ബാഴ്‌സലോണ: അർജന്റീനിയൻ സൂപ്പർതാരം ലയണൽ മെസ്സി ബാഴ്‌സലോണയിൽ തുടരുമെന്ന് ബാഴ്‌സ പ്രസിഡന്റ് ജൊവാൻ ലപോർട്ട. 2023 വരെയുള്ള കരാറിലാണ് മെസ്സി ഒപ്പുവെക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി. മെസ്സിയുടെ പിതാവുമായി നടത്തിയ ചർച്ചകളിൽ നിന്നും രണ്ടു വർഷം കൂടി ക്യാമ്പ് നൗവിൽ മെസ്സി തുടരുമെന്നാണ് ബാഴ്‌സലോണ മാനേജ്മെന്റ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ ദിവസം ബാഴ്‌സലോണയുമായി മെസ്സിക്കുള്ള കരാർ കാലാവധി ഇന്നലെ അർധരാത്രിയോടെ അവസാനിച്ചു. ഇനി മുതൽ മെസ്സി ഫ്രീ ഏജന്റ് ആയിരിക്കും.
അതേസമയം, ബാഴ്‌സയുമായി താരം കരാർ പുതുക്കില്ലെന്ന റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നുണ്ട്. ബാഴ്‌സ മാനേജ്‌മെന്റുമായി മെസ്സിക്ക് ചില പ്രശ്നങ്ങളുണ്ടെന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ സീസണിൽ ബാഴ്‌സ വിടാൻ താരം തീരുമാനിച്ചിരുന്നു. മെസ്സിയ്ക്ക് ബാഴ്‌സയുമായി 20 വർഷം നീണ്ട ബന്ധമുണ്ട്. ബാഴ്‌സക്കായി 778 മത്സരങ്ങൾ കളിച്ചിട്ടുള്ള മെസ്സി 672 ഗോളുകൾ നേടിയിട്ടുണ്ട്. കഴിഞ്ഞ സീസണിൽ ബാഴ്‌സലോണക്കായി 47 മത്സരങ്ങളിൽ 38 ഗോളും 12 അസിസ്റ്റും മെസ്സി നേടി.
മാഞ്ചസ്റ്റർ സിറ്റിയിൽ നിന്ന് അർജന്റീനിയൻ സഹതാരം സെർജിയോ അഗ്വേറോയെ ബാഴ്‌സയിൽ എത്തിച്ച് മെസ്സിയെ പിടിച്ചു നിർത്താനുള്ള ശ്രമങ്ങൾ മാനേജ്മെന്റ് സജീവമാക്കിയിട്ടുണ്ട്. കൂടാതെ ലിയോൺ സൂപ്പർതാരം മെംഫിസ് ഡീപേയും സിറ്റി പ്രതിരോധ നിര താരം ഗാർസിയയും ബാഴ്‌സയിൽ എത്തിയിട്ടുണ്ട്. അതേസമയം, മെസ്സിക്ക് രണ്ടു വർഷത്തെ കരാർ വാഗ്ദാനം ചെയ്ത് പിഎസ്ജി രംഗത്തെത്തിയിട്ടുണ്ട്.
Post Your Comments