തിരുവനന്തപുരം: കേരളത്തിലെ സ്വര്‍ണ്ണകളളക്കടത്തിന്റെ പങ്കു പറ്റുന്നവരാണ് സിപിഎം എന്ന് തെളിഞ്ഞതായി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ബിജെപി സംസ്ഥാന സമിതി യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കള്ളക്കടത്തുകാരും അത് നിയന്ത്രിക്കുന്നവരും സിപിഎം നേതാക്കളാണെന്നതിന്റെ തെളിവുകളാണ് പുറത്ത് വരുന്നത്. കള്ളക്കടത്തുകാര്‍ക്കെതിരായ സിപിഎമ്മിന്റെ ധര്‍ണയും പദയാത്രയുമെല്ലാം നടത്തുന്നത് കള്ളക്കടത്തുകാരാണ്.
കേസിന്റെ അടിവേര് പോവുന്നത് എകെജി സെന്ററിലേക്കാണ്. ബിജെപിക്കെതിരെ കൊടകര കള്ളക്കേസെടുക്കാൻ ശ്രമിച്ച പിണറായി പോലീസിന്റെ അന്വേഷണം ചെന്നെത്തിയത് സഖാക്കളുടെ രാമനാട്ടുകര സ്വർണക്കടത്തു മാഫിയകളിലേക്കാണെന്നും അദ്ദേഹം പറഞ്ഞു. കൊട്ടേഷന്‍ സംഘങ്ങളുടേയും അധോലോക സംഘങ്ങളുടേയും സുരക്ഷിത കേന്ദ്രമായി കേരളം മാറിയതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് രാമനാട്ടുകര സംഭവം. സര്‍ക്കാരിന്റെ ഒത്താശയോടെയാണ് കള്ളക്കടത്ത് സംഘം വിലസുന്നത്. സുരക്ഷാ സംവിധാനങ്ങളുള്ള എയര്‍പോര്‍ട്ടിനടുത്ത് രണ്ട് അധോലോക സംഘങ്ങള്‍ ഏറ്റുമുട്ടിയിട്ടും ആഭ്യന്തര വകുപ്പ് അറിഞ്ഞില്ലെന്ന് പറയുന്നത് വിശ്വസിക്കാനാവില്ല.
തിരുവനന്തപുരം അന്താരാഷ്ട്ര കള്ളക്കടത്തിനെ പോലെ തന്നെ മലബാര്‍ മേഖലയിലെ സ്വര്‍ണ്ണക്കടത്തിന് പിന്നിലും സിപിഎമ്മാണ്. അന്വേഷണം സിപിഎമ്മിലേക്ക് വന്നതോടെ കുറ്റം കൊട്ടേഷന്‍ സംഘത്തിനെ പഴിചാരി രക്ഷപ്പെടാന്‍ ശ്രമിക്കുകയാണ് പാര്‍ട്ടി. 2017ല്‍ നല്ലളം പൊലീസ് രജിസ്റ്റര്‍ ചെയ്ത സ്വര്‍ണ്ണക്കള്ളക്കടത്ത് കേസ് ജയിലില്‍ നിന്നും കൊടി സുനി ആസൂത്രണം ചെയ്തതെന്ന് വ്യക്കതമായിട്ടും മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള ഇടപെടല്‍ കാരണം അന്വേഷണം നിലയ്ക്കുകയായിരുന്നു.
ലോക്ക്ഡൗണ്‍ കാലത്ത് കണ്ണൂരില്‍ നിന്നും ചെര്‍പ്പുളശ്ശേരിയില്‍ നിന്നും കൊടുവള്ളിയില്‍ നിന്നുമെല്ലാം എങ്ങനെയാണ് ഗുണ്ടാസംഘം കോഴിക്കോട് നഗരത്തിലും വിമാനത്താവളത്തിലുമെത്തുന്നത്? കണ്ണൂരില്‍ നിന്നെത്തിയ സംഘത്തിന് സിപിഎം ബന്ധമുണ്ട്. കണ്ണൂരില്‍ സിപിഎമ്മിന് വേണ്ടി ക്രിമിനല്‍ പ്രവര്‍ത്തനം നടത്തുന്നവരാണ് കോഴിക്കോട്ടെത്തിയത്. ചെര്‍പ്പുളശ്ശേരിയില്‍ നിന്നെത്തിയ സംഘത്തിന് ഡിവൈഎഫ്‌ഐയുമായും എസ്ഡിപിഐയുമായും ബന്ധമുണ്ട്. ചെര്‍പ്പുളശ്ശേരി നഗരസഭാ ചെയര്‍മാന്‍ സംഭവസ്ഥലത്തെത്തിയത് രാഷ്ട്രീയ ബന്ധത്തിന്റെ തെളിവാണ്. അപകടം നടന്നില്ലായിരുന്നെങ്കില്‍ പൊലീസിന്റെ നിഷ്ക്രിയത്വവും കള്ളക്കടത്തുകാരുമായുള്ള സഹകരണവും ആരും അറിയില്ലായിരുന്നു.
രാഷ്ട്രീയ പ്രവര്‍ത്തകരുടെ പേരില്‍ കള്ളക്കേസെടുക്കുന്ന സര്‍ക്കാര്‍ കള്ളക്കടത്തുകാര്‍ക്ക് ഒത്താശ ചെയ്യുകയാണ്. സഹകരണ ബാങ്ക് വഴിയാണ് സ്വര്‍ണ്ണക്കടത്ത് പണമിടപാട് നടന്നത്. സ്വര്‍ണ്ണക്കള്ളക്കടത്തുകാരന്‍ സിപിഎം ഗുണ്ട അര്‍ജുന്‍ ആയങ്കി കള്ളക്കടത്തിന് ഉപയോഗിച്ച കാര്‍ സിപിഎം നേതാവിന്റെതാണ്. പ്രമുഖ സഹകരണ സ്ഥാപനത്തിന്റെ ജീവനക്കാരനാണ് ഇയാള്‍. ഈ വാഹനം മാദ്ധ്യമങ്ങള്‍ സ്പോട്ട് ചെയ്തിട്ടും പൊലീസ് സഹകരണം കാരണമാണ് പിടികൂടുന്നത് വൈകിക്കാന്‍ പ്രതികള്‍ക്ക് സാധിച്ചത്.
ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി ഷാജിറാണ് ഇസ്ലാമിക് ബാങ്കിന്റെ നടത്തിപ്പുകാരന്‍. ഇയാള്‍ക്കും അര്‍ജുന്‍ ആയങ്കിയുമായി നല്ല ബന്ധമാണുള്ളത്. കേസ് സിപിഎമ്മിലെത്തുമെന്ന് മനസിലാക്കിയതു കൊണ്ടാണ് കണ്ണൂര്‍ ജില്ലാ സെക്രട്ടറി പത്രസമ്മേളനം നടത്തി പ്രതികളെ തള്ളിപ്പറഞ്ഞത്. മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള സിപിഎമ്മിന്റെ നേതാക്കളുടെ കൂടെ ഫോട്ടോയെടുക്കാന്‍ സ്വാതന്ത്യമുള്ളവരാണ് പ്രതികള്‍.
2018ല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് പൊലീസ് എടുത്ത സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രധാന പ്രതി കാശ്മീരില്‍ ഇന്ത്യന്‍ സൈന്യത്തിനെതിരെ യുദ്ധം ചെയ്തതിന് തടവ് ശിക്ഷ അനുഭവിക്കുന്ന തടിയന്റവിടെ നസീറാണ്. ആ കേസ് അട്ടിമറിച്ചതിന് പിന്നില്‍ സിപിഎം- ഇസ്ലാമിക തീവ്രവാദ സഖ്യമാണ്. കേരളത്തിലെ കൊട്ടേഷന്‍ സംഘങ്ങള്‍ എകെജി സെന്ററിനകത്തായത് കൊണ്ടാണ് അവരെ പിടികൂടാനാവാതെ പോകുന്നത്. ആകാശ് തില്ലങ്കേരി 2014 മുതല്‍ 17 വരെ എകെജി സെന്ററിലെ ജീവനക്കാരനായിരുന്നു. ഷുഹൈബിന്റെ മാത്രമല്ല തില്ലങ്കേരി വിനീഷിന്റെ കൊലപാതകത്തിന് പിന്നിലും ഇയാളാണെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments