Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
KeralaLatest NewsNews

ലോക്‌നാഥ് ബെഹ്‌റ തുടങ്ങിവെച്ച കാര്യങ്ങള്‍ തുടരും: അനില്‍കാന്തിന്റെ ആദ്യപ്രതികരണം ഇങ്ങനെ..

എ.ഡി.ജി.പി സ്ഥാനത്ത് നിന്നും നേരിട്ട് പൊലീസ് മേധാവിയാവുന്ന വ്യക്തിയാണ്. ദളിത് വിഭാഗത്തില്‍ നിന്നും സംസ്ഥാന പൊലീസ് മേധാവിയാവുന്ന ആദ്യത്തെ ഉദ്യോഗസ്ഥനാണ് അനില്‍കാന്ത്.

തിരുവനന്തപുരം: സ്ത്രീ സുരക്ഷക്ക് മുന്‍ഗണന നൽകുമെന്ന് സംസ്ഥാന ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയ്ക്ക് പകരം പുതുതായി ചുമതലയേറ്റ പൊലീസ് മേധാവി അനില്‍കാന്ത് ഐ.പി.എസ്. മുഖ്യമന്ത്രിക്കും പൊലീസ് വകുപ്പിനും നന്ദിയറിയിച്ച അനില്‍കാന്ത് ലോക്‌നാഥ് ബെഹ്‌റ തുടങ്ങിവെച്ച കാര്യങ്ങള്‍ തുടരുമെന്നും പ്രതികരിച്ചു. പൊലീസ് മേധാവിയായി ചുമതലയേറ്റ ശേഷമുള്ള ആദ്യപ്രതികരണമാണിത്.

‘എല്ലാവര്‍ക്കും നന്ദിയുണ്ട്. മുഖ്യമന്ത്രിക്കും നന്ദി. സ്ത്രീസുരക്ഷക്ക് മുന്‍ഗണന നല്‍കും. കുട്ടികളുടെ സുരക്ഷ ഉള്‍പ്പെടെയുള്ളവക്ക് പരിഗണന നല്‍കും. ലോക്‌നാഥ് ബെഹ്‌റ തുടങ്ങിവെച്ച കാര്യങ്ങള്‍ തുടരും. ഇതൊരു അഭിമുഖമല്ല, മറ്റുകാര്യങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്യാം.’- അനില്‍കാന്ത് പ്രതികരിച്ചു. മന്ത്രിസഭായോഗത്തിലാണ് അനില്‍കാന്തിനെ പുതിയ പൊലീസ് മേധാവിയായി തിരഞ്ഞെടുത്തുകൊണ്ടുള്ള തീരുമാനം ഉണ്ടായത്. എ.ഡി.ജി.പി സ്ഥാനത്ത് നിന്നും നേരിട്ട് പൊലീസ് മേധാവിയാവുന്ന വ്യക്തിയാണ്. ദളിത് വിഭാഗത്തില്‍ നിന്നും സംസ്ഥാന പൊലീസ് മേധാവിയാവുന്ന ആദ്യത്തെ ഉദ്യോഗസ്ഥനാണ് അനില്‍കാന്ത്.

1988 ബാച്ചിലെ ഐ.പി.എസ് ഓഫീസറായ അനില്‍കാന്ത് നിലവില്‍ റോഡ് സുരക്ഷാ കമ്മീഷണറാണ്. കേരളാകേഡറില്‍ എ.എസ്.പി ആയി വയനാട് സര്‍വ്വീസ് ആരംഭിച്ച അദ്ദേഹം തിരുവനന്തപുരം റൂറല്‍, റെയില്‍വേ എന്നിവിടങ്ങളില്‍ എസ്.പി ആയി പ്രവര്‍ത്തിച്ചു. തുടര്‍ന്ന് ന്യൂഡൽഹി, ഷില്ലോംങ് എന്നിവിടങ്ങളില്‍ ഇന്റലിജന്‍സ് ബ്യൂറോയില്‍ അസിസ്റ്റന്റ് ഡയറക്ടര്‍ ആയി. മടങ്ങി എത്തിയ ശേഷം കൊച്ചി സിറ്റി പോലീസ് കമ്മീഷണറായും മലപ്പുറം, എറണാകുളം ക്രൈംബ്രാഞ്ച് എന്നിവിടങ്ങളില്‍ എസ്.പി ആയും പ്രവര്‍ത്തിച്ചു. സ്‌പെഷ്യല്‍ ബ്രാഞ്ച്, തിരുവനന്തപുരം റേഞ്ച് എന്നിവിടങ്ങളില്‍ ഡി.ഐ.ജി ആയും സ്‌പെഷ്യല്‍ ബ്രാഞ്ച്, സ്റ്റേറ്റ് ക്രൈംബ്രാഞ്ച് എന്നിവിടങ്ങളില്‍ ഐ.ജി ആയും ജോലി നോക്കി. ഇടക്കാലത്ത് അഡിഷണല്‍ എക്‌സൈസ് കമ്മീഷണര്‍ ആയിരുന്നു. എ.ഡി.ജി.പി ആയി സ്ഥാനക്കയറ്റം ലഭിച്ച ശേഷം കേരള പോലീസ് ഹൗസിംഗ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ആന്റ് മാനേജിംഗ് ഡയറക്ടര്‍ ആയിരുന്നു. സ്റ്റേറ്റ് ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ എ.ഡി.ജി.പി ആയും പ്രവര്‍ത്തിച്ചു. ഫയര്‍ഫോഴ്‌സ് ഡയറക്ടര്‍ ജനറല്‍, ബറ്റാലിയന്‍, പോലീസ് ആസ്ഥാനം, സൗത്ത്‌സോണ്‍, ക്രൈംബ്രാഞ്ച് എന്നിവിടങ്ങളില്‍ എ.ഡി.ജി.പി ആയും ജോലി നോക്കി. ജയില്‍ മേധാവി, വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോ തലവന്‍, ഗതാഗത കമ്മീഷണര്‍ എന്നീ തസ്തികകളും വഹിച്ചിട്ടുണ്ട്.

Read Also: വിസ്മയ കേസ്: പ്രതി കിരണ്‍ കുമാറിന് കോവിഡ് സ്ഥിരീകരിച്ചു

വിശിഷ്ടസേവനത്തിനും സ്തുത്യര്‍ഹസേവനത്തിനുമുളള രാഷ്ട്രപതിയുടെ പോലീസ് മെഡല്‍ ലഭിച്ചിട്ടുണ്ട്. 64-ാമത് ആള്‍ ഇന്ത്യ പോലീസ് ഗെയിംസ് വിജയകരമായി സംഘടിപ്പിച്ചതിന് കമന്റേഷനും 2018 ല്‍ ബാഡ്ജ് ഓഫ് ഓണറും ലഭിച്ചു. പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദാനന്തര ബിരുദധാരിയാണ്. ഡല്‍ഹി സ്വദേശിയാണ്. പരേതനായ റുമാല്‍ സിംഗ് അച്ഛനും ശകുന്തള ഹാരിറ്റ് അമ്മയുമാണ്. ഭാര്യ പ്രീത ഹാരിറ്റ്, മകന്‍ റോഹന്‍ ഹാരിറ്റ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button