കണ്ണൂര്‍: ക്വട്ടേഷന്‍-മാഫിയ പ്രവര്‍ത്തനങ്ങള്‍ക്ക് എതിരെ പ്രതിഷേധ കൂട്ടായ്മയുമായി സിപിഐഎം. ജൂലൈ അഞ്ച് തിങ്കളാഴ്ച സംസ്ഥാന വ്യാപകമായാണ് പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാനൊരുങ്ങുന്നത്. കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് കേസടക്കമുള്ള വിഷയങ്ങള്‍ സിപിഐഎമ്മിനെ പ്രതിരോധത്തിലാക്കിയതിന് പിന്നാലെയാണ് ക്വട്ടേഷന്‍ – മാഫിയ സംഘങ്ങള്‍ക്കെതിരെ പാര്‍ട്ടി രംഗത്തെത്തുന്നത്. സംസ്ഥാനത്തെ 3801 കേന്ദ്രങ്ങളിലായിരിക്കും പ്രതിഷേധ കൂട്ടായ്മ ചേരുക.
കരിപ്പൂർ സ്വർണക്കടത്തു കേസിൽ സര്‍ക്കാരിനും പാര്‍ട്ടിക്കുമെതിരെ പ്രതിപക്ഷ പാര്‍ട്ടികളും ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. ഈ പശ്ചാത്തലത്തില്‍ ക്വട്ടേഷന്‍ സംഘങ്ങളെ പരസ്യമായി തള്ളി നിലപാട് വ്യക്തമാക്കുകയായിരിക്കും സിപിഐഎം പ്രതിഷേധ കൂട്ടായ്മയുടെ ലക്ഷ്യം. അതേസമയം, കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് കേസില്‍ മുന്‍ ഡിവൈഎഫഐ ചെമ്പിലോട് മേഖല സെക്രട്ടറി സി സജേഷിനെ എട്ട് മണിക്കൂറാണ് കഴിഞ്ഞ ദിവസം കസ്റ്റംസ് ചോദ്യം ചെയ്തത്.
നീണ്ട ചോദ്യം ചെയ്യലില്‍ സജേഷില്‍ നിന്ന് ചില നിര്‍ണ്ണായ വിവരങ്ങള്‍ ലഭിച്ചുവെന്നാണ് സൂചന. സ്വര്‍ണക്കടത്തിനായി ഉപയോഗിച്ച കാര്‍ അര്‍ജുന്റേത് തന്നെയാണെന്നും സുഹൃത്ത് ബന്ധത്തിന്റെ പേരില്‍ തന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്തുവെന്നാണ് സജേഷ് മൊഴി നല്‍കിയെന്നാണ് വിവരം. സ്വര്‍ണ്ണക്കടത്തില്‍ തനിക്ക് ബന്ധമില്ല. അര്‍ജുനുമായി ഉണ്ടായിരുന്നത് സൗഹൃദം മാത്രം. മറ്റ് കാര്യങ്ങളെ കുറിച്ചും അറിയില്ലെന്നുമാണ് സജേഷ് കസ്റ്റംസിനോട് പറഞ്ഞത്. എന്നാല്‍ ഇത് പൂര്‍ണ്ണമായും കസ്റ്റംസ് വിശ്വാസത്തിലെടുത്തിട്ടില്ല.
സ്വര്‍ണ്ണക്കടത്തു സംഘവുമായി സി സജേഷിന് ബന്ധമുണ്ടെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ ഡിവൈഎഫ്ഐ ഇയാളെ നേരത്തെ പുറത്താക്കിയിരുന്നു. സജേഷിന്റ മൊഴി പരിശോധിച്ച ശേഷം കൂടുതല്‍ പേരെ കസ്റ്റംസ് ചോദ്യം ചെയ്യും. കസ്റ്റഡിയിലുള്ള മുഹമ്മദ് ഷഫീഖ്, അര്ജുന് ആയങ്കി എന്നിവര്‍ക്ക് ഒപ്പമിരിത്തിയും സജേഷിനെ കസ്റ്റംസ് ചോദ്യം ചെയ്തു. സജേഷിന്റ മൊഴി വിശദമായി പരിശോധിക്കുകയാണ് കസ്റ്റംസ്. കൂടുതല്‍ പേരുടെ മൊഴി കസ്റ്റംസ് സംഘം വരും ദിവസങ്ങളില്‍ എടുത്തേക്കും. സ്വര്‍ണ്ണക്കടത്തിന് പണം നിക്ഷേപിച്ച ചിലരുടെ അറസ്റ്റും ഉടന്‍ ഉണ്ടായേക്കുമെന്നുമാണ് വിവരം.
Post Your Comments