ഡല്‍ഹി : ലോക്ക്ഡൗൺ കാലത്ത് തിരിച്ചെത്തിയ 10 ലക്ഷം കുടിയേറ്റ തൊഴിലാളികള്‍ക്ക് തൊഴിൽ നൽകിയ യോഗി സർക്കാരിന് പ്രശംസയുമായി സുപ്രീം കോടതി. തൊഴിലാളികളുടെ പ്രതിസന്ധി മികച്ച രീതിയില്‍ കൈകാര്യം ചെയ്ത ഉത്തര്‍പ്രദേശ് സര്‍ക്കാരിനെ സുപ്രീം കോടതി അഭിനന്ദിച്ചു. രാജ്യവ്യാപകമായി ഏർപ്പെടുത്തിയ ലോക്ക്ഡൗണിൽ തിരിച്ചെത്തിയ തൊഴിലാളികളുടെ സംരക്ഷണത്തിനായി സംസ്ഥാനത്ത് ശക്തമായ സംവിധാനമാണ് സർക്കാർ ഏര്‍പ്പെടുത്തിയത്.
വിവിധ സംസ്ഥാനങ്ങളില്‍ നിന്നും യുപിയിലേയ്ക്ക് വരുന്ന ആളുകളുടെ വിവരങ്ങള്‍ ശേഖരിക്കുന്നതിനായി സർക്കാർ റിലീഫ് കമ്മീഷണറുടെ പോര്‍ട്ടല്‍ നിര്‍മ്മിച്ചിരുന്നു. ഇത് സംബന്ധിച്ച് സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലെ വസ്തുതകളുടെ അടിസ്ഥാനത്തില്‍ ജോലി നഷ്ടപ്പെട്ട് നാട്ടിലേയ്ക്ക് തിരിച്ചെത്തിയ 37,84,255 തൊഴിലാളികളിൽ 10,44,710 പേര്‍ക്ക് വിവിധ സര്‍ക്കാര്‍ പദ്ധതികളിലൂടെ ജോലി നൽകിയതായി കോടതി നിരീക്ഷിച്ചു.
ഇതോടൊപ്പം റിലീഫ് കമ്മീഷണറുടെ പോര്‍ട്ടലില്‍ നിന്നും ലഭിക്കുന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ ജോലി നഷ്ടപ്പെട്ട് തിരികെ എത്തുന്ന തൊഴിലാളികള്‍ക്ക് ധനസഹായം നല്‍കാനും സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത 3,79,22 പേർക്ക് 1000 രൂപ ബാങ്ക് ട്രാന്‍സ്ഫര്‍ വഴി സർക്കാർ നല്‍കും. ഇത്തരത്തിലുള്ള മാതൃക പരമായ പ്രവൃത്തികളെയാണ് സുപ്രീം കോടതി അഭിനന്ദിച്ചത്.
Post Your Comments