ന്യൂഡൽഹി : അഴിമതി എന്ന വാക്കിന്റെ പര്യായമാണ് തൃണമൂൽ കോൺഗ്രസും മമത ബാനർജിയുമെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദ. കഴിഞ്ഞ ദിവസം ബംഗാൾ ഗവർണറെ അഴിമതിക്കാരനെന്ന് വിളിച്ച് മമത ആക്ഷേപിച്ചിരുന്നു. ജെയിൻ ഹവാല കേസിൽ പേര് പരാമർശിച്ച വ്യക്തിയാണെന്നും അഴിമതിക്കാരനാണെന്നുമായിരുന്നു മമതയുടെ ആക്ഷേപം. ഇതിന്റെ പശ്ചാത്തലത്തിലാണ് നദ്ദയുടെ വാക്കുകൾ.
സംസ്ഥാനത്ത് നടന്ന രാഷ്ട്രീയ അക്രമങ്ങളിൽ തൃണമൂൽ ഗുണ്ടകൾക്കെതിരേ കടുത്ത നടപടികൾ സ്വീകരിക്കണമെന്ന നിലപാട് ഗവർണർ സ്വീകരിച്ചിരുന്നു. തെരഞ്ഞെടുപ്പിൽ വിജയിക്കുന്നതിന് മുൻപ് തന്നെ തൃണമൂൽ കോൺഗ്രസ് സംസ്ഥാനത്ത് അക്രമങ്ങൾ ആരംഭിച്ചിരുന്നു.
ബംഗാളിൽ നടന്നത് പോലെയുള്ള ആക്രമണങ്ങൾ ബിജെപി ഭരണ സംസ്ഥാനങ്ങളിലാണ് നടക്കുന്നത് എങ്കിൽ പ്രതിപക്ഷ പാർട്ടികൾ ഒന്നിച്ച് പ്രതിഷേധം നടത്തുമായിരുന്നുവെന്ന് ജെപി നദ്ദ പറഞ്ഞു. കേരളം, പുതുച്ചേരി, അസം, തമിഴ്നാട് എന്നീ പ്രദേശങ്ങളിലും നിയമസഭാ തെരഞ്ഞെടുപ്പ് നടന്നിരുന്നു. എന്നാൽ അവിടെയൊന്നും ഇത്തരത്തിൽ കലാപം നടന്നിട്ടില്ല. മറ്റ് സ്ഥലങ്ങളിൽ തൃണൂൽ കോൺ ഇല്ലാത്തത് കാരണമാണ് അക്രമം നടക്കാതിരുന്നത് എന്നും നദ്ദ പറഞ്ഞു.
Post Your Comments