തിരുവനന്തപുരം: കേരളത്തിലെ പുതിയ പൊലീസ് മേധാവിയായി അനിൽ കാന്തിനെ തീരുമാനിച്ചു. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. മൂന്ന് പേരുടെ പട്ടികയിൽ നിന്നുമാണ് അനിൽകാന്തിനെ തിരഞ്ഞെടുത്തത്. ബി സന്ധ്യ, സുധേഷ് കുമാർ എന്നിവരെ പിന്തള്ളിയാണ് അനിൽകാന്ത് സംസ്ഥാന പോലീസ് മേധാവി ആകുന്നത്. നിലവിൽ റോഡ് സേഫ്റ്റി കമ്മീഷണർ ആണ് അനിൽ കാന്ത്. പട്ടിക വിഭാഗത്തിൽ നിന്ന് പോലീസ് മേധാവിയാകുന്ന കേരളത്തിലെ ആദ്യത്തെ ആളാണ് അനിൽ കാന്ത്. ഡൽഹി സ്വദേശിയാണ്.
ഉടൻ ഉത്തരവിറക്കും. ബെഹ്റയിൽ നിന്നും ബാറ്റൺ ഏറ്റുവാങ്ങി അനിൽ കാന്ത് പുതിയ പൊലീസ് മേധാവി ചുമതലയേൽക്കും. ഏഴു മാസമേ കാലാവധിയുള്ളൂ എന്നതും ഇദ്ദേഹത്തെ തിരഞ്ഞെടുക്കുന്നതില്‍ നിര്‍ണായകമായി. മുഖ്യമന്ത്രിയുടെ മുന്‍ പൊലീസ് ഉപദേഷ്ടാവ് രമണ്‍ ശ്രീവാസ്തവയുമായി ആത്മബന്ധമുള്ള വ്യക്തിയാണ് അനില്‍കാന്ത്. ഈ ബന്ധവും അദ്ദേഹത്തിന് തുണയായി എന്നാണ് പുറത്തുവരുന്ന സൂചനകള്‍. ഇന്ന് വൈകീട്ട് പൊലീസ് ആസ്ഥാനത്തെത്തുന്ന അനിൽകാന്ത് ബെഹ്‌റയിൽ നിന്നും ബാറ്റൺ സ്വീകരിക്കും.
ഡി.ജി.പിക്കൊപ്പം കാത്തിരിക്കുന്ന മറ്റൊരു നിയമനം ജോസഫൈന് പകരം വരുന്ന വനിതാ കമ്മീഷൻ അധ്യക്ഷ ആരെന്നതാണ്. സിപിഎം സംസ്ഥാന സമിതി അംഗവും ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റുമായ സൂസൻ കോടിയുടെ പേരിനാണ് പരിഗണന. സി എം സുജാത, ടി എൻ സീമ എന്നിവരുടെ പേരുകളും ഉയരുന്നുണ്ട്.
Post Your Comments