ന്യൂഡല്‍ഹി: വാര്‍ത്തകള്‍ അറിയുന്നതിനു വേണ്ടി തന്റെ സെല്ലില്‍ ടി വി അനുവദിക്കണമെന്ന് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന ബി എസ് പി നേതാവ് മുഖ്ത്തര്‍ അന്‍സാരി കോടതിയില്‍ ആവശ്യപ്പെട്ടു. വ്യാജരേഖ ചമച്ച കുറ്റത്തിന് ജയിലില്‍ കഴിയുന്ന മുന്‍ അധോലോകനേതാവ് കൂടിയായ അന്‍സാരിയെ ബരാബാങ്കി ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിനു മുന്നില്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി ഹാജരാക്കിയപ്പോഴായിരുന്നു ഈ ആവശ്യം ഉന്നയിച്ചത്. ടി വി കൂടാതെ നടുവ് വേദനയുടെ ചികിത്സയ്ക്കായി ഫിസിയോതെറാപ്പിസ്റ്റിന്റെ സേവനവും അന്‍സാരി ആവശ്യപ്പെട്ടു.
താന്‍ നിരന്തരം ആവശ്യപ്പെട്ടിട്ടും തന്റെ ഈ ആവശ്യങ്ങളോട് ജയില്‍ അധികൃതര്‍ മൗനം പാലിക്കുകയാണെന്ന് അന്‍സാരി കോടതിയെ ബോധിപ്പിച്ചു. എന്നാല്‍ അന്‍സാരി ടി വി ആവശ്യപ്പെടുകയല്ല മറിച്ച് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ തന്നോട് കാണിക്കുന്ന വിവേചനം കോടതിക്കു മുന്നില്‍ കൊണ്ടു വരികയാണ് ചെയ്തതെന്ന് അന്‍സാരിയുടെ അഭിഭാഷകന്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു. യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ തന്റെ കക്ഷിയോട് ചിറ്റമ്മ നയമാണ് കാണിക്കുന്നതെന്നും അഭിഭാഷകന്‍ ആരോപിച്ചു.
ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സംസ്ഥാനത്തുള്ള എല്ലാ ജയിലുകളിലും പുറത്തെ വാര്‍ത്തകള്‍ അറിയുന്നതിനു വേണ്ടി ടി വി നല്‍കിയിട്ടുണ്ടെന്നും എന്നാല്‍ തനിക്ക് മാത്രം ഈ സൗകര്യം ലഭിക്കുന്നില്ലെന്നും അന്‍സാരി കോടതിയെ അറിയിച്ചു. കടുത്ത നടുവേദനയുള്ളതിനാല്‍ എല്ലാ ദിവസവും തന്റെ ഫിസിയോതെറാപിസ്റ്റിന്റെ സേവനം ജയിലില്‍ ലഭ്യമാക്കാന്‍ അനുവദിക്കണമെന്നും അന്‍സാരി പറഞ്ഞു. എല്ലാം കേട്ട ശേഷം അന്‍സാരിയുടെ ജുഡീഷ്യല്‍ കസ്റ്റഡി കോടതി ജൂലായ് 5 വരെ നീട്ടി.
Post Your Comments