കണ്ണൂര്‍: പലതരം കള്ളന്മാരെ നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ മെഡിക്കൽ വിദ്യാർത്ഥികളുടെ ലാപ്ടോപ്പുകൾ മാത്രം മോഷ്ടിക്കുന്ന ഒരു കള്ളനെയാണ് ഇപ്പോൾ കേരള പോലീസ് പിടികൂടിയിരിക്കുന്നത്. രാജ്യത്തെ മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥികളുടെ ലാപ്ടോപ് മാത്രം തെരഞ്ഞുപിടിച്ചു മോഷ്ടിക്കുന്ന തമിഴ്നാട് തിരുവാരൂര്‍ സ്വദേശി തമിഴ്ശെല്‍വനാണ് പോലീസിന്റെ പിടിയിലായത്. ഇതുവരെ പലയിടത്ത് നിന്നായി അഞ്ഞൂറിലധികം ലാപ്ടോപുകള്‍ ഇയാൾ മോഷ്ടിച്ചു. എന്നാൽ വിദ്യാര്‍ത്ഥികളുടെ മാത്രം ലാപ്ടോപ് മോഷ്ടിക്കുന്നതിന് ഇയാള്‍ പൊലീസിനോട് പറഞ്ഞ കാരണമാണ് വിചിത്രം.
കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളേജ് ഹോസ്റ്റലില്‍ കഴിഞ്ഞ മാസം 28ന് ഒരു മോഷണം നടന്നു. എട്ടാംനിലയിലെ അടച്ചിട്ട മുറിയുടെ പൂട്ട് തകര്‍ത്ത് പി ജി വിദ്യാര്‍ത്ഥിനിയുടെ 40,000 രൂപ വിലവരുന്ന ലാപ്‌ടോപ്പ് മോഷ്ടാവ് കൊണ്ടുപോയി. അന്വേഷണം തുടങ്ങിയ പരിയാരം പോലീസിന് മുന്നില്‍ തെളിവായി ഉണ്ടായിരുന്നത് അവ്യക്തമായ ഒരു സിസിടിവി ദൃശ്യം. അന്നേ ദിവസം കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയ 40 യാത്രക്കാരുടെയും ഫോണ്‍ നമ്പറില്‍ പൊലീസ് ബന്ധപ്പെട്ടപ്പോൾ 39 പേര്‍ ഫോണെടുത്തു. എന്നാൽ ഒരാളുടെ നമ്പർ മാത്രം ഓഫായിരുന്നു. സൈബര്‍ സെല്ലിന്‍റെ സഹായത്തോടെ ഇയാളുടെ വിവരങ്ങള്‍ ശേഖരിച്ചു. നിലവിലുള്ള സ്ഥലം മനസ്സിലാക്കി. തമിഴ്നാട് തിരുവാരൂരില്‍ എത്തി പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു.
6 വര്‍ഷത്തിനിടയില്‍ മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥികളുടെ 500 ലേറെ ലാപ്‌ടോപ്പുകള്‍ മോഷ്ടിച്ചതായി ഇയാള്‍ പൊലീസിനോട് സമ്മതിച്ചു. 2015 ല്‍ തമിഴ്‌സെല്‍വന്റെ കാമുകിക്ക് നേരെ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ സൈബര്‍ അറ്റാക്ക് നടത്തിയതിന്റെ പ്രതികാരമാണ് ഈ മോഷണങ്ങൾക്ക് പിറകിലെന്നാണ് തമിഴ്സെൽവൻ പോലീസിനോട് പറഞ്ഞത്.
കാമുകിക്ക് നേരിട്ട സൈബര്‍ അറ്റാക്കിനെ ചോദ്യം ചെയ്ത തമിഴ്ശെല്‍വനെയും മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ അപമാനിച്ചു. ഇതിൽ തുടങ്ങിയതാണ് തമിഴ്ശെല്‍വന്‍റെ മെഡിക്കല്‍ വിദ്യാത്ഥികളോടുള്ള അടങ്ങാത്ത പക. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലായിരുന്നു ഇയാൾ കൂടുതൽ ശ്രദ്ധകേന്ദ്രീകരിച്ചിരുന്നത്. ഇന്റര്‍നെറ്റ് വഴി വിവിധ സ്ഥലങ്ങളിലെ മെഡിക്കല്‍ കോളേജുകളുടെ വിലാസം ശേഖരിച്ചാണ് കവര്‍ച്ചക്കെത്തുന്നത്.
പഠനത്തിനായി ലാപ്‌ടോപ്പുകളില്‍ ശേഖരിച്ചുവെക്കുന്ന വിവരങ്ങള്‍ നഷ്ടപ്പെടുന്നതോടെ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ മാനസികമായി തളരണം. ഇതാണ് തന്റെ ഉദ്ദേശമെന്നാണ് തമിഴ് ശെല്‍വന്‍ പോലീസിനോട് പറഞ്ഞത്. മോഷ്ടിച്ച സ്ഥലങ്ങളിലെ പണമോ മറ്റോ നഷ്ടപ്പെടാത്തത് കൊണ്ടു തന്നെ ഇയാളുടെ വാദത്തെ വിശ്വസിക്കാതിരിക്കാൻ വഴിയില്ലെന്നാണ് പോലീസ് പറയുന്നത്.
Post Your Comments