KeralaLatest News

ഫേസ്ബുക്ക് പോസ്റ്റിന് പാർട്ടി ഉത്തരവാദിയല്ല, ഒരു തെറ്റിന്റെയും കൂടെ നില്‍ക്കുന്നതല്ല പാർട്ടി നയം: മുഖ്യമന്ത്രി

'ഒരു ക്രിമിനല്‍ സ്വഭാവമുള്ള കാര്യങ്ങളെയും സംരക്ഷിക്കുന്ന നിലപാട് സര്‍ക്കാരിനില്ല

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസില്‍ ശക്തമായ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഫേസ്ബുക്ക് പോസ്റ്റിന്‍റെ ഉത്തരവാദിത്വം പാർട്ടിക്കല്ലെന്നും തെറ്റ് ചെയ്താല്‍ ശക്തമായ നടപടിയെന്നും പിണറായി നിലപാട് വ്യക്തമാക്കി. ‘നമ്മുടെ സമൂഹത്തില്‍ തെറ്റായ ചില കാര്യങ്ങള്‍ നടക്കാറുണ്ട്. അത്തരം കാര്യങ്ങളോട് വളരെ കൃത്യതയാര്‍ന്ന സമീപനമാണ് ഗവണ്‍മെന്റ് ഇതേവരെ സ്വീകരിച്ചു വന്നിട്ടുള്ളത്. ഒരു ക്രിമിനല്‍ സ്വഭാവമുള്ള കാര്യങ്ങളെയും സംരക്ഷിക്കുന്ന നിലപാട് സര്‍ക്കാരിനില്ല. ‘

‘നമ്മുടെ സമൂഹത്തിലെ ആരെ എടുത്താലും മിക്കവര്‍ക്കും രാഷ്ട്രീയ അഭിപ്രായങ്ങളുണ്ടാവും. അവരൊന്നും പ്രധാന രാഷ്ട്രീയ പ്രവര്‍ത്തകരാവണമെന്നില്ല. അതിന്റെ ഭാഗമായി ചില പ്രതികരണം നടത്തിയവരുമുണ്ടാവും. ഏത് അഭിപ്രായം പ്രകടിപ്പിക്കുന്നവര്‍ എന്നത് സര്‍ക്കാരിന്റെ പ്രശ്‌നമല്ല. തെറ്റ് ചെയ്തിട്ടുണ്ടോ? ആ കുറ്റത്തിന്റെ വ്യാപ്തി അനുസരിച്ച് നടപടി സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാവുക. കേസില്‍ ഇതുവരെ ഫലപ്രദമായ നടപടികള്‍ സ്വീകരിച്ചു വന്നിട്ടുമുണ്ട്. ‘

‘നമ്മുടെ കേരളത്തിൽ ഇതുപോലെയുള്ള എത്രയോ ഫേസ്ബുക്ക് പോസ്റ്റുകളുണ്ട്. എത്രയോ വ്യക്തികൾ പോസ്റ്റിടുന്നു. ഇതിനെല്ലാം പിന്നാലെ പാർട്ടിക് പോകാനാവുമോ. പാർട്ടിയുടെ പതിവ് ധാരണയ്ക്ക് വിരുദ്ധമായി സോഷ്യൽ മീഡയയിൽ പെരുമാറിയവരെ പാർട്ടി തിരുത്തുകയും തള്ളിപ്പറയുകയും ചെയ്തിട്ടുണ്ട്. പാർട്ടിക്ക് വേണ്ടി പോസ്റ്റിടുന്നവരെല്ലാം പാർട്ടിയുടെ ഔദ്യോ​ഗിക വക്താക്കളല്ല. അവർ പറയുന്നത് പാർട്ടി നിലപാടുമല്ല.’

‘ചില കാര്യങ്ങളിൽ സ‍ർക്കാരിന് ഫലപ്രദമായി ഇടപെടാൻ തടസമുണ്ട്. അതു ബന്ധപ്പെട്ട ഏജൻസികൾ ചെയ്യേണ്ടതാണ്. നമ്മുടെ സംസ്ഥാനത്ത് പലയിടത്തും സംഘടിതമായ കുറ്റകൃത്യങ്ങൾ നടക്കുന്നുണ്ട്. അത്തരം കുറ്റകൃത്യങ്ങളെ ഫലപ്രദമായി നേരിടാൻ നിയമപരമായി എന്ത് ചെയ്യാനാവും എന്ന് നോക്കേണ്ട അവസ്ഥയായി. അവ‍ർക്കെതിരെ ശക്തമായ നിലപാടാണ് എല്ലാക്കാലത്തും നമ്മൾ സ്വീകരിച്ചിട്ടുള്ളത്.’

‘സിപിഐഎം ലക്ഷക്കണക്കിന് പേരുള്ള പാര്‍ട്ടിയാണ്. ഒരു തെറ്റിന്റെയും കൂടെ നില്‍ക്കുന്നതല്ല പാര്‍ട്ടി നയം. പാര്‍ട്ടിക്കൊപ്പം എത്രകാലം നിന്ന വ്യക്തിയാണെങ്കിലും കുറ്റം ചെയ്താല്‍ അതിന്റെ ഗൗരവം മനസിലാക്കി തീരുമാനങ്ങളിലേക്ക് കടക്കുകയും ചെയ്യുന്ന പാര്‍ട്ടിയാണ് സിപിഐഎം. അതിന്റെ ഭാഗമായി ചിലരെ പുറത്താക്കാറുമുണ്ട്. ഇത് ആദ്യമായി കേള്‍ക്കുന്ന കാര്യമല്ല. എത്രയോ സംഭവങ്ങളുണ്ടായിട്ടുണ്ട്. പാര്‍ട്ടിക്ക് അകത്ത് നിന്ന് എന്തെങ്കിലും തെറ്റ് ചെയ്താല്‍ അതിന് സംരക്ഷണം നല്‍കുന്ന പാര്‍ട്ടിയല്ല സിപിഐഎം. ഇത് പാര്‍ട്ടിയുടെ എക്കാലത്തെയും നയമാണ്’ എന്നും പിണറായി വ്യക്തമാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button