തൃശൂര്‍: സ്ത്രീപീഡകരെ സംരക്ഷിക്കുന്ന പാര്‍ട്ടിയായി ഭരണത്തിന് നേതൃത്വം കൊടുക്കുന്ന സി.പി.എം മാറിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. സൈബറിടങ്ങളില്‍ സി.പി.എം ഗുണ്ടായിസത്തിന് നേതൃത്വം നല്‍കുന്നവര്‍ തന്നെയാണ് ഓരോ ക്രിമിനല്‍ കേസുകള്‍ പുറത്തുവരുമ്പോഴും പ്രതികളാകുന്നതെന്നും അദ്ദേഹം തൃശൂരില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
‘രാമനാട്ടുകരയിലെ സ്വര്‍ണകള്ളക്കടത്ത് പ്രതികള്‍ക്ക് ഏതെല്ലാം നേതാക്കളുമായി ബന്ധമുണ്ട്, ഏതെല്ലാം നേതാക്കളാണ് അവരെ സംരക്ഷിക്കുന്നത് എന്നതിലേക്ക് കൂടി അന്വേഷണം പോകണം. മുഖ്യമന്ത്രി ഇക്കാര്യത്തില്‍ അവലംബിക്കുന്ന മൗനം ഉപേക്ഷിച്ച് നിലപാട് വ്യക്തമാക്കണം.
ഒരുപരിധി കഴിഞ്ഞാല്‍ അന്വേഷണം മരവിപ്പിക്കുന്ന സമീപനമാണ് പാര്‍ട്ടി സ്വീകരിക്കുന്നത്. രാഷ്ട്രീയ കൊലപാതകം ചെയ്യുന്നവര്‍ക്കും, സ്വര്‍ണകള്ളക്കടത്തുകാര്‍ക്കും, സ്ത്രീപീഡകര്‍ക്കുമെല്ലാം സംരക്ഷണം നല്‍കുകയാണ് പാര്‍ട്ടി ചെയ്യുന്നതെന്നും’ വി.ഡി. സതീശന്‍ വിമർശിച്ചു.
‘കാസര്‍കോട് ജില്ലാ ആശുപത്രിയിലേക്ക് 450 അപേക്ഷകരുണ്ടായപ്പോള്‍ 100 പേരെ അഭിമുഖത്തിന് വിളിച്ചു. പെരിയ ഇരട്ടക്കൊലപാതക കേസിലെ ഒന്നാം പ്രതിയുടെ ഭാര്യക്ക് ഒന്നാം റാങ്കും, രണ്ടാം പ്രതിയുടെ ഭാര്യക്ക് രണ്ടും, മൂന്നാം പ്രതിയുടെ ഭാര്യക്ക് മൂന്നും റാങ്കുകള്‍ നല്‍കി ആ നിയമനത്തെ മുഴുവന്‍ അട്ടിമറിച്ചു. കൊലപാതകങ്ങളെ പരസ്യമായി പ്രോത്സാഹിപ്പിക്കുകയാണ് ചെയ്യുന്നതെന്നും’ വി ഡി സതീശൻ മാധ്യമങ്ങളോട് പറഞ്ഞു.
Post Your Comments