
കൊല്ലം: വിസ്‌മയ കേസിൽ പ്രതിയായ ഭർത്താവും മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റിലെ ഉദ്യോഗസ്ഥനുമായ കിരൺ കുമാറിനെ രക്ഷിക്കാൻ അഡ്വ.ബി എ ആളൂർ. വിസ്മയയുടെ മരണവുമായി ബന്ധപ്പെട്ട് ശൂരനാട് പൊലീസ് ചാർജ്ജുചെയ്ത കേസ്സിൽ അറസ്റ്റിലായ കിരൺ കുമാറിനുവേണ്ടി ഇന്ന് ജാമ്യപേക്ഷ സമർപ്പിക്കുമെന്ന് അഡ്വ.ബി എ ആളൂർ അറിയിച്ചു. ഭർത്താവ് കിരണിന്റെ പീഡനമാണ് മരണത്തിന് ഇടയാക്കിയതെന്നായിരുന്നു സംഭവം പുറത്തുവന്നതിനുശേഷം ഉയർന്ന പ്രധാന ആരോപണം. ഇത് സംബന്ധിച്ച് പുറത്തുവന്ന വിവരങ്ങളിൽ ചിലത് കിരണിനെ പ്രതിക്കൂട്ടിൽ ആക്കുന്നതുമായിരുന്നു. ഈ സമയം കിരൺ വീട്ടിൽ നിന്നും മുങ്ങുകയും ചെയ്തിരുന്നു. ഇതോടെ ഇയാളുടെ ക്രൂരതകൾ മാധ്യമങ്ങളിലൂടെ പുറത്തുവരികയും ശക്തമായ ജനരോഷം ഉയരുകയും ചെയ്തിരുന്നു.
പൊലീസ് കേസിനൊപ്പം സർക്കാർ നടപടിക്കെതിരെയും നിയമനടപടിയുമായി മുന്നോട്ടുപോകുന്നതിനാണ് കുടുംബം തീരുമാനിച്ചിട്ടുള്ളതെന്നും ഇക്കാര്യത്തിൽ അടുത്ത ബന്ധുക്കൾ നിയമോപദേശം തേടിയതായും ആളൂർ അറിയിച്ചു. കേസിൽ ഇപ്പോൾ ചാർജ്ജുചെയ്തിട്ടുള്ളത് ഗാർഹിക പീഡനം സംബന്ധിച്ചുള്ള വകുപ്പുകളാണെന്നും നിലവിലെ തെളിവുകൾ പ്രകാരം കിരൺ കുമാറിനെ കൊലപാതക കേസ്സിൽ ഉൾപ്പെടുത്താനാവില്ലെന്നും ആളൂർ കൂട്ടിച്ചേർത്തു.മോട്ടോർവാഹന വകുപ്പ് ജീവനക്കാരനായ കിരൺ കേസിൽ കുടുങ്ങിയതോടെ സർവ്വീസിൽ നിന്നും പുറത്താക്കാൻ വകുപ്പുതല നീക്കം നടക്കുന്നുണ്ട്. ഇതുസംബന്ധിച്ചുള്ള അറിയിപ്പ് കഴിഞ്ഞ ദിവസം കിരണിന്റെ വീട്ടിൽ ലഭിച്ചിരുന്നു. കേസ് നടപടികൾക്കായി ആളൂരിനെ ചുമതലപ്പെടുത്തിയിട്ടുള്ളതായി കിരണിന്റെ പിതാവ് സദാശിവൻ പറഞ്ഞു.
Read Also: കെ.മുരളീധരനെ യു.ഡി.എഫ് കൺവീനറാക്കണം : രാഹുൽ ഗാന്ധിയുടെ പോസ്റ്റിനു താഴെ കമന്റുകളുടെ പ്രവാഹം
അതേസമയം കിരണ്‍ കുമാറിന് കഴിഞ്ഞ ദിവസം കോവിഡ് 19 സ്ഥിരീകരിച്ചു. പ്രതിയെ വിസ്മയയുടെ വീട്ടിലെത്തിച്ച് അന്വേഷണ സംഘം തെളിവെടുപ്പ് നടത്താനിരിക്കെയാണ് കോവിഡ് പോസിറ്റീവായത്. ശാസ്താംകോട്ട പൊലീസിന്റെ കസ്റ്റഡിയിലുള്ള കിരണിനെ കോവിഡ് കെയര്‍ സെന്ററിലേക്ക് മാറ്റി. കിരണിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കെയാണ് രോഗം ബാധിച്ചത്.
Post Your Comments