തിരൂരങ്ങാടി : സോഷ്യൽമീഡിയ വഴി പരിചയപ്പെട്ട പെൺകുട്ടിയെ ഓടുന്ന കാറിൽ വെച്ച് ലൈംഗികമായി പീഡിപ്പിച്ച മൂവർസംഘം പിടിയിൽ. കാസർകോട് കാഞ്ഞങ്ങാട് സ്വദേശി മണവാട്ടിവീട് മുഹമ്മദ് നിയാസ് (22), ചിത്താരി കുളിക്കാട് ഹൗസിലെ മുഹമ്മദ് ഷാഹിദ് (20), രാവണീശ്വരം മതിയംകോഡ് വീട്ടിലെ അബു താഹിർ (19) എന്നിവരെയാണ് പട്രോളിംഗിനിടെ പൊലീസ് പിടികൂടിയത്.
നിയാസ് ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട നന്നമ്പ്ര കുണ്ടൂർ സ്വദേശിനിയായ 17കാരിയുമായി കാറിൽ സഞ്ചരിക്കവേ, മമ്പുറം ഭാഗത്ത് വൺവേ തെറ്റിച്ചത് കണ്ട പൊലീസ് കാർ നിർത്താൻ ആവശ്യപ്പെടുകയായിരുന്നു. കാറിൽ മൂന്ന് യുവാക്കളെയും പർദ്ദധാരിയായ പെൺകുട്ടിയെയും സംശയാസ്പദമായ സാഹചര്യത്തിൽ കാണുകയും യുവാക്കൾ മലപ്പുറത്തെത്തിയത് സംബന്ധിച്ച് പരസ്പര വിരുദ്ധമായ മറുപടികൾ പറഞ്ഞതുമാണ് സംഘത്തെ കുടുക്കിയത്. നിയാസ് ആവശ്യപ്പെട്ടത് പ്രകാരം കൂട്ടുകാരിയുടെ വീട്ടിലേക്കെന്ന വ്യാജേനയാണ് വീടുവിട്ടിറങ്ങിയതെന്നും പെൺകുട്ടി പറഞ്ഞു.
ഏപ്രിൽ മുതൽ ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട നിയാസുമായി പ്രണയത്തിലാണെന്നും പെൺകുട്ടി പറഞ്ഞു. അയൽവാസിയും ബന്ധുവുമായ മറ്റൊരു പെൺകുട്ടിയുടെ മൊബൈൽ വഴിയാണ് ഇൻസ്റ്റഗ്രാമിലൂടെ നിയാസുമായി ബന്ധപ്പെടാറുള്ളതെന്നും ഓൺലൈൻ ക്ലാസിന് ഉപയോഗിക്കുന്ന മാതാവിന്റെ ഫോണിൽ വാട്സ് ആപ്പിലൂടെ വീഡിയോ കാൾ ചെയ്യാറുണ്ടെന്നും പെൺകുട്ടി പൊലീസിനോട് പറഞ്ഞു. കഴിഞ്ഞ വെള്ളിയാഴ്ച കൂട്ടുകാരിയുടെ വീട്ടിലേക്കെന്ന് പറഞ്ഞ് പെൺകുട്ടി നിയാസിനൊപ്പം കാറിൽ പോയി. ഈ സമയത്ത് പെൺകുട്ടിയെ നിയാസ് ലൈംഗികമായി പീഡിപ്പിച്ചിരുന്നു.
ചെമ്മാട് റൂം എടുത്തിട്ടുണ്ടെന്നും തിങ്കളാഴ്ച കാറുമായി വന്ന് വിളിക്കുമ്പോൾ ഇറങ്ങിവരണമെന്നും നിയാസ് പറഞ്ഞതായി പെൺകുട്ടി പറഞ്ഞു. തുടർന്ന് രാവിലെ 9.30 ഓടെ മൂവർസംഘം പെൺകുട്ടിയെ വീടിനടുത്തു വച്ച് കാറിൽ കയറ്റുകയും ചെമ്മാട്ടെ റൂമിലേക്കു കൊണ്ടുപോവുകയുമായിരുന്നു.
നിയാസും പെൺകുട്ടിയും കാറിന്റെ പിൻസീറ്റിലും ഷാഹിദും അബൂതാഹിറും മുന്നിലും കയറി. ഓടുന്ന കാറിൽ വച്ച് പെൺകുട്ടിയെ നിയാസ് ലൈംഗികമായി പീഡിപ്പിച്ചു. ഇങ്ങനെ വരുന്ന വഴിയാണ് മമ്പുറത്ത് വച്ച് കാർ പൊലീസിന്റെ ശ്രദ്ധയിൽപ്പെടുന്നത്. പെൺകുട്ടിയുടെ വീട്ടുകാരെ വിവരമറിയിച്ച് മാതാവിന്റെ സാന്നിധ്യത്തിൽ പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തി പോക്‌സോ നിയമപ്രകാരം പൊലീസ് കേസെടുത്തു.
Post Your Comments