കൊച്ചി: സര്‍ക്കാരുമായി ധാരണാപത്രം ഒപ്പുവച്ച 3,500 കോടി രൂപയുടെ പദ്ധതികളിൽ നിന്നും പിന്മാറുന്നുവെന്ന് കഴിഞ്ഞ ദിവസമാണ് കിറ്റെക്‌സ് ഗ്രൂപ്പ് ചെയര്‍മാന്‍ സാബു ജേക്കബ് വെളിപ്പെടുത്തിയത്. കൊച്ചിയില്‍ 2020ല്‍ നടന്ന അസെന്‍ഡ് കേരള ആഗോള നിക്ഷേപക സംഗമത്തില്‍ ഒപ്പുവച്ച പദ്ധതികളില്‍ നിന്നാണ് പിന്മാറ്റം. ഇതോടെ, കേരളത്തിന് നഷ്ടമാകുന്നത് 35000 തൊഴിലവസരങ്ങളാണ്.
സര്‍ക്കാരിന്റെ വിവിധ വകുപ്പുകള്‍ കിറ്റെക്‌സ് യൂണിറ്റുകളിൽ തുടര്‍ച്ചയായി നടത്തിയ പരിശോധനകള്‍ മാനസികമായി ദ്രോഹിക്കുന്നതാണെന്ന് ചെയർമാൻ വ്യക്തമാക്കിയിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് ധാരണാപത്രത്തിൽ നിന്നും പിന്മാറുന്നതെന്നാണ് സൂചന. കിറ്റെക്സിനോട് സർക്കാരിനുള്ളത് രാഷ്ട്രീയ വിരോധമാണോയെന്ന ചോദ്യവും ഇതിനോടകം ഉയർന്നു വന്നു കഴിഞ്ഞു.
തീവ്രവാദികളെ പിടികൂടാനെന്നപോലെ പത്തും പതിനഞ്ചും വണ്ടികളിലായി 50 ലധികം ഉദ്യോഗസ്ഥസംഘമാണ് ഒരു മാസത്തിൽ പതിനൊന്ന് പ്രാവശ്യത്തിലേറെയായി കിറ്റെക്സിന്റെ പല യൂണിറ്റുകളിലും പരിശോധനയ്ക്കായി എത്തിയിരുന്നത്. 10,000ലേറെ പേര്‍ ജോലി ചെയ്യുന്ന ഫാക്‌ടറികളിലായിരുന്നു പരിശോധന. സ്‌ത്രീകള്‍ ഉള്‍പ്പെടെ 400ഓളം കമ്പനി തൊഴിലാളികളെ സംഘം ചോദ്യം ചെയ്തിരുന്നു. എന്നാൽ ചോദ്യം ചെയ്യലിൽ എന്താണ് കണ്ടെത്തിയതെന്നോ എന്തിനാണ് ചോദ്യം ചെയ്യലെന്നോ ഇതുവരെ വ്യക്തമല്ലെന്നാണ് ചെയർമാന്റെ ഭാഷ്യം.
20,000 പേര്‍ക്ക് തൊഴില്‍ ലഭിക്കുന്ന അപ്പാരല്‍ പാര്‍ക്ക്, തിരുവനന്തപുരം, എറണാകുളം, പാലക്കാട് എന്നിവിടങ്ങളില്‍ 600ഓളം പുതുസംരംഭകര്‍ക്ക് അവസരമേകുന്നതും 5,000 പേര്‍ക്ക് വീതം തൊഴില്‍ ലഭിക്കുന്നതുമായ മൂന്ന് വ്യവസായ പാര്‍ക്ക് എന്നിങ്ങനെ മൊത്തം 35,000 പേര്‍ക്ക് തൊഴില്‍ ലഭിക്കുന്ന പദ്ധതികളായിരുന്നു കമ്പനി മുന്നോട്ട് വെച്ചിരുന്ന വാഗ്ദാനം. പെട്ടന്നുള്ള ഈ പിന്മാറ്റത്തിലൂടെ കേരളത്തിന് നഷ്ടപ്പെടുന്നത് വൻ തൊഴിലവസരം കൂടെയാണ്.
Also Read:ഗാസിപ്പൂർ അതിർത്തിയിൽ സമരക്കാരുടെ പ്രകോപനം: പ്രവർത്തകർക്ക് നേരെ കല്ലെറിഞ്ഞ സമരക്കാരെ നേരിട്ട് ബിജെപി
കേരളത്തില്‍ സ്വകാര്യ മേഖലയില്‍ ഏറ്റവുമധികം പേര്‍ തൊഴിലെടുക്കുന്ന സ്ഥാപനമാണ് കിറ്റെക്സ്. അതിനാൽ തന്നെ വാഗ്ദാനം ചെയ്ത തൊഴിലവസരം നൽകാൻ കമ്പനിക്ക് കഴിയുമായിരുന്നു. എന്നാൽ, സർക്കാരിന്റെ നടപടികളിൽ മനംമടുത്തതാണ് പിന്മാറ്റമെന്ന് സാബു ജേക്കബ് പറയുമ്പോൾ തൊഴിൽ സ്വപനം കണ്ട അനവധി പേർക്ക് തിരിച്ചടിയാവുകയാണ്. അതുകൊണ്ട് തന്നെയാണ് ചെയർമാൻ മലയാളികളോട് ക്ഷമ ചോദിക്കുന്നതും. ‘കപട പരിസ്ഥിതിവാദികളും ചില ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരുമാണ് കേരളത്തിന്റെ പുരോഗതിക്ക് തടസം. എന്തിന് കേരളത്തില്‍ മുതല്‍ മുടക്കി റിസ്ക് എടുക്കണം? അതുകൊണ്ട് ഇനി മുന്നോട്ടില്ല. മലയാളികള്‍ ക്ഷമിക്കുക’, – സാബു ജേക്കബ് പറഞ്ഞു.
Post Your Comments