിംഗ് ഏരിയയുടെ വികസനം ഉൾപ്പെടെയുള്ള സിവിൽ വർക്ക് ജോലികൾ പുരോഗമിക്കുന്നു.
Post Your Comments