ലക്‌നൗ: കോവിഡ് പരിശോധനയില്‍ റെക്കോര്‍ഡ് നേട്ടവുമായി ഉത്തര്‍പ്രദേശ്. കഴിഞ്ഞ ദിവസം മാത്രം 2.62 ലക്ഷം സാമ്പിളുകളാണ് പരിശോധിച്ചത്. രാജ്യത്ത് തന്നെ ഏറ്റവും കൂടുതല്‍ പരിശോധനകള്‍ നടത്തിയ സംസ്ഥാനം എന്ന നേട്ടവും യുപി സ്വന്തമാക്കി. ഇതുവരെ 5.7 കോടി സാമ്പിളുകളാണ് സംസ്ഥാനത്ത് പരിശോധനകള്‍ക്ക് വിധേയമാക്കിയത്.
കോവിഡിന്റെ ഡെല്‍റ്റ പ്ലസ് വകഭേദത്തെ പ്രതിരോധിക്കാന്‍ ആവശ്യമായ മുന്നൊരുക്കങ്ങള്‍ സംസ്ഥാനത്ത് ഏര്‍പ്പെടുത്തുകയാണ് യോഗി സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി ജീനോം സീക്വന്‍സിംഗ് പരിശോധന വര്‍ധിപ്പിച്ചിട്ടുണ്ട്. ഓഗസ്റ്റ് മാസം അവസാനത്തോടെ 10 കോടി വാക്‌സിന്‍ ഡോസുകള്‍ വിതരണം ചെയ്യാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇന്ന് രാവിലെ വരെയുള്ള കണക്കുകള്‍ പ്രകാരം സംസ്ഥാനത്ത് 3.04 കോടി ഡോസ് വാക്‌സിനാണ് വിതരണം ചെയ്തത്. ഇതില്‍ 2.61 കോടി ആളുകള്‍ ഒന്നാം ഡോസും 43.25 ലക്ഷം ആളുകള്‍ രണ്ടാം ഡോസും സ്വീകരിച്ചിട്ടുണ്ട്.
ഉത്തര്‍പ്രദേശിലെ വാക്‌സിനേഷന്‍ സെന്ററുകളുടെ എണ്ണം 10,000 ആക്കി ഉയര്‍ത്താന്‍ ആവശ്യമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചുവരികയാണ്. ഇതുവഴി ഡിസംബര്‍ മാസത്തോടെ സംസ്ഥാനത്തെ 18 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കാനാണ് യോഗി സര്‍ക്കാരിന്റെ തീരുമാനം. ജൂലൈ മാസത്തോടെ പ്രതിദിനം 10-12 ലക്ഷം ആളുകള്‍ക്ക് വാക്‌സിന്‍ നല്‍കാനും ഇത് ഓഗസ്റ്റില്‍ 12-20 ലക്ഷമാക്കി ഉയര്‍ത്താനുമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. നിലവില്‍ 116 ഓക്‌സിജന്‍ പ്ലാന്റുകളാണ് ഉത്തര്‍പ്രദേശിലുള്ളത്. 528 എണ്ണം കൂടി സ്ഥാപിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.
Post Your Comments