Latest NewsKeralaNews

പ്രവാസികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് അടിയന്തിരമായി പരിഹാരം കാണണം: കേന്ദ്രത്തിന് കത്തയച്ച് കേരളം

തിരുവനന്തപുരം: ഗള്‍ഫ് രാജ്യങ്ങളിലേയ്ക്ക് പോകേണ്ട പ്രവാസികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ അടിയന്തിരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരിന് കത്തയച്ച് കേരളം. ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി ഹര്‍ഷ് വര്‍ദ്ധന്‍ ശൃംഗ്ലയ്ക്കാണ് കേരളം കത്തയച്ചത്.

Also Read: ആത്മീയ ചികിത്സയ്ക്കിടെ ലൈംഗികാതിക്രമം: യുവതിയെ കടന്നു പിടിച്ച തങ്ങളുടെ പേരിൽ പോലീസ് കേസെടുത്തു

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഖത്തറും ബഹ്‌റൈനും ഒഴികെയുള്ള ജിസിസി രാജ്യങ്ങള്‍ ഇന്ത്യക്കാര്‍ക്ക് പ്രവേശനം നിഷേധിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ നേപ്പാള്‍, ശ്രീലങ്ക പോലെയുള്ള രാജ്യങ്ങള്‍ വഴി ബഹ്‌റൈനിലും ഖത്തറിലും വലിയ തോതില്‍ പ്രവാസി കേരളീയര്‍ എത്തുന്നു. തുടര്‍ന്ന് സൗദി അറേബ്യയില്‍ പോകണമെങ്കില്‍ രണ്ടാഴ്ച ക്വാറന്റൈനില്‍ കഴിയേണ്ട അവസ്ഥയുമുണ്ടെന്ന് കേരളം ചൂണ്ടിക്കാട്ടി.

ലോകാരോഗ്യ സംഘടനയുടെ അംഗീകാരമില്ലാത്തതിനാല്‍ കോവാക്‌സിന്‍ രണ്ടു ഡോസുകള്‍ ലഭിച്ചവര്‍ക്ക് തിരിച്ചു വരാനുള്ള അനുമതി ജിസിസി രാജ്യങ്ങള്‍ നല്‍കുന്നില്ല എന്ന പ്രശ്‌നവും കേരളം കേന്ദ്രത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തി. വിദേശത്തു നിന്നും ഫൈസര്‍, സിനോഫാം തുടങ്ങിയ വാക്‌സിനുകളുടെ ആദ്യത്തെ ഡോസ് സ്വീകരിച്ച ശേഷം നാട്ടിലെത്തിയ നിരവധി ആളുകളുണ്ട്. അവര്‍ക്ക് രണ്ടാമത്തെ ഡോസ് ഇന്ത്യയില്‍ ലഭിക്കാന്‍ നിര്‍വാഹമില്ലാത്തതിനാല്‍ ഗള്‍ഫ് രാജ്യങ്ങള്‍ പ്രവേശനാനുമതി നിഷേധിക്കുന്ന സാഹചര്യവുമുണ്ടെന്ന് ചീഫ് സെക്രട്ടറി ഡോ. വി.പി ജോയ് കത്തിലൂടെ അറിയിച്ചു.

ഗള്‍ഫ് രാജ്യങ്ങളിലെ ഗവണ്‍മെന്റുകളുമായി ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത് നാട്ടില്‍ കുടുങ്ങി ബുദ്ധിമുട്ടനുഭവിക്കുന്ന പ്രവാസികള്‍ക്ക് എത്രയും പെട്ടെന്ന് തൊഴില്‍സ്ഥലങ്ങളില്‍ തിരിച്ചെത്താനുള്ള അവസരം ഒരുക്കണമെന്ന് കേരളം ആവശ്യപ്പെട്ടു. പ്രവാസികളുടെ തൊഴിലില്ലായ്മ രാജ്യത്തിന്റെ തന്നെ സാമ്പത്തിക സാമൂഹ്യ പ്രശ്‌നമാണ്. അതുകൊണ്ട് ഈ പ്രശ്‌നം കാലതാമസമില്ലാതെ പരിഹരിക്കാന്‍ വേണ്ട നടപടികള്‍ കൈക്കൊള്ളണമെന്നാണ് കേരളം ആവശ്യപ്പെട്ടിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button