വാഷിംഗ്ടണ്‍: ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്നുവെന്ന റിപ്പോര്‍ട്ടുകളോട് പ്രതികരിച്ച് പ്രമുഖ സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് പ്ലാറ്റ്‌ഫോമായ ലിങ്ക്ഡ്ഇന്‍. 700 മില്യണ്‍ ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തിയെന്ന ഹാക്കറിന്റെ അവകാശവാദം ലിങ്ക്ഡ്ഇന്‍ നിഷേധിച്ചു. സംഭവത്തെക്കുറിച്ച് വിശദമായി പരിശോധിച്ചെന്നും വ്യക്തി വിവരങ്ങള്‍ ചോര്‍ന്നിട്ടില്ലെന്നും കമ്പനി അറിയിച്ചു.
ഓണ്‍ലൈനില്‍ വില്‍പ്പനയ്ക്ക് വെച്ചതായി പറയപ്പെടുന്ന വിവരങ്ങള്‍ ആര്‍ക്കും എടുക്കാന്‍ കഴിയുന്ന വിവരങ്ങളാണെന്നാണ് കമ്പനി നല്‍കുന്ന വിശദീകരണം. ലിങ്ക്ഡ്ഇനില്‍ നിന്നും മറ്റ് വെബ്‌സൈറ്റുകളില്‍ നിന്നും എടുത്ത വിവരങ്ങളാണിതെന്നും ഒരു ഉപഭോക്താവിന്റെയും വ്യക്തി വിവരങ്ങള്‍ ചോര്‍ന്നിട്ടില്ലെന്നും ലിങ്ക്ഡ്ഇന്‍ അറിയിച്ചു. ലിങ്ക്ഡ്ഇന്‍ ഉപഭോക്താക്കളുടെ വ്യക്തി വിവരങ്ങള്‍ ദുരുപയോഗം ചെയ്യുകയോ നിബന്ധനകള്‍ ലംഘിക്കുകയോ ചെയ്താല്‍ എല്ലാവിധ നടപടികളും സ്വീകരിക്കുമെന്ന് കമ്പനി വ്യക്തമാക്കി.
ഏകദേശം 756 മില്യണ്‍ ഉപഭോക്താക്കളാണ് ലിങ്ക്ഡ്ഇനിലുള്ളത്. ഇവരില്‍ ഏതാണ്ട് 700 മില്യണ്‍ (70 കോടി) ആളുകളുടെ വിവരങ്ങള്‍ ചോര്‍ന്നുവെന്നായിരുന്നു റിപ്പോര്‍ട്ട്. ഇക്കഴിഞ്ഞ 22-ാം തീയതിയാണ് ഹാക്കര്‍ എന്ന് കരുതപ്പെടുന്നയാള്‍ ചോര്‍ത്തിയ വിവരങ്ങള്‍ വില്‍പ്പനയ്‌ക്കെന്ന് കാണിച്ച് ഓണ്‍ലൈനില്‍ പരസ്യം നല്‍കിയത്. ഒരു മില്യണ്‍ ആളുകളുടെ വിവര സാമ്പിളുകള്‍ സഹിതമാണ് വില്‍പ്പനയ്ക്ക് വെച്ചിരുന്നത്. 2020-21 കാലയളവിലെ വിവരങ്ങളാണ് ഇവയിലുണ്ടായിരുന്നത്.
Post Your Comments